വത്തിക്കാന്‍ സിറ്റി: പരമ്പരാഗതമായി യേശുവിന്റെ തിരുഹൃദയത്തോടുള്ള ഭക്തിക്ക് സമര്‍പ്പിച്ചിരിക്കുന്ന ജൂണ്‍ മാസത്തില്‍ ലിയോ 14-ാമന്‍ പാപ്പയുടെ പേപ്പസിയിലെ ആദ്യ പ്രതിമാസ പ്രാര്‍ത്ഥനാ നിയോഗം പുറത്തുവിട്ടു. ‘ലോകം അനുകമ്പയില്‍ വളരട്ടെ’ എന്നതാണ് ദി പോപ്പ് വീഡിയോയിലൂടെ പുറത്തിറക്കിയ പാപ്പയുടെ ജൂണ്‍ മാസത്തിലെ പ്രാര്‍ത്ഥനാനിയോഗം.
‘നമ്മള്‍ ഓരോരുത്തരും യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും അവിടുത്തെ ഹൃദയത്തില്‍ നിന്ന് ലോകത്തോട് കരുണ കാണിക്കാന്‍ പഠിക്കാനും വേണ്ടി’ ലിയോ പാപ്പ നടത്തുന്ന പ്രാര്‍ത്ഥനയോടെയാണ് വീഡിയോ ആരംഭിക്കുന്നത്. തുടര്‍ന്ന് താഴെ നല്‍കിയിരിക്കുന്ന തിരുഹൃദയത്തോടുള്ള പ്രാര്‍ത്ഥനയും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
തിരുഹൃദയത്തോടുള്ള പ്രാര്‍ത്ഥന
കര്‍ത്താവേ, ഇന്ന് ഞാന്‍ അങ്ങയുടെ ആര്‍ദ്രഹൃദയത്തിലേക്ക് വരുന്നു, എന്റെ ഹൃദയത്തെ ജ്വലിപ്പിക്കുന്ന വാക്കുകള്‍ ഉള്ള അങ്ങയുടെ അടുക്കലേക്ക്, കുഞ്ഞുങ്ങളുടെയും ദരിദ്രരുടെയും മേലും, കഷ്ടപ്പെടുന്നവരുടെ മേലും, എല്ലാ മനുഷ്യ ദുരിതങ്ങളുടെയും മേലും കരുണ ചൊരിയുന്ന അങ്ങയുടെ അടുക്കലേക്ക്. ഞാന്‍ അങ്ങയെ കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നു…സുവിശേഷത്തില്‍ അങ്ങയെക്കുറിച്ച് ധ്യാനിക്കാനും…അങ്ങയോടൊപ്പമാകാനും അങ്ങില്‍ നിന്ന് പഠിക്കാനും… എല്ലാ ദാരിദ്ര്യത്തെയും തൊട്ടറിഞ്ഞ അങ്ങയുടെ കരുണയെ ആഴത്തില്‍ അനുഭവവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു…
അങ്ങേ ദിവ്യവും മാനുഷികവുമായ ഹൃദയത്തോടെ ഞങ്ങളെ അളവില്ലാതെ സ്‌നേഹിച്ചുകൊണ്ട്, അങ്ങ് ഞങ്ങള്‍ക്ക് പിതാവിന്റെ സ്‌നേഹം കാണിച്ചു തന്നുവല്ലോ.. എല്ലാ മക്കള്‍ക്കും അങ്ങയെ കണ്ടുമുട്ടാനുള്ള കൃപ നല്‍കണമേ…പ്രാര്‍ത്ഥനയിലും, ജോലിയിലും ജീവിതത്തിലെ എല്ലാ സാഹചര്യങ്ങളിലും അങ്ങയെ മാത്രം അന്വേഷിക്കാനായി ഞങ്ങളുടെ പദ്ധതികളെ മാറ്റണമേ, ലോകത്തെ കരുണയോടെ സേവിക്കാനുള്ള ദൗത്യത്തിനായി ഇന്ന് ഞങ്ങളെ അയയ്‌ക്കേണമേ, എല്ലാ ആശ്വാസത്തിന്റെയും ഉറവിടം അങ്ങ് തന്നെയാണല്ലോ. ആമേന്‍