വത്തിക്കാൻ സിറ്റി: പുതിയ പാപ്പയെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവിലെ ഒന്നാംഘട്ട വോട്ടെടുപ്പിൽ ഫലമില്ല. മൂന്നു മണിക്കൂറിലേറെ നീണ്ടുനിന്ന വോട്ടെടുപ്പുപ്രക്രിയയിൽ ആർക്കും മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടാനായില്ല. പാപ്പയെ തിരഞ്ഞെടുത്തിട്ടില്ലെന്നു സൂചിപ്പിക്കുന്ന കറുത്ത പുകയാണ് ഇറ്റാലിയൻ സമയം ഒൻപതു മണിയോടെ സിസ്റ്റീൻ ചാപ്പലിനു മുകളിൽ ഘടിപ്പിച്ച പുകക്കുഴലിൽ നിന്ന് ഉയർന്നത്. കറുത്ത പുകയാണെങ്കിൽ പാപ്പയെ തിരഞ്ഞെടുത്തിട്ടില്ലെന്നും വെളുത്ത പുകയാണെങ്കിൽ പാപ്പയെ തിരഞ്ഞെടുത്തു എന്നുമാണ് സൂചിപ്പിക്കുന്നത്. ഫലംകാത്ത് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ജനം രാത്രി വൈകിയും കാത്തുനിന്നു. മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ പാപ്പ തിരഞ്ഞെടുക്കപ്പെടുംവരെ ഇന്നുമുതൽ ദിവസവും 4 തവണ വോട്ടെടുപ്പു നടക്കും. 5 ഭൂഖണ്ഡങ്ങളിലും 71 രാജ്യങ്ങളിൽനിന്നുമായി വോട്ടവകാശമുള്ള 133 കർദിനാൾമാരാണു കോൺക്ലേവിൽ പങ്കെടുക്കുന്നത്. 89 വോട്ട് ലഭിക്കുന്നയാൾ കത്തോലിക്കാസഭയുടെ ഇടയനാകും. 2013 ൽ, രണ്ടാം ദിവസത്തെ അവസാനവട്ട വോട്ടെടുപ്പിലാണ് ഫ്രാൻസിസ് പാപ്പ തിരഞ്ഞെടുക്കപ്പെട്ടത്.