സ്റ്റോക്കോം∙ ജപ്പാനിൽ നിന്നുള്ള സന്നദ്ധ സംഘടനയ്ക്ക് ഇക്കൊല്ലത്തെ സമാധാന നൊബേൽ. നിഹോങ് ഹിദ്യാൻക്യോ എന്ന സംഘടനയ്ക്കാണ് പുരസ്കാരം. സംഘടനയുടെ ആണവായുധ വിമുക്ത ലോകത്തിനായുള്ള പ്രവർത്തനങ്ങളാണ് പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്. ഹിരോഷിമ നാഗസാക്കി അതിജീവിതരുടെ സംഘടനയാണ് നിഹോങ് ഹിദ്യാൻക്യോ. ഹിബാകുഷ എന്നും സംഘടന അറിയപ്പെടുന്നു. ആണവായുധങ്ങളില്ലാത്ത ഒരു ലോകം നേടാനുള്ള ശ്രമങ്ങള്‍ക്കും ആണവായുധങ്ങള്‍ ഇനിയൊരിക്കലും ഉപയോഗിക്കരുതെന്നുമുള്ള ആഹ്വാനത്തോടെയുമാണ് സംഘടന പ്രവർത്തിക്കുന്നത്. ആണവായുധങ്ങള്‍ മൂലമുണ്ടാകുന്ന നഷ്ടങ്ങളും കഷ്ടപ്പാടുകളും എങ്ങനെയാകുമെന്ന് മനസ്സിലാക്കാനും നിഹോങ് ഹിദ്യാൻക്യോ ആഗോളതലത്തില്‍ നമ്മെ സഹായിക്കുന്നുവെന്നും കമ്മിറ്റി പറഞ്ഞു. ലോകം ആണവയുദ്ധത്തിന്റെ നിഴലിൽ നിൽക്കുമ്പോൾ ആണവായുധ വിരുദ്ധ പ്രവർത്തനം നടത്തുന്ന സംഘടനയ്ക്ക് സമാധാനത്തിന്റെ നൊബേൽ ലഭിക്കുന്നത് ലോകസമാധാനത്തിന് ഏറെപ്രതീക്ഷയ്ക്ക് വകനൽകുന്നു.
നിഹോങ് ഹിദ്യാൻക്യോ
ഹിരോഷിമയിലെയും നാഗസാക്കിയിലെയും അണുബോംബ് സ്‌ഫോടനം അതിജീവിച്ചവരുടെ സംഘടനയാണിത്. അനുഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസ കാമ്പെയ്നുകള്‍ സൃഷ്ടിച്ചും, ആണവായുധങ്ങളുടെ വ്യാപനത്തിനും ഉപയോഗത്തിനും എതിരെ അടിയന്തര മുന്നറിയിപ്പുകള്‍ നല്‍കിക്കൊണ്ടും ലോകമെമ്പാടും ആണവായുധങ്ങള്‍ക്കെതിരെ വ്യാപകമായ എതിര്‍പ്പ് സൃഷ്ടിക്കാനും ഏകീകരിക്കാനും നിഹോങ് ഹിദ്യാൻക്യോ വലിയ പങ്കുവഹിക്കുന്നു.