പോങ്ങുംമൂട്: “വിദ്യാഭ്യാസമുന്നേറ്റത്തിലൂടെ വികസിത സമൂഹം” എന്ന ലക്ഷ്യപ്രാപ്തിക്കായി വിദ്യാർത്ഥികളും മാതാപിതാക്കാളും സജ്ജരാകുകയെന്ന സന്ദേശമുയർത്തി പേട്ട ഫെറോനയിൽ വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ തേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു. ഒക്ടോബർ 2, തിങ്കളാഴ്ച പോങ്ങുംമൂട് ഇടവക ഹാളിൽ പ്രവർത്തനാധിഷ്ടിതമായി നടന്ന സെമിനാറിൽ നിരവധി വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും പങ്കെടുത്തു.
വിദ്യാർത്ഥികൾക്ക് അവരുടെ വിദ്യാഭ്യാസ മേഖലയിൽ മികവ് പുലർത്താൻ തടസ്സമായി നില്ക്കുന്ന കാരണങ്ങളെ സെമിനാറിൽ ചർച്ച ചെയ്തു. സമൂഹമാധ്യമങ്ങളുടെ സ്വാധീനം, ലഹരിയുടെ കടന്നുവരവ്, കുടുംബാന്തരീക്ഷത്തിലും വിദ്യാലയങ്ങളിലുമൊക്കെ അനുഭവിക്കുന്ന മാനസിക പിരിമുറുക്കം, പരീക്ഷാ ഭയം, അലസത, ആത്മവിശ്വാസക്കുറവ് തുടങ്ങിയവ കുട്ടികളുടെ വിഭ്യാഭാസ മുന്നേറ്റത്തിന് തടസ്സം നിൽക്കുന്ന ഘടകങ്ങളാണെന്ന് ചർച്ചയിൽ പങ്കെടുത്തവർ വിലയിരുത്തി.
വിലയിരുത്തലിന്റെ പശ്ചാത്തലത്തിൽ താഴെപ്പറയുന്ന പരിഹാര നിർദ്ദേശങ്ങളും സെമിനാറിൽ ഉരുത്തിരിഞ്ഞു. ജീവിതം കെട്ടിപ്പടുക്കാനുള്ള വിദ്യാർത്ഥികളുടെ നിരന്തര പരിശ്രമവും, കഠിനാദ്ധ്വാനവും, മാതാപിതാക്കളും മക്കളും തമ്മിലുള്ള തുറന്ന സഭാഷണം, ഭവനത്തിൽ പൊതുവായ സ്ഥലത്തിരുന്ന് മാത്രമുള്ള ഇന്റർനെറ്റ്, മൊബൈൽ ഫോൺ, കമ്പ്യൂട്ടർ ഉപയോഗം, വിശ്വാസ ജീവിതം ആഴപ്പെടുത്തൽ തുടങ്ങി നിരവധി നിർദ്ദേശങ്ങൾ സെമിനാറിൽ ഉയർന്നുവന്നു.
സെയിന്റ് ജോസഫ്സ് ഹയർസെക്കന്ററി സ്കൂൾ അധ്യാപിക ശ്രീമതി സൗമ്യ നേതൃത്വം നല്കിയ സെമിനാറിൽ പേട്ട ഫെറോന വൈദീക കോ-ഓർഡിനേറ്റർ ഫാ. ലോറൻസ് കുലാസ്, ഫെറോന കൺവീനർ ശ്രീമതി ഷൈനി ജോസ്, ആനിമേറ്റർ ശ്രീമതി ശോഭ എന്നിവർ സന്ദേശങ്ങളും ആശംസകളും നല്കി.