വെട്ടുതുറ: തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ സന്യാസിനി സമൂഹമായ “ഹാൻഡ് മൈഡ്സ് ഓഫ് ഹോപ്പ്”-ലെ സമർപ്പിതർ നിത്യവ്രത വാഗ്ദാനവും പ്രഥമവ്രത വാഗ്ദാനവും നടത്തി. ഇന്ന് രാവിലെ വെട്ടുതുറ സെയിന്റ് സെബാസ്റ്റ്യൻ ദേവാലയത്തിൽ നടന്ന തിരുകർമ്മങ്ങൾക്ക് അതിരൂപതാധ്യക്ഷൻ മോസ്റ്റ്. റവ. ഡോ. തോമസ് ജെ. നെറ്റോ മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിച്ചു. അതിരൂപത സഹായ മെത്രാൻ റൈറ്റ്. റവ. ഡോ. ക്രിസ്തുദാസ് ആർ., എമിരിത്തൂസ് മെത്രാപ്പോലീത്ത അഭിവന്ദ്യ സൂസപാക്യം, കൊല്ലം രൂപത എമിരിത്തൂസ് മെത്രാൻ അഭിവന്ദ്യ സ്റ്റാൻലി റോമൻ, പ്രത്യാശയുടെ ദാസിമാർ സന്യാസ സമൂഹത്തിന്റെ സ്പിരിച്ച്വൽ ഡയറക്ടർ മോൺ. ജോർജ്ജ് പോൾ തുടങ്ങി അതിരൂപത വൈദികരും സഹകാർമികരായിരുന്നു.
ഹാൻഡ് മൈഡ്സ് ഓഫ് ഹോപ്പ് സന്യാസിനി സമൂഹത്തിലെ സിസ്റ്റർ ഡയാന സൂസപാക്യം, സിസ്റ്റർ മേരി ക്ലയർ, സിസ്റ്റർ ഹിൾഡ ജോൺ എന്നിവരാണ് നിത്യവ്രതവാഗ്ദാനം നടത്തിയത്. സിസ്റ്റർ സാന്ദ്ര ജെ ഫ്രാൻസിസ്, സിസ്റ്റർ അജീഷ്മ ക്ലീറ്റസ്, സ്റ്റാൻസി സ്റ്റാറി എന്നിവർ പ്രഥമവ്രത വാഗ്ദാനവും നടത്തി.
നിത്യവ്രത വാഗ്ദാനം നടത്തുന്ന സി.ഡയാന തിരുവനന്തപുരം അതിരൂപതയിൽ മാർത്താണ്ഡൻതുറ വ്യാകുലമാതാ ഇടവകയിൽ സൂസപാക്യത്തിന്റെയും ഇസ്പിരിത്ത് മേരിയുടെയും 7 മക്കളിൽ ആറാമത്തെ മകളാണ്. തലശ്ശേരി അതിരൂപതയിലെ പൈസക്കിരി ദൈവമാതാ ഇടവകയിൽ ജോണിന്റെയും മറിയത്തിന്റെയും എട്ടു മക്കളിൽ മൂന്നാമത്തെ മകളാണ് സിസ്റ്റർ മേരി ക്ലയർ. സിസ്റ്റർ ഹിൾഡ ജോൺ തലശ്ശേരി അതിരൂപതയിലെ ദൈവമാതാ ഇടവകയിൽ ജോണിന്റെയും മറിയത്തിന്റെയും എട്ടു മക്കളിൽ നാലാമത്തെ മകൾ.
പ്രഥമ വാഗ്ദാനം നടത്തുന്ന സിസ്റ്റർ സാന്ദ്ര ജെ ഫ്രാൻസിസ് മാർത്താണ്ഡൻതുറ വ്യാകുലമാതാ ഇടവകയിൽ ഫ്രാൻസിസ് സേവ്യറിന്റെയും ജസീന്തയുടെയും നാലു മക്കളിൽ മൂന്നാമത്തെ മകളാണ്. നീരോടി വിശുദ്ധ നിക്കോളാസ് ഇടവകയിൽ ക്ലീറ്റസിന്റെയും വനസ്ഥയുടെയും നാലു മക്കളിൽ മൂന്നാമത്തെ മകളാണ് സിസ്റ്റർ അജീഷ്മ ക്ലീറ്റസ്. ചമ്പാവ് കർമ്മല മാതാ ഇടവകയിൽ സ്റ്റാറിയുടേയും മേരിയുടെയും മൂന്നു മക്കളിൽ മൂത്തമകളാണ് സിസ്റ്റർ സ്റ്റാൻസി സ്റ്റാറി.