തിരുവനന്തപുരം: കനോഷ്യൻ സഭാ സ്ഥാപക കനോസിലെ വിശുദ്ധ മാഗ്ദലേനയുടെ 250-ാം ജന്മദിന വാർഷികത്തോടനുബന്ധിച്ച് കനോഷ്യൻ സന്യാസ ഭവനങ്ങളിലെ ചാപ്പലുകൾ സന്ദർശിച്ച് വ്യവസ്ഥകൾ പാലിച്ച് പ്രാർത്ഥിക്കുന്നവർക്ക് പൂർണ്ണദണ്ഡവിമോചനം പരിശുദ്ധ സിംഹാസനം പ്രഖ്യാപിച്ചിരിക്കുന്നു. 2024 മാർച്ച് 1 മുതൽ ഒക്ടോബർ 2 വരെയാണ് പൂർണ്ണ ദണ്ഡവിമോചനം പ്രാപിക്കാനുള്ള അവസരം.
ഫ്രാൻസിസ് പാപ്പ പ്രഖ്യാപിച്ച പൂർണ്ണ ദണ്ഡവിമോചനം പ്രാപിക്കാൻ അതിരൂപതയിലും ക്രമീകരണം ഒരുക്കിയിരിക്കുന്നതായി തിരുവനന്തപുരം അതിരൂപതാധ്യക്ഷൻ അഭിവന്ദ്യ തോമസ് ജെ. നെറ്റോ മെത്രാപ്പോലീത്ത തന്റെ സർക്കുലറിലൂടെ വിശ്വാസികളെ അറിയിച്ചു.
അതിരൂപതയിൽ ക്രമീകരിച്ചിരിക്കുന്ന കോൺവെന്റുകൾ
> സെന്റ്. ഫിലോമിന കോൺവെന്റ്, പൂന്തുറ
> ഫാത്തിമ കോൺവെന്റ്, തുമ്പ
> സെന്റ്. ജോസഫ് കോൺവെന്റ്, വെട്ടുതുറ
വ്യവസ്ഥകൾ
1) വര പ്രസാദത്തിലായിരിക്കുകയും, കത്തോലിക്ക സഭയുമായുള്ള പൂർണ്ണ ബന്ധത്തിലായിരിക്കുകയും വേണം.
2) കുമ്പസാരിച്ച് പാപമോചനം നേടിയിരിക്കണം.
3) ദിവ്യബലിയിൽ പങ്കെടുത്ത് ദിവ്യകാരുണ്യം സ്വീകരിക്കണം.
4) ഫ്രാൻസിസ് പാപ്പയുടെ നിയോഗത്തിനായി 1. സ്വർഗ്ഗ., 1. നന്മ. ചൊല്ലി പ്രാർത്ഥിക്കണം.
വിശുദ്ധിയിലേക്ക് വളരാനുള്ള ഈ അവസരം വിശ്വാസികൾ പ്രയോജനപ്പെടുത്തണമെന്നും മെത്രാപ്പോലീത്ത അഭ്യർത്ഥിച്ചു.