ബഹുമാനപ്പെട്ട വൈദികരെ, സന്യസ്തരെ, പ്രിയ സഹോദരരെ,
ഏപ്രില്‍ 30-ാം തീയതി പരിശുദ്ധ കന്യകാമറിയത്തിന്‍റെ മേയ് മാസാചരണത്തേയും കോവിഡ് മഹാമാരിയുടെ രൂക്ഷമായ വ്യാപനത്തെയും ഓര്‍മ്മിപ്പിച്ചുകൊണ്ട് ഒരു കത്ത് എഴുതിയത് ഓര്‍ക്കുന്നുണ്ടാകുമല്ലോ. നമ്മുടെ അതിരൂപതയിലെ നല്ലൊരു ശതമാനം ഇടവകകളും ആ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നത് കാണുന്നതില്‍ സന്തോഷമുണ്ട്. കുടുംബങ്ങളില്‍ ഭക്തിപൂര്‍വ്വം ജപമാലചൊല്ലി പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം തേടുന്നതും, യൗസേപ്പ് പിതാവിനോടുളള പ്രാര്‍ത്ഥന ചൊല്ലുന്നതും മനുഷ്യവംശത്തിന് മുഴുവന്‍ രക്ഷ നല്‍കുന്ന യേശുവിലുളള ആഴമായ വിശ്വാസവും ആശ്രയവും, പ്രാര്‍ത്ഥനയും നമുക്ക് തീഷ്ണതയോടെ തുടരാം. അങ്ങനെ ലോകമെമ്പാടും വ്യാപിച്ചുകൊണ്ടിരിക്കുന്ന കോവിഡ് മഹാമാരി എത്രയും വേഗം ശമിച്ച് സമാധാനവും സൗഖ്യവും സന്തോഷവും തിരികെ വരട്ടെയെന്ന് പ്രത്യാശിക്കാം. പ്രാര്‍ത്ഥനയോടൊപ്പം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കെ.സി.ബി.സി പുറപ്പെടുവിച്ച സര്‍ക്കുലറിന്‍റെ വെളിച്ചത്തില്‍ വേണ്ടത്ര മുന്‍കരുതലുകള്‍ ജാഗ്രതയോടെ സ്വീകരിക്കുന്നതിന് ചില കാര്യങ്ങള്‍ വീണ്ടും നിങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടു വരാന്‍ ആഗ്രഹിക്കുന്നു.
1)സര്‍ക്കാര്‍ നല്‍കുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ജീവിതശൈലി ക്രമീകരിക്കാനും, രോഗവ്യാപനം തടയാനുളള മാര്‍ഗ്ഗങ്ങളും അവലംബിക്കുക.
2)കോവിഡ് വ്യാപനം തടയുന്നതിന് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുളള മാസ്ക്ക്, സാനിറ്റൈസര്‍ എന്നിവയുടെ ഉപയോഗവും ആവശ്യമായ സാമൂഹ്യ അകലവും പാലിക്കണം.
3)നമ്മുടെ ഇടവകകളില്‍ യുവജനങ്ങളുടെയും സാമൂഹ്യശുശ്രൂഷ പ്രതിനിധികളുടെയും നേതൃത്വത്തില്‍ ഒരു ടാസ്ക്ക് ഫോഴ്സ് രൂപീകരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും, അസുഖം വന്നവരെ ചികിത്സിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുന്നതിനും, വാക്സിനേഷന്‍റെ രജിസ്ട്രേഷന്‍ ചെയ്യുന്നതിനും വേണ്ട ക്രമീകരണങ്ങള്‍ സ്വീകരിക്കുക.
4)കിടപ്പ് രോഗികളേയും പ്രായമായവരെയും ശ്രദ്ധയോടെ പരിപാലിക്കേണ്ടതും അവരുടെ ആവശ്യങ്ങള്‍ക്ക് സഹായം നല്‍കേണ്ടതും നമ്മുടെ കടമയാണ്. അതിനായി ഇടവക തലത്തില്‍ ക്രിയാത്മകമായ ക്രമീകരണങ്ങള്‍ ചെയ്യുന്നത് ഉചിതമായിരിക്കും.
5)മത്സ്യബന്ധനം, വിപണനം എന്നീ മേഖലകളില്‍ ജനസമ്പര്‍ക്കം നിയന്ത്രിക്കുന്നതിനാവശ്യമായ നടപടികള്‍ ഇടവക വികാരിമാരുടെ നേതൃത്വത്തില്‍ സ്വീകരിക്കുക.
6)സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന പ്രവര്‍ത്തകര്‍ക്കായുളള പ്രതിരോധ ഉപകരണങ്ങള്‍ ആവശ്യമുണ്ടെങ്കില്‍ അതിരൂപത സാമൂഹ്യശുശ്രൂഷയെ ബന്ധപ്പെടുക. സാധ്യമാകുന്ന വിധത്തില്‍ അവ ലഭ്യമാക്കുന്നതാണ്.
7)ചെറിയ തോതിലുളള രോഗലക്ഷണങ്ങള്‍ ഉളളവര്‍ക്ക് ടെലിഫോണ്‍ വഴി ചികിത്സാ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ജൂബിലി ഹോസ്പിറ്റല്‍ സന്നദ്ധമാണ്. രാവിലെ 10 മുതല്‍ 12 വരെയും വൈകുന്നേരം 4 മുതല്‍ 6 വരെയും പ്രസ്തുത സേവനം ലഭ്യമാണ് (Phone. 0471-4005300).
8)പി.ഒ.സി കേന്ദ്രീകൃതമായി കെ.സി.ബി.സി കോവിഡ് പ്രതിരോധ പ്രവര്‍ത്തന ഏകോപനസമിതി പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഈ സമിതിയുമായി ജനങ്ങള്‍ക്കു ബന്ധപ്പെടാവുന്ന ഫോണ്‍ നമ്പറുകള്‍ ഇവയാണ്: 9072822364, 9072822365, 9072822366, 9072822367, 9072822368, 9072822370.
9)?മാനസിക സംഘര്‍ഷങ്ങളും വെല്ലുവിളികളും നേരിടുന്നവര്‍ക്ക് ആവശ്യമായ ടെലി കൗണ്‍സിലിംഗ് കുടുംബ ശുശ്രൂഷവഴി നല്‍കി വരുന്നു. അതിനായി ഫെറോനതലത്തില്‍ ഇപ്പോള്‍ ലഭ്യമായ ക്രമീകരണങ്ങള്‍ ഉപയോഗിക്കാവുന്നതാണ് (Phone. 9400101044).
10)അജപാലന-മീഡിയ കമ്മീഷനുകളുടെ നേതൃത്വത്തില്‍ രാവിലെ 6.30 നു അനുദിന ദിവ്യബലി ഓണ്‍ലൈന്‍ (https://www.youtube.com/archtvm; www.facebook.com/archtvm) ആയി നല്‍കുന്നുണ്ട്.
11)ബി.സി.സി, കുടുംബശുശ്രൂഷകളുടെ നേതൃത്വത്തില്‍ ആരംഭിച്ച മെയ് മാസ ജപമാലയജ്ഞത്തില്‍ നമ്മുടെ കുടുംബങ്ങളെല്ലാം പങ്കെടുത്തു കോവിഡ് എന്ന മഹാമാരിക്കെതിരെ പ്രാര്‍ത്ഥനയിലൂടെ പോരാടുവാന്‍ കുടുംബങ്ങളെ ഉദ്ബോധിപ്പിക്കേണ്ടതാണ്.
12)അജപാലന ശുശ്രൂഷ മതബോധന ക്ലാസ്സുകള്‍ വീഡിയോ ആയി ചിത്രീകരിച്ച് ഓരോ ആഴ്ചയും അയയ്ക്കുന്നതാണ്. അവ നമ്മുടെ കുട്ടികള്‍ക്ക് ലഭ്യമാക്കാനുളള ക്രമീകരണങ്ങള്‍ ചെയ്യുമല്ലോ.
13)അതിരൂപത വിദ്യാഭ്യാസ ശുശ്രൂഷ ഈ വര്‍ഷം പത്താം ക്ലാസ്സിലും, പ്ലസ് ടു വിലും പരീക്ഷ എഴുതിയ എല്ലാ കുട്ടികളുടെയും നമ്പറുകള്‍ ശേഖരിച്ച് വിവിധ വാട്ട്സാപ്പ് ഗ്രൂപ്പുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. അവര്‍ക്ക് കരിയര്‍ ഗൈഡന്‍സ് ക്ലാസ്സുകള്‍, വിവിധ കോഴ്സുകളിലേക്കുളള പ്രവേശന നടപടികള്‍ എന്നിവയടങ്ങുന്ന നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത് പ്രയോജനപ്പെടുത്താന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുക.
14)ആരാധനാനുഷ്ഠാനങ്ങളില്‍ സംബന്ധിക്കുന്നവരുടെ എണ്ണത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം വിട്ടുവീഴ്ചയില്ലാതെ പാലിച്ചുകൊണ്ട് സിവില്‍ അധികാരികളുമായി സഹകരിക്കേണ്ടതാണ്.
15)സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയ ന്യൂനമര്‍ദ്ദം മൂലമുളള ടൗട്ടേ ചുഴലിക്കാറ്റും അതിശക്തമായ മഴയും കടല്‍ക്ഷോഭവും ഇതിനോടകം എല്ലാവര്‍ക്കും അറിവുളളതാണല്ലോ. ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കുകയും സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി സുരക്ഷിതരായിരിക്കാനും ശ്രദ്ധിക്കുമല്ലോ. അടിയന്തിരമായ ആവശ്യങ്ങള്‍ക്ക് അതിരൂപത സാമൂഹ്യശുശ്രൂഷയുമായി ബന്ധപ്പെടാനും ഓര്‍മ്മിപ്പിക്കുന്നു.
മേല്‍പ്പറഞ്ഞ നിര്‍ദ്ദേശങ്ങളും സൗകര്യങ്ങളും പ്രയോജനപ്പെടുത്തിക്കൊണ്ട് ദൈവത്തോട് ചേര്‍ന്ന് നില്‍ക്കാനും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കൈകോര്‍ക്കാനും നമുക്ക് പ്രതിജ്ഞാബദ്ധരാകാം. ഭയപ്പെടേണ്ട, ഞാന്‍ നിങ്ങളോട് കൂടെയുണ്ട് എന്ന വചനം നമുക്ക് ശക്തി പകരട്ടെ. അസ്വസ്ഥരായ ശിഷ്യന്‍മാരോട് പറഞ്ഞ വചനങ്ങള്‍ യേശു ഇന്ന് നമ്മെ നോക്കി ആവര്‍ത്തിക്കുന്നു. “നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട, ദൈവത്തില്‍ വിശ്വസിക്കുവിന്‍, എന്നിലും വിശ്വസിക്കുവിന്‍” (യോഹ.14:1). കാറ്റിനേയും കടലിനേയും ശാന്തമാക്കിയവന്‍, മനുഷ്യകുലത്തിന്‍റെ രക്ഷകന്‍ നമ്മേയും ലോകം മുഴുവനെയും സംരക്ഷിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.
സ്നേഹത്തോടെ, പ്രാര്‍ത്ഥനയോടെ,
ക്രിസ്തുദാസ് ആർ +
തിരുവനന്തപുരം അതിരൂപതാ സഹായമെത്രാന്‍