അർജൻറീന: അർജൻറീന സ്വദേശിനിയായ വാഴ്ത്തപ്പെട്ട മരിയ അന്തോണി ദെ പാസ് യി ഫിഗെറോവയെ മാർപ്പാപ്പാ ഞായറാഴ്ച വിശുദ്ധയായി പ്രഖ്യാപിക്കും. ലൂർദ്ദ്നാഥയുടെ തിരുനാളും മുപ്പത്തിരണ്ടാം ലോക രോഗീദിനവും ആചരിക്കപ്പെടുന്ന പതിനൊന്നാം തീയതി ഞായറാഴ്ച വത്തിക്കാനിൽ വിശുദ്ധ പത്രോസിൻ്റെ ബസിലിക്കയിൽ കർദ്ദിനാളന്മാരും മെത്രാന്മാരും വൈദികരുമുൾപ്പടെ ഇരുന്നൂറ്റിയെഴുപത്തഞ്ചോളം സഹകാർമ്മികരുമൊത്ത് തൻറെ മുഖ്യകാർമ്മികത്വത്തിൽ അർപ്പിക്കപ്പെടുന്ന ദിവ്യബലി മദ്ധ്യേയായിരിക്കും ഫ്രാൻസീസ് പാപ്പാ, വാഴ്ത്തപ്പെട്ടവളായ മരിയ അന്തോണിയയെ സഭയിലെ വിശുദ്ധരുടെ ഗണത്തിൽ ഔദ്യോഗികമായി ചേർക്കുക.
ദിവ്യരക്ഷകൻറെ പുത്രികൾ എന്ന സന്ന്യാസിനി സമൂഹത്തിൻ്റെ സ്ഥാപകയാണ് വിശുദ്ധ യൗസേപ്പിൻ്റെ മരിയ അന്തോണിയ എന്ന് ഇന്നറിയപ്പെടുന്ന വാഴ്ത്തപ്പെട്ട മരിയ അന്തോണി ദെ പാസ് യി ഫിഗെറോവ. പാപ്പായുടെ ജന്മനാടായ, അർജൻറീനയിലെ തുക്കുമാൻ പ്രവിശ്യയിൽ 1730-ലാണ് മരിയ അന്തോണിയയുടെ ജനനം. അവളുടെ ബാല്യത്തെക്കുറിച്ച് വിവരങ്ങൾ ലഭ്യമല്ലെങ്കിലും കൗമാരത്തിലേക്കു കടന്നപ്പോൾ പ്രാർത്ഥനയിലും ഉപവിപ്രവർത്തനത്തിലും സജീവമായി അവൾ രംഗത്തുവന്നു. ഒരു സന്ന്യാസസമൂഹത്തിൽ ചേരാതെതന്നെ അവൾ കന്യകാവ്രതം അനുഷ്ഠിക്കുകയും ഇശോസഭായുടേതു പോലുള്ള ഒരു വസ്ത്രധാരണ രീതി അവലംബിക്കുകയും ചെയ്തു.
ഇശോസഭാവൈദികരുടെ ആദ്ധ്യാത്മികോപദേശം സ്വീകരിച്ച് അവൾ യുവതികളുടെ ചെറു സംഘം രൂപികരിക്കുകയും വിശുദ്ധ ഇഗ്നേഷ്യസ് ലൊയൊളയുടെ ധ്യാന രീതി അവലംബമാക്കി ധ്യാനങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു പോന്നു. വാഴ്ത്തപ്പെട്ട മരിയ അന്തോണിയ 1786-ൽ ബുവെനോസ് അയിറെസിൽ എത്തുകയും ഒരു ധ്യാന കേന്ദ്രത്തിനു തുടക്കം കുറിക്കുകയും ചെയ്തു. ഇതായിരുന്നു ദിവ്യരക്ഷകൻ്റെ പുത്രികൾ എന്ന സന്ന്യാസിനീസമൂഹത്തിൻ്റെ തുടക്കം.
1799 മാർച്ച് 7-ന് അറുപത്തിയൊമ്പാതാമത്തെ വയസ്സിൽ, ബുവെനോസ് അയിറെസിൽ വച്ച് മരണമടഞ്ഞ മരിയ അന്തോണി ദെ പാസ് യി ഫിഗെറോവയെ ഫ്രാൻസീസ് പാപ്പാ 2016 ആഗസ്റ്റ് 27-ന് വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. “മാമ അന്തൂള” എന്നും അറിയപ്പെടുന്ന വാഴ്ത്തപ്പെട്ട മരിയ അന്തോണിയ അർജൻറീനയിൽ വിശുദ്ധ പദത്തിലേക്കുയർത്തപ്പെടുന്ന ആദ്യത്തെ മഹിളയാണ്.