തിരുവനന്തപുരം: കേരളത്തിന്റെ ഫുട്ബോൾ അഭിമാനത്തിന് മറ്റൊരു തിളക്കം. തിരുവനന്തപുരം ജില്ലയിലെ പുല്ലുവിള സെൻറ് ജേക്കബ് ചർച്ച് ഇടവകാംഗമായ ബിജോയ് വർഗീസ് ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2000 മാർച്ച് 14-ന് തിരുവനന്തപുരം ജില്ലയിൽ വർഗീസ് – ബിയാട്രസ് ദമ്പതികളുടെ മകനായി ജനിച്ച ബിജോയ്, പ്രതിരോധനിരയിലെ കരുത്തനായ ഡിഫെൻഡർ ആണ്. നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ പഞ്ചാബ് എഫ്.സിക്കുവേണ്ടി കളിക്കുന്നു.
കടപ്പുറത്തെ കലാസാഹർ സ്പോർട്സ് & ആർട്സ് ക്ലബ്ബിലൂടെയാണ് ബിജോയിയുടെ ഫുട്ബോൾ യാത്ര തുടങ്ങുന്നത്. കേരള പ്രീമിയർ ലീഗിലെ മികച്ച പ്രകടനം അദ്ദേഹത്തിന് വഴിത്തിരിവായി. 2021-ൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി ടീമിൽ അവസരം ലഭിച്ചു. ഡുറന്റ് കപ്പിലൂടെയും ഐ.എസ്.എല്ലിലൂടെയും പ്രൊഫഷണൽ അരങ്ങേറ്റം കുറിച്ചു. കേരള ബ്ലാസ്റ്റേഴ്സിനു ശേഷം നിലവിൽ പഞ്ചാബ് എഫ്.സിക്കായി കളിക്കുന്ന ബിജോയ്, ക്ലബ്ബിനായി സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ചതാണ് ദേശീയ ടീം സെലക്ഷനിലേക്ക് വഴിതുറന്നത്. പുല്ലുവിള സെൻറ് ജേക്കബ് ഇടവകയുടെയും തിരുവനന്തപുരത്തിന്റെയും അഭിമാനമാണ് ബിജോയിയുടെ നേട്ടം.
