പാളയം: അഗോള സഭയിൽ 2025 വർഷം ജൂബിലി വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ലത്തീൻ അതിരൂപതയിലും ജൂബിലി വർഷാചരണത്തിന് തുടക്കമായി. അതിരൂപതാദ്ധ്യക്ഷൻ തോമസ് ജെ. നെറ്റോ മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ സെന്റ് ജോസഫ് മെട്രോപൊളിറ്റൻ കത്ത്രീഡ്രൽ ദേവാലയത്തിൽ നടന്ന തിരുകർമ്മങ്ങളുടെ മധ്യേ ജൂബിലി ലോഗോ പ്രകാശനം ചെയ്തുകൊണ്ടാണ് ജൂബിലി വർഷത്തിന് തുടക്കംകുറിച്ചത്. ഇതിന് മുന്നോടിയായി പാളയം കത്തീഡ്രൽ ദേവാലയത്തിലെ വേളാങ്കണ്ണി മാതാ കുരിശടിയിൽ ഫ്രാൻസീസ് പാപ്പായുടെ ജൂബിലി വിളംബരം അതിരൂപതാ ചാൻസിലർ ഫാദർ ജോസ് ജി. വായിച്ചു. തുടർന്ന് ജൂബിലി പ്രയാണത്തിനുള്ള കുരിശ് രൂപവുമേന്തി പ്രദക്ഷിണമായി കത്തീഡ്രൽ ദേവാലയത്തിലെ പ്രധാന കവാടത്തിലൂടെ പ്രവേശിച്ചാണ് ജൂബിലി ദിവ്യബലിക്ക് ആരംഭം കുറിച്ചത്.
ദിവ്യബലി മദ്ധ്യേ തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ ജൂബിലി ലോഗോ തോമസ് ജെ. നെറ്റോ പിതാവ് പ്രകാശനം ചെയ്തു. “വിശുദ്ധ കൊച്ചുത്രേസ്യയുടെ കരംപിടിച്ച് പ്രത്യാശയുടെ തീർത്ഥാടകർ ആകാം” എന്നതാണ് ആപ്തവാക്യം . പ്രദേശിക സഭയായ അതിരൂപതയുടെ മദ്ധ്യസ്ഥയായ വിശ്രുദ്ധ കൊച്ചുത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചതിൻ്റെ ശദാബ്തിയോടനുബന്ധിച്ചാണ് ഈ വാക്യം തിരഞ്ഞെടുത്തത്. പ്രത്യശയുടെ പ്രാധാന്യത്തെപ്പറ്റിയും പ്രത്യശയുടെ തീർത്ഥാടനം കുടുംബങ്ങളിൽ ആരംഭിക്കണമെന്നും ആർച്ച് തോമസ് ജെ. നെറ്റോ പറഞ്ഞു. തുടർന്ന് അതിരൂപതാ വികാർ ജനറൽ ഫാ. യൂജിൻ എച്ച്. പെരേര എല്ലാവർക്കും നന്ദി പറഞ്ഞു. പാളയം ഇടവക വികാരി ഫാദർ വിൽഫ്രസ് 60-ാംജന്മദിനമാഘോഷിച്ചതോമസ് ജെ. നെറ്റോ പിതാവിന് ആശംസകളർപ്പിച്ചു. 2025 ജനുവരി 5-ന് ഇടവകകളിൽ ജൂബിലി വർഷചരണത്തിന് തുടക്കംകുറിക്കും.