വട്ടിയൂർക്കാവ്: ബൈബിൾ പാരായണ മാസത്തോടനുബന്ധിച്ച് ഇടവകയിൽ സമ്പൂർണ്ണ ബൈബിൾ വായന വട്ടിയൂർക്കാവ് ലിറ്റിൽ ഫ്ലവർ ഇടവക സംഘടിപ്പിച്ചു. ബൈബിളിലെ 73 പുസ്തകങ്ങളും 100 ഭാഗങ്ങളായി തിരിച്ച് ഇടവകയിലെ 100 വിശ്വാസികൾ ഒരേ സമയം അവർക്ക് നല്കപ്പെട്ട വചനഭാഗങ്ങൾ വായിക്കുകയായിരുന്നു. കുട്ടികൾ, യുവതിയുവാക്കൾ മുതിർന്നവർ എന്നീ വിവിധ തലത്തിലുള്ളവർ സമ്പൂർണ്ണ ബൈബിൾ പാരായണ യജ്ഞത്തിൽ പങ്കുകാരായി.
ഡിസംബർ 29 ഞായറാഴ്ച തിരുക്കുടുംബ തിരുനാൾ ദിനത്തിൽ നടന്ന പരിപാടിക്ക് ഇടവക വികാരി ഫാ.ലോറൻസ് കുലാസ്, അജപാലന ശുശ്രൂഷ കൺവീനർ ശ്രീ. ജോയി, മതബോധന പ്രഥമ അധ്യാപകൻ ശ്രീ. സെൽവൻ, മതബോധന അധ്യാപിക ശ്രീമതി സെലിൻ എന്നിവർ ഈ സംരഭത്തിന് നേതൃത്വം നല്കി. ഓരോ വിശ്വാസിയും ഓരോ നിയോഗത്തോടെയാണ് ഈ സമ്പൂർണ്ണ ബൈബിൾ പാരായണത്തിൽ പങ്കു ചേർന്നത്. ഒരു മണിക്കൂർ നേരം ബൈബിളുമായി അടുക്കാൻ കഴിഞ്ഞെന്നും ഇതുവരെയും വായിക്കാത്ത വചനഭാഗങ്ങൾ വായിക്കാൻ കഴിഞ്ഞെന്നും ശാന്തമായി ദൈവം നമ്മോട് സംസാരിക്കുന്നത് ശ്രവിക്കാൻ കഴിഞ്ഞെന്നും സമ്പൂർണ്ണ ബൈബിൾ വായനയിൽ പങ്കെടുത്തവർ പറഞ്ഞു.
ഇടവകയിൽ ബൈബിൾ പാരായണ മാസത്തോടനുബദ്ധിച്ച് എല്ലാ ദിവസവും ബൈബിൾ വായന, ബൈബിൾ ഞായർ ആഘോഷം, സങ്കീർത്തനാലാപനം, ബൈബിൾ പുസ്തകങ്ങൾ ഗാനരൂപത്തിൽ ആലപിക്കൽ, ബൈബിൾ വചനങ്ങൾ എഴുതി കൈയിലേന്തി കുട്ടികളുടെ റാലി എന്നിവ സംഘടിപ്പിച്ചു.