വത്തിക്കാൻ: ജപമാല മാസമായ ഒക്ടോബർ ഒന്നാം തീയതി, പ്രാദേശിക സമയം വൈകുന്നേരം അഞ്ചു മണിക്ക്, വത്തിക്കാൻ ഉദ്യാനത്തിൽ വച്ച്, റോമിലെ സ്കൂളുകളിൽ നിന്നും ഇടവകകളിൽ നിന്നുമുള്ള ആയിരക്കണക്കിന് കുട്ടികൾക്കൊപ്പം, ലിയോ പതിനാലാമൻ പാപ്പാ, ജപമാലപ്രാർത്ഥനയിൽ പങ്കുചേരും. ലോകമെമ്പാടുമുള്ള ഏവരുമായും ആത്മീയമായ കൂട്ടായ്മയിലാണ് പരിശുദ്ധ പിതാവ് പ്രാർത്ഥന ചൊല്ലുന്നത്. ഇരുപത് വർഷത്തിലേറെയായി, ‘ക്ലേശിക്കുന്ന സഭകൾക്കുള്ള സഹായം'(Aid to Church in Need) സംഘടനയുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന, “ഒരു ദശലക്ഷം കുട്ടികൾ ജപമാല ചൊല്ലുന്നു” എന്ന ലോക പ്രാർത്ഥനാ വാരത്തിന്റെ തുടക്കം കുറിക്കുന്നതാണ് ഈ പരിപാടി .
ഒക്ടോബർ 1 മുതൽ 7 വരെ ഒരു ആഴ്ച മുഴുവൻ ഈ പ്രാർത്ഥനാവാരം നീണ്ടുനിൽക്കും. ഒക്ടോബർ 7-ന്, ജപമാല മാതാവിന്റെ തിരുനാളിൽ, ഈ ആഴ്ച അവസാനിക്കും. ഇതിനിടയിലുള്ള സൗകര്യപ്രദമായ സമയം തിരഞ്ഞെടുത്തുകൊണ്ട്, ലോകമെമ്പാടുമുള്ള രൂപതകൾ, ഇടവകകൾ, സ്കൂളുകൾ, സമൂഹങ്ങൾ , കുടുംബങ്ങൾ എന്നിങ്ങനെ വിവിധ തലങ്ങളിൽ കുട്ടികളെ കൊണ്ട് ജപമാല ചൊല്ലിക്കുവാൻ സംഘടന ഏവരെയും പ്രോത്സാഹിപ്പിക്കുന്നു.
2026 ലെ ഈ പ്രാർത്ഥനാവാരം ഫാത്തിമയിലെ സന്ദേശത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്: “അവസാനം, എന്റെ വിമലഹൃദയം വിജയിക്കും.” ദശലക്ഷക്കണക്കിന് ആളുകൾ യുദ്ധം, അക്രമം, പീഡനം, ദാരിദ്ര്യം, അനിശ്ചിതത്വം എന്നിവ നേരിടുന്ന ഒരു സമയത്ത് ഈ പ്രാർത്ഥനാവാരം ഏറെ പ്രധാനപ്പെട്ടതാണ്. കുട്ടികളുടെ പ്രാർത്ഥനകൾ വിശ്വാസത്തിന്റെയും പ്രത്യാശയുടെയും ലളിതവും എന്നാൽ സാർവത്രികവുമായ ഒരു അടയാളമാണെന്നതും, വ്യത്യസ്ത ഭാഷകളിലെയും സംസ്കാരങ്ങളിലെയും രാജ്യങ്ങളിലെയും കുട്ടികൾ സമാധാനത്തിനായുള്ള പ്രാർത്ഥനയിൽ ഐക്യപ്പെടുന്നത് വലിയ ഒരു അടയാളമാണെന്നതും ഇത്തരുണത്തിൽ പ്രാധാന്യം വർധിപ്പിക്കുന്നു.

