വത്തിക്കാൻ സിറ്റി: ലോകമെങ്ങുമുള്ള വിശ്വാസികളുടെ ഹൃദയങ്ങളിൽ കാരുണ്യത്തിന്റെ സുവിശേഷം കോറിയിട്ട ഫ്രാൻസിസ് പാപ്പ വിടവാങ്ങിയിട്ട് ഒരാണ്ട് തികയുമ്പോൾ തന്റെ മുൻഗാമിയെ വൈകാരികമായി അനുസ്മരിച്ച് ലിയോ പാപ്പ. നിലവിൽ ആഫ്രിക്കൻ രാജ്യങ്ങളിൽ അപ്പസ്തോലിക സന്ദർശനം നടത്തുന്ന ലിയോ പാപ്പ കർദിനാൾ കോളേജ് ഡീൻ ജിയോവന്നി ബാറ്റിസ്റ്റ റേയ്ക്ക് അയച്ച സന്ദേശത്തിലൂടെയാണ് ഫ്രാൻസിസ് പാപ്പയുടെ പൈതൃകത്തെ വാനോളം പുകഴ്ത്തിയത്.
ഫ്രാൻസിസ് പാപ്പയുടെ അന്ത്യവിശ്രമ കേന്ദ്രമായ സാന്താ മരിയ മജോറ ബസിലിക്കയിൽ നടന്ന ചരമവാർഷിക ദിവ്യബലിക്കിടയിലാണ് ലിയോ പാപ്പയുടെ സന്ദേശം വായിച്ചത്. “മരണം ഒരു മതിലല്ല, മറിച്ച് ഫ്രാൻസിസ് പാപ്പ തന്റെ ജീവിതത്തിലുടനീളം പ്രഘോഷിച്ച ദൈവകാരുണ്യത്തിന്റെ നിത്യപ്രകാശത്തിലേക്ക് തുറക്കപ്പെടുന്ന വലിയൊരു വാതിലാണ്” എന്ന ലിയോ പാപ്പയുടെ വരികൾ വിശ്വാസികളെ ഒരേപോലെ ചിന്തിപ്പിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു.
ലോകത്തിന്റെ അറ്റങ്ങളിലേക്ക് സഞ്ചരിച്ച് എല്ലാവർക്കും വേണ്ടി കാരുണ്യത്തിന്റെ വാതിൽ തുറന്നിട്ട മിഷനറിയായിരുന്നു ഫ്രാൻസിസ് പാപ്പയെന്ന് ലിയോ പാപ്പ വിശേഷിപ്പിച്ചു. ‘ആടുകളുടെ മണമുള്ള ഇടയൻ’ എന്ന അദേഹത്തിന്റെ വാക്കുകൾ വെറുമൊരു പ്രയോഗമല്ല മറിച്ച് സഭയെ സാധാരണക്കാരോട് ചേർത്തുവെച്ച സ്നേഹ വിപ്ലവമായിരുന്നു. രോഗവും വാർദ്ധക്യവും തളർത്തിയ നാളുകളിൽ പോലും അദേഹം നടത്തിയ അവസാന യാത്രകൾ ലോകത്തിന് നൽകിയ ഏറ്റവും വലിയ സാക്ഷ്യങ്ങളാണെന്ന് സന്ദേശത്തിൽ പറയുന്നു.
രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ അന്തഃസത്ത ഉൾക്കൊണ്ട് സഭയെ സുവിശേഷ ദൗത്യങ്ങളിലേക്ക് തുറന്നുവിട്ട പ്രത്യാശയുടെ കാവൽക്കാരനായിരുന്നു ഫ്രാൻസിസ് പാപ്പ. പരിശുദ്ധ മറിയത്തോടുള്ള അദ്ദേഹത്തിന്റെ അഗാധമായ ഭക്തിയും സാന്താ മരിയ മജോറ ബസിലിക്കയുമായുള്ള ആത്മബന്ധവും സന്ദേശത്തിൽ പ്രത്യേകം സ്മരിക്കപ്പെട്ടു. ഈ വലിയ ഇടയന്റെ മാതൃക പിന്തുടർന്ന് ലോകത്തിന് ദൈവസ്നേഹത്തിന്റെ പ്രവാചകന്മാരാകാൻ ആഹ്വാനം ചെയ്തുകൊണ്ടാണ് ലിയോ പാപ്പ തന്റെ സ്മരണാഞ്ജലി അവസാനിപ്പിച്ചത്.

