വത്തിക്കാൻ സിറ്റി: ഭാരത സഭയ്ക്കും രാജ്യത്തിനും അഭിമാനമായി മുംബൈ അതിരൂപതാംഗമായ ക്രിസ്റ്റിൻ നഥാനെ വത്തിക്കാൻ ഡിക്കാസ്റ്ററിയിൽ അംഗമായി നിയമിച്ചു ലിയോ പാപ്പ. സമഗ്ര മാനവ വികസനം പരിപോഷിപ്പിക്കുന്നതിനായുള്ള വത്തിക്കാൻ സമിതിയിലാണ് ക്രിസ്റ്റിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. അടുത്ത അഞ്ച് വർഷത്തേക്കാണ് നിയമനം. നിലവിൽ ഇന്റർനാഷണൽ കത്തോലിക് മൈഗ്രേഷൻ കമ്മീഷൻ പ്രസിഡന്റായി സേവനമനുഷ്ഠിച്ചു വരികയാണ് ഇവർ. കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി കുടിയേറ്റക്കാരുടെയും താഴേത്തട്ടിലുള്ള തൊഴിലാളികളുടെയും ക്ഷേമത്തിനായി ആഗോളതലത്തിൽ പ്രവർത്തിക്കുന്ന വ്യക്തിയാണ്.
മുംബൈയിൽ ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിലൂടെയാണ് ക്രിസ്റ്റിൻ തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. നിർമ്മാണ മേഖലയിലെയും വന മേഖലയിലെയും അവിദഗ്ധ തൊഴിലാളികളുടെ അവകാശങ്ങൾക്കായി ഇവർ നടത്തിയ പോരാട്ടങ്ങൾ ശ്രദ്ധേയമാണ്. 2006 മുതൽ 2014 വരെ ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ റീജണൽ സ്‌പെഷ്യലിസ്റ്റായി ഏഷ്യ-പസഫിക് മേഖലയിലെ 21 രാജ്യങ്ങളിൽ ക്രിസ്റ്റിൻ പ്രവർത്തിച്ചിട്ടുണ്ട്.
മുംബൈ സർവ്വകലാശാലയിൽ നിന്ന് സോഷ്യോളജിയിലും സൈക്കോളജിയിലും ബിരുദം നേടിയ ശേഷം ഗവൺമെന്റ് ലോ കോളേജിൽ നിന്ന് നിയമ പഠനവും പൂർത്തിയാക്കി. പ്രാദേശിക സഭയിലും സജീവമായ ഇവർ മുംബൈ അതിരൂപതയിലെ മൈഗ്രന്റ് ആൻഡ് ലേബർ കമ്മീഷൻ അംഗം കൂടിയാണ്. ആഗോളതലത്തിൽ കുടിയേറ്റക്കാരും അഭയാർത്ഥികളും നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കുന്നതിൽ ക്രിസ്റ്റിൻ നഥാന്റെ ദീർഘകാല അനുഭവ സമ്പത്ത് വത്തിക്കാന് വലിയ കരുത്തു പകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
