ന്യൂയോർക്ക്: ഫുട്ബോളിൽ ഓരോ ഗോളിനും ഓരോ സേവിനും പിന്നിൽ കഠിനാധ്വാനത്തിന്റെ കഥകളുണ്ട്. എന്നാൽ കളിക്കളത്തിലെ ആവേശങ്ങൾക്കും സമ്മർദങ്ങൾക്കും അപ്പുറം തങ്ങളുടെ വിജയങ്ങൾക്ക് പിന്നിലെ യഥാർത്ഥ ശക്തിയായി ദൈവവിശ്വാസത്തെ കാണുന്ന ഒരുപിടി ഫുട്ബോൾ താരങ്ങളെയും പരിശീലകരെയും ലോകം തിരിച്ചറിയുകയാണ്. 2026 ലോകകപ്പിലെ കത്തോലിക്കാ വിശ്വാസികളായ താരങ്ങളുടെയും കോച്ചുമാരുടെയും ജീവിതം പ്രചോദനകരമാണ്.
ക്രൊയേഷ്യൻ ദേശീയ ടീമിന്റെ വിജയങ്ങൾക്ക് പിന്നിൽ ആഴത്തിലുള്ള വിശ്വാസമുണ്ട്. ടീം ക്യാപ്റ്റൻ ലൂക്ക മോഡ്രിച്ച്, ഷിൻ ഗാർഡുകൾക്കുള്ളിൽ കുടുംബത്തിന്റെയും ഈശോയുടെ തിരുഹൃദയത്തിന്റെയും മാതാവിന്റെയും ചിത്രങ്ങൾ സൂക്ഷിക്കുന്ന വ്യക്തിയാണ്. മൈതാനത്തിറങ്ങുന്നതിന് മുൻപ് ഈ ചിത്രങ്ങളിൽ ചുംബിക്കുന്ന അദേഹം ടീമിനൊപ്പം കുർബാനകളിലും സജീവമായി പങ്കെടുക്കുന്നു.
തന്റെ കരിയറിലെ പരിക്കിന്റെ നാളുകളിൽ വിശ്വാസമാണ് താങ്ങായതെന്ന് മത്തെയോ കോവാസിച്ച് സാക്ഷ്യപ്പെടുത്തുന്നു. ഇടവകയിലൂടെ ജീവിതസഖിയെ കണ്ടെത്തിയ അദേഹം മെജുഗോറിയിലേക്ക് നിരവധി തീർത്ഥാടനങ്ങളും നടത്തിയിട്ടുണ്ട്. ക്രിസ്റ്റിജൻ ജാക്കിച്ച് പറയുന്നത് പോലെ ക്രൊയേഷ്യൻ ടീമിന്റെ തന്നെ അടയാളമാണ് അവരുടെ വിശ്വാസം. സ്ട്രൈക്കർ ഇഗോർ മാറ്റനോവിച്ചിന് പ്രാർത്ഥന നൽകുന്നത് വലിയൊരു മാനസിക കരുത്താണ്.
അർജന്റീനയുടെ മാന്ത്രികൻ ലയണൽ മെസി താൻ കൈവരിച്ച നേട്ടങ്ങളെല്ലാം ദൈവത്തിന്റെ സമ്മാനമായാണ് കാണുന്നത്. ഓരോ ഗോളും നേടുമ്പോൾ കുരിശ് വരച്ച് കർത്താവിനെ മഹത്വപ്പെടുത്തുന്ന മെസിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ നിറയാറുണ്ട്.
ബെൽജിയത്തിന്റെ സ്ട്രൈക്കർ റൊമേലു ലുക്കാക്കു കടുത്ത കത്തോലിക്കാ വിശ്വാസിയാണ്. ലൂർദ് സന്ദർശനത്തിന് ശേഷം തന്റെ വിശ്വാസം കൂടുതൽ ദൃഢമായെന്ന് അദേഹം പറയുന്നു. ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയർ, താൻ ദൈവത്താൽ അനുഗ്രഹീതനാണെന്ന് ശരീരത്തിലെ ടാറ്റൂവിലൂടെയും വാക്കുകളിലൂടെയും പ്രഖ്യാപിക്കുന്നു.
അമേരിക്കൻ ഗോൾകീപ്പർ മാറ്റ് ഫ്രീസ്, കളിക്കൾക്ക് പുറത്ത് ബൈബിൾ സ്റ്റഡികളിലും പോഡ്കാസ്റ്റുകളിലും സജീവമാണ്. മെക്സിക്കോയുടെ യുവതാരം അർമാൻഡോ “ദി ആൻറ്” ഗോൺസാലസ് തനിക്കു ലഭിച്ചതെല്ലാം ദൈവത്തിന്റെ കാരുണ്യം മാത്രമാണെന്ന് വിശ്വസിക്കുന്നു. മത്സരത്തിന് മുൻപ് മാതാവിന്റെ രൂപത്തിന് മുന്നിൽ മുട്ടുകുത്തി പ്രാർത്ഥിക്കുന്ന അദേഹത്തിന്റെ ചിത്രങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു.
ബ്രസീലിന്റെ പരിശീലകൻ കാർലോ ആൻസലോട്ടി വിശുദ്ധ പാദ്രെ പിയോയോടുള്ള ഭക്തിയിൽ വിശ്വസിക്കുന്നയാളാണ്. ‘ക്രിസ്തുരാജൻ’ തീർത്ഥാടന കേന്ദ്രം സന്ദർശിച്ച് ജപമാല കൈക്കലാക്കിയ അദേഹം കളിക്കപ്പുറം ആത്മീയതയ്ക്ക് ജീവിതത്തിൽ സ്ഥാനമുണ്ടെന്ന് വിശ്വസിക്കുന്നു. ക്രൊയേഷ്യൻ കോച്ച് സ്ലാറ്റ്കോ ഡാലിച്ച്, തന്റെ പോക്കറ്റിൽ എപ്പോഴും കരുതാറുള്ള ജപമാലയെ തന്റെ ശക്തിയായി കാണുന്നു. ചെറുപ്പത്തിൽ അൾത്താര ബാലനായിരുന്ന സ്ലാറ്റ്കോ പ്രയാസകരമായ നിമിഷങ്ങളിൽ പ്രാർത്ഥനയെ കൂട്ടുപിടിക്കുന്നു.
ലോകകപ്പിന്റെ ആരവങ്ങൾക്കിടയിലും തങ്ങളുടെ വിശ്വാസം മുറുകെ പിടിക്കുന്ന ഈ താരങ്ങൾ കായിക രംഗത്തിന് നൽകുന്നത് മനോഹരമായൊരു മാതൃകയാണ്.
