തിരുവനന്തപുരം തീരദേശത്തെയും തീര ജനതയെയും ഭീതിയിലാഴ്ത്തി ഓഖി ചുഴലിക്കാറ്റ് വിതച്ച ദുരന്ത ഓർമ്മകൾ അഞ്ച് വർഷം പിന്നിടുന്നു. തീരദേശ മത്സ്യത്തൊഴിലാളികളിൽ 288 പേരുടെ ജീവനെടുത്ത ഓഖി എന്ന മഹാദുരന്തം അറബിക്കടലിൽ വീശിയടിച്ചതിന്റെ ഓർമ്മാചരണം ഇന്ന് അതിരൂപതയിലെ 5 കടലോരങ്ങളിലായി നടക്കുന്നു.
ഓഖിയിൽ മരിച്ചവർക്ക് വേണ്ടിയുള്ള പ്രത്യേക പരേത സ്മരണ പ്രാർത്ഥനകൾ നടത്തുന്നതിനോടൊപ്പം വിഴിഞ്ഞം അതിജീവന സമരത്തിന്റെ ഭാഗമായി വൈദികർക്കും വിഴിഞ്ഞം ഇടവക വിശ്വാസികൾക്കും 27ആം തീയതി ഞായറാഴ്ച പോലീസിന്റെ പക്കൽ നിന്നും നേരിടേണ്ടിവന്ന കിരാതമായ നരവേട്ടയ്ക്കെതിരെയും മെഴുകുതിരികൾ തെളിച്ച് പ്രതിഷേധിക്കുന്നു.
കേരള ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്തവിധം ഒരു സമൂഹത്തെ ഉന്മൂലനം ചെയ്യാനുള്ള സർക്കാരിന്റെയും പോലീസിന്റെയും കൈയേറ്റ ശ്രമങ്ങളെ നിയമപരമായും ജനാധിപത്യപരമായും പൊതുസമൂഹത്തിന് മുന്നിൽ പ്രദർശിപ്പിക്കണമെന്നും അതിനാൽ എല്ലാ രൂപതാ അംഗങ്ങളും പരിപാടികളിൽ അവരുടെ അടുത്തുള്ള സ്ഥലങ്ങളിൽ പങ്കെടുക്കുകയും തീര ജനതയുടെ വേദനകളിൽ പങ്കുചേരാൻ രൂപതാ മക്കൾ ഒന്നിച്ചു നിൽക്കണമെന്നും അതിരൂപതാ മത്സ്യതൊഴിലാളി ശുശ്രൂഷ സമിതി ഡയറക്ടർ ഫാ. ഷാജിൻ ജോസ് എ നിർദ്ദേശം നൽകി.
പരുത്തിയൂർ ഓഖി പാർക്കിൽ ചേരുന്ന അനുസ്മരണത്തിൽ കൊല്ലംകോട്, പരുത്തിയൂർ ഇടവകകളിലെ ജനങ്ങളും, പുല്ലുവിള കടപ്പുറത്തെ അനുസ്മരണ യോഗത്തിൽ പൂവാർ മുതൽ അടിമലത്തറ വരെയുള്ള ഇടവകകളിലെ ജനങ്ങളും, വിഴിഞ്ഞം വലിയ കടപ്പുറത്ത് കോവളം ഫെറോനയിലെ ഇടവകകളും, പൂന്തുറ കടപ്പുറത്ത് പൂന്തുറ, ചെറിയതുറ ഇടവകകളിലെയും പാളയം ഫെറോനയിലെയും ജനങ്ങളും, തുമ്പ കടപ്പുറത്ത് പുതുക്കുറിച്ചി ഫറോനയിലെ ഇടവകകളും അഞ്ചുതെങ്ങ് ചേരുന്ന അനുസ്മരണ യോഗത്തിൽ അഞ്ചുതെങ്ങ് കഴക്കൂട്ടം ഇടവകകളും പങ്കെടുക്കും.