ഇൻഡോർ: ഭാരത സഭയിലെ വാഴ്ത്തപ്പെട്ട ആദ്യ വനിതാ രക്തസാക്ഷിയായി ഉയര്‍ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയയുടെ ജീവത്യാഗത്തിന് ഇന്നേക്ക് ഇരുപത്തിയൊമ്പത് വര്‍ഷം. ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ (എഫ്‌സിസി) സന്യാസിനി സമൂഹത്തിന്റെ മധ്യപ്രദേശിലെ ഭോപ്പാല്‍ അമല പ്രോവിന്‍സില്‍ സാമൂഹ്യ പ്രവര്‍ത്തന വിഭാഗത്തിന്റെ ചുമതലയുള്ള കൗണ്‍സിലറായിരിക്കെയാണ് സിസ്റ്റര്‍ രക്തസാക്ഷിത്വം വരിച്ചത്.
പാവപ്പെട്ടവരെ അടിച്ചമർത്തലിൽ നിന്നും ചൂഷണത്തിൽ നിന്നും രക്ഷിക്കുന്നതിന് മധ്യപ്രദേശിലെ ഇൻഡാർ – ഉദയ്നഗർ കേന്ദ്രീകരിച്ചണ് സിസ്റ്റർ പ്രവർത്തിച്ചിരുന്നത്. കേരളത്തിലേക്കുള്ള ഒരു ബസ് യാത്രയിൽ ഇൻഡോറിൽ വച്ച് 1995 ഫെബ്രുവരി 25നാണ് സിസ്റ്റർ കൊല്ലപ്പെട്ടത്.എതിരാളിയുടെ കത്തിക്ക് മുന്നിൽ യേശു നാമം ഏറ്റ് പറഞ്ഞു മരണത്തിന് കീഴടങ്ങുമ്പോൾ 41 വയസായിരുന്നു സിസ്റ്റർക്ക് പ്രായം.
സിസ്റ്റർ റാണി മരിയയെ സമാന്തർ സിങ് എന്ന വ്യക്തി മൂർച്ചയുള്ള ആയുധം കൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു. സിസ്റ്ററിന്റെ ശരീരത്തിൽ 54 കുത്തുകളാണ് ഏറ്റത്. ജയിലിൽ കിടന്ന് അനുതപിച്ച് മാനസാന്തരത്തിന്റെ പാതയിലെത്തിയ സമാന്തർ സിങ് സിസ്റ്ററിന്റെ കുടുംബത്തിലെത്തി മാതാപിതാക്കളോട് ക്ഷമ ചോദിച്ചു. ഈ കുടുംബത്തിന്റെ ക്ഷമയുടെ ആഴവും സ്നേഹവും ആളുകളെ ഏറെ സ്വാധീനീച്ചിരുന്നു.
ദൈവദാസി പദവിയിലേക്ക് 2005 ജൂൺ 29 ന് ഉയർത്തപ്പെട്ടു. 2017 നവംബർ നാലിന് മധ്യപ്രദേശിൽ ഇൻഡോർ രൂപതയുടെ മെത്രാസന മന്ദിരത്തിന് സമീപത്തുള്ള സെൻ്റ് പോൾ ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിൽ സമൂ ഹദിവ്യബലി മധ്യേ, ഫ്രാൻസീസ് പാപ്പായെ പ്രതിനിധാനം ചെയ്തുകൊണ്ട് കർദിനാൾ ആഞ്ചെലൊ അമാത്തോയാണ് സിസ്റ്റർ റാണി മരിയയെ സഭയിലെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തിയത്.