– ഫാദര്‍ വില്യം നെല്ലിക്കല്‍ (വത്തിക്കാൻ ന്യൂസ്)
ആഗസ്റ്റ് 5-Ɔο തിയതി ബുധനാഴ്ച വത്തിക്കാനിലെ അപ്പസ്തോലിക അരമനയില്‍നിന്നും മാധ്യമങ്ങളിലൂടെ നടത്തിയ പൊതുകൂടിക്കാഴ്ച പരിപാടിയുടെ അന്ത്യത്തിലാണ് നിരവധിപേരുടെ മരണത്തിന് ഇടയാക്കുകയും, ആയിരങ്ങളെ മുറിപ്പെടുത്തുകയും ചെയ്ത വന്‍ ദുരന്തത്തില്‍ പാപ്പാ ഫ്രാന്‍സിസ് ദുഃഖാര്‍ത്ഥനായത്. ഇരകളായവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതായും, അതുപോലെ സാമൂഹികവും രാഷ്ട്രീയവുമായ ക്ലേശങ്ങള്‍ അനുഭവിക്കുന്ന ലെബനോണുവേണ്ടിയും അതിന്‍റെ സമാധാനത്തിനുവേണ്ടിയും പ്രാര്‍ത്ഥിക്കണമെന്ന് തന്നെ ശ്രവിച്ച രാജ്യാന്തര സമൂഹത്തോട് പാപ്പാ ഫ്രാന്‍സിസ് അഭ്യര്‍ത്ഥിച്ചു.
പ്രതിസന്ധികള്‍ക്കിടയിലെ വിനാശം
സാമൂഹ്യ-രാഷ്ട്രീയ മേഖലകളില്‍ ലെബനോണ്‍ നേരിടുന്ന ഗൗരവകരമായ പ്രതിസന്ധികള്‍ ഇല്ലാതാക്കുവാന്‍ രാജ്യാന്തര സമൂഹം ഇടപെടുകയും പിന്‍തുണയ്ക്കുകയും വേണമെന്നും പാപ്പാ ഫ്രാന്‍സിസ് അഭ്യര്‍ത്ഥിക്കുകയുണ്ടായി. തലസ്ഥാനഗരത്തെ തുറമുഖത്തുണ്ടായ വന്‍സ്ഫോടനത്തില്‍ 80-പേര്‍ മരണമടഞ്ഞതായും 4000-ത്തോളം പേര്‍ മുറിപ്പെട്ടതായും, വലിയ നാശനഷ്ടങ്ങള്‍ വിതച്ചതായും വാര്‍ത്താഏജന്‍സികള്‍ അറിയിച്ചു. സ്ഫോടന കാരണം ഇനിയും വ്യക്തമല്ലെന്നും, അന്വേഷണങ്ങള്‍ തുടരുകയാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ വെളിപ്പെടുത്തി.