ലോക ഫുട്ബോൾ ചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർത്തിരിക്കുകയാണ് പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഉസ്ബെക്കിസ്ഥാനെതിരായ മത്സരത്തിൽ ഇരട്ട ഗോൾ നേടിയതോടെ, തുടർച്ചയായി ആറ് ലോകകപ്പ് ടൂർണമെന്റുകളിൽ ഗോൾ നേടുന്ന ആദ്യ താരമെന്ന ചരിത്രനേട്ടം റൊണാൾഡോ സ്വന്തമാക്കി. ഇതോടെ, 41-ാം വയസ്സിലും തന്റെ ഫിറ്റ്‌നസും ഗോൾവേട്ടയും ഒട്ടും കുറഞ്ഞിട്ടില്ലെന്ന് തെളിയിക്കുകയായിരുന്നു സൂപ്പർ താരം.
എന്നാല്‍ തന്റെ വ്യക്തിപരമായ റെക്കോർഡുകളെക്കാൾ ടീമിന്റെ വിജയത്തിനാണ് താൻ മുൻഗണന നൽകുന്നതെന്നായിരുന്നു മല്‍സരത്തിന് ശേഷം റൊണാള്‍ഡോ പ്രതികരിച്ചത്. ‘റെക്കോർഡുകൾ തകർക്കുന്നത് എപ്പോഴും നല്ലതാണ്. എന്നാൽ ലക്ഷ്യത്തിലെത്താന്‍ ടീമിനെ സഹായിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. കഠിനാധ്വാനം ചെയ്യുന്നവർക്ക് ദൈവം തുണയുണ്ടാകും’ റൊണാള്‍ഡോ പറഞ്ഞു.
ആറാം ലോകകപ്പിലും ഗോൾ നേടുന്ന ചരിത്രത്തിലെ ആദ്യ താരമെന്ന റെക്കോർഡും ഇനി റൊണാള്‍ഡോയ്ക്ക് സ്വന്തമാണ്. അതേസമയം, പോർച്ചുഗലിനായി 230-ാമത്തെ മത്സരമാണ് റൊണാൾഡോ ഇന്നലെ കളിച്ചത്. ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവുമധികം രാജ്യാന്തര മത്സരങ്ങൾ കളിച്ച റെക്കോർഡും ഇനി റൊണാൾഡോയുടെ പേരിലാണ്.
