ചന്ദ്രനിൽ ഇന്ത്യ മുദ്രപതിപ്പിച്ചുക്കഴിഞ്ഞു. ചന്ദ്രയാൻ-3 ദൗത്യം വിജയകരമായതിൽ രാജ്യം മുഴുവൻ ആഹ്ളാദത്തിലാണ്. അതിനെക്കാളേറെ സന്തോഷത്തിനും അതുപോലെ അഭിമാനത്തിനും തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് വകയുണ്ട്. കാരണം ഒരർത്ഥത്തിൽ ഇന്ത്യൻ ബഹിരാകാശ ദൗത്യങ്ങൾക്ക് നമ്മളും പങ്കാളികളാണ്.
1962-ൽ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന് യോജിച്ചൊരു സ്ഥലം തേടി ബഹിരാകാശ ശാസ്ത്രജ്ഞരായ ഹോമിഭാഭയും വിക്രം സാരാഭായിയും എത്തിച്ചേർന്നത് കേരളത്തിൻ്റെ തീരത്ത് തിരുവനന്തപുരത്തിന് അടുത്തുള്ള തുമ്പ എന്ന കുഗ്രാമത്തിലാണ്. ബഹിരാകാശ സ്ഥാപനത്തിന് ചേർന്ന, ശാസ്ത്രീയമായ നിരവധി സൗകര്യങ്ങളുള്ള ഒരു സ്ഥലം. 600 ഓളം ഏക്കറോളം ഭൂമിയുണ്ട്. ആകെയുള്ള പ്രതിസന്ധി ആ സ്ഥലത്തിന് നടുവിലായി ഒരു ക്രിസ്തീയ ദേവാലയമുണ്ട് എന്നതു മാത്രമാണ്. സെൻ്റ് മേരി മഗ്ദലീൻ പള്ളി. കൂടാതെ ലത്തീൻ സഭ നടത്തുന്ന ഒരു പ്രൈമറി സ്കൂളും. 90 ഏക്കറോളം ഭൂമി സഭയുടെ കയ്യിലുമാണ്.
ഒരു ശ്രമം എന്ന നിലയിൽ ശാസ്ത്രജ്ഞർ പള്ളി മേധാവികളുമായി സംസാരിച്ചു. ഭക്തരായ മത്സ്യത്തൊഴിലാളികളുമായും നേരിട്ട് സംസാരിച്ചു. അങ്ങനെ അവരെയെല്ലാം മാറ്റിപ്പാർപ്പിച്ചു. പള്ളി അവിടെ നിന്നും മാറ്റിപ്പണിതു. നിലവിലുണ്ടായിരുന്ന പള്ളിക്കെട്ടിടത്തിൽ പുതിയ ഗവേഷണ കേന്ദ്രം ആരംഭിച്ചു. പള്ളിയുടെ പ്രാർത്ഥനാമുറി ലബോറട്ടറിയായി. മറ്റു മുറികൾ ഓഫീസും. പള്ളിയുടെ മിക്കവാറും ഭാഗം അവർ അതുപോലെ നില നിർത്തി ഉപയോഗിച്ചു. അവിടെ ഇന്ത്യയുടെ ആദ്യ റോക്കറ്റ് ലോഞ്ചിംഗ് സ്റ്റേഷന് തുടക്കം കുറിച്ചു. അതാണ് പിന്നീട് വിക്രം സാരാഭായി ഗവേഷണ കേന്ദ്രമായി മാറിയത്. പള്ളിയും സ്കൂളും അടുത്തുള്ള പള്ളിത്തുറ എന്ന സ്ഥലത്ത് തുടങ്ങുകയും ചെയ്തു.
ഇങ്ങനെയൊരു മഹാത്യാഗം ക്രിസ്തീയ വിശ്വാസികളുടെ ഭാഗത്തുനിന്ന് അന്നുണ്ടായിട്ടുണ്ട്. വിക്രം സാരാഭായിയുടെ അഭ്യർത്ഥന പ്രകാരം അന്നത്തെ ബിഷപ്പ് റവ.ഫാ. പീറ്റർ ബർണാഡ് പെരേരയാണ് വിശ്വാസികളോട് കാര്യം പറഞ്ഞ് ബോധ്യപ്പെടുത്തിയത്. ശാസ്ത്രത്തിനായി നമ്മുടെ ദൈവസ്ഥലം വിട്ടുകൊടുക്കാമോ എന്ന് ഒരു ഞായറാഴ്ച പ്രാർത്ഥനയിൽ അദ്ദേഹം വിശ്വാസികളോട് ചോദിച്ചു. അവരുടെ അനുവാദത്തോടെ പള്ളിയും സ്ഥലവും ശാസ്ത്രലോകത്തിന് കൈമാറി. ഇപ്പോളത് സ്പേസ് മ്യൂസിയമാണ്.
വിപ്ലവകരമായ ഈ സംഭവം ഇന്നല്ലാതെ പിന്നെയെന്ന് ഓർക്കാൻ! മേരി മഗ്ദലീനും അനുയായികൾക്കും ശാസ്ത്ര മനുഷ്യരുടെ അഭിവാദ്യങ്ങൾ.
കടപ്പാട്: എൻ.ഇ. സുധീർ