മത്സ്യത്തൊഴിലാളികൾ ഏഴിന ആവശ്യങ്ങളുന്നയിച്ച് നടത്തുന്ന സമരം ഇന്ന് ഒരു മാസം പൂർത്തിയാകുമ്പോൾ വിഴിഞ്ഞം ഇടവകയിൽ നിന്നുള്ളവരാകും തുറമുഖ ഉപരോധ സമരത്തിനെത്തുക. കഴിഞ്ഞ മാസം ഇരുപതാം തിയ്യതിയാണ് സെക്രട്ടറിയേറ്റ് നടയിൽ വൈദികരും സമർപ്പിതരും പിതാക്കന്മാരും ധർണ്ണയിരുന്നുകൊണ്ട് സമരത്തിന് തുടക്കം കുറിച്ചത്. ഏതാനും ദിവസങ്ങളായി വിഴിഞ്ഞം തുറമുഖ കവാടം ഉപരോധിച്ചുള്ള സമരമാണ് നടന്നുവരുന്നത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം വിഴിഞ്ഞം തീരത്തിന്റെ തെക്കുവശത്തു നിന്നുള്ള വിവിധ ഇടവകകളിൽ നിന്നുള്ളവരാണ് വിഴിഞ്ഞം തുറമുഖ കവാടം ഉപരോധിച്ചുള്ള സമരത്തിനെത്തിയതെങ്കിൽ തിരുവനന്തപുരത്തെ ഏറ്റവും വലിയ മത്സ്യബന്ധന ഇടവകയായ വിഴിഞ്ഞം സിന്ധുയാത്രാ മാതാവിന്റെ പേരിലുള്ള ഇടവകയിലെ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധന തുറമുഖത്തുനിന്നും പണിക്കു പോകാതെയാകും ഇന്ന് സമരപ്പന്തലിലെത്തുക. തിരുവനന്തപുരം അതിരൂപതാദ്ധ്യക്ഷനായ മോസ്റ്റ് റവ. ഡോ. തോമസ് നെറ്റോ, സഹായ മെത്രാൻ റൈറ്റ് റവ. ഡോ. ക്രിസ്തുദാസ് ആർ എന്നിവരും സമരവേദിയിലുണ്ടാകുമെന്നും സംഘാടകർ അറിയിച്ചു. മത്സ്യത്തൊഴിലാളികളുടെ വിവിധ ആവശ്യങ്ങളുന്നയിച്ച് തിരുവനനന്തപുരം അതിരൂപതയുടെ നേതൃത്വത്തിൽ നടന്നുവരുന്ന സമരത്തിന് ഓരോ ദിവസം കഴിയുന്തോറും വർദ്ധിച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
തുറമുഖ വകുപ്പ് മന്ത്രി കഴിഞ്ഞ ദിവസങ്ങളിൽ വിഴിഞ്ഞത്തിന് പുറത്ത് നിന്നുള്ളവരാണ് സമരത്തിന് പിന്നിലെന്ന് ആരോപണമുന്നയിച്ചിരുന്നു.