തീര സംരക്ഷണത്തിനായി കെ. ആർ. എൽ. സി. ബി. സി.-യുടെ നേതൃത്വത്തിൽ ജനബോധന യാത്ര സെപ്റ്റബർ 14 മുതൽ 18 വരെ. വല്ലാർപാടം കണ്ടെയിനർ പദ്ധതിക്കായി മോഹനവാഗ്ദാനം നൽകി കുടിയിറക്കപ്പെട്ട് ഇന്നും തെരുവിൽ അലയേണ്ടിവരുന്ന മൂലമ്പിള്ളി നിവാസികളിൽ നിന്നാരംഭിക്കുന്ന യാത്ര അതിജീവന ഭീഷണി ഉയർത്തുന്ന വിഴിഞ്ഞം തുറമുഖ കവാടത്തിലെ സമരമുഖത്ത് ഞായറാഴ്ച അവസാനിക്കും.
സെപ്റ്റംബർ 18 ഞായറാഴ്ച തിരുവനന്തപുരത്തെ തീരശോഷണം നേരിടുന്ന ഗ്രാമങ്ങളായ അഞ്ചുതെങ്ങ്, പെരുമാതുറ, മരിയനാട്, തുമ്പ, വെട്ടുകാട്, വലിയതുറ, ബീമാപ്പള്ളി, പൂന്തുറ, കോവളം, വിഴിഞ്ഞം എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച്, സ്വീകരണം ഏറ്റുവാങ്ങി ജനബോധന യാത്ര ബഹുജന മാർച്ചായി തിരുവനന്തപുരം അതിരൂപത നയിക്കുന്ന അതിജീവന സമര പന്തലിലെത്തും.
കേരള കത്തോലിക്ക ബിഷപ്സ് കോൺഫറൻസിന്റെയും വിവിധ മത്സ്യത്തൊഴിലാളി, സാമൂഹിക പാരിസ്ഥിതിക സംഘടനകളുടെയും സഹകരണത്തോടെ കേരള ലാറ്റിൻ കാത്തലിക് ബിഷപ്സ് കോൺഫറൻസ്, കോസ്റ്റൽ ഏരിയ ഡെവലപ്മെന്റ് ഏജൻസി ഫോർ ലിബറേഷൻ എന്നിവയുടെയും നേതൃത്വത്തിലാണ് ബഹുജന മാർച്ച് നടത്തുന്നത്. വൈകിട്ട് വിഴിഞ്ഞം തുറമുഖ കവാടത്തിൽ നടക്കുന്ന സമ്മേളനത്തിൽ അഭിവന്ദ്യ പിതാക്കന്മാരും സാമൂഹ്യ സാംസ്കാരിക മേഖലകളിലെ പ്രശസ്തരും അഭിസംബോധന ചെയ്ത് സംസാരിക്കും.