നൂറ് വർഷത്തെ വിശ്വാസ പാരമ്പര്യമുള്ള പരുത്തിക്കുഴി സബ്‌സ്റ്റേഷൻ ഇനി സ്വതന്ത്ര ഇടവക. ആഗസ്റ് 15 -നാണ് ഇടവകയാക്കിയുള്ള വിജ്ഞാപനം അതിരൂപതയിൽ നിന്നും പുറപ്പെടുവിച്ചത്.സ്വതന്ത്ര ഇടവക പ്രഖ്യാപനത്തിന്റെ ഭാഗമായി സെപ്റ്റംബർ 4-ന് അതിരൂപത അദ്ധ്യക്ഷൻ ഡോ. തോമസ് ജെ നെറ്റോയുടെ നേതൃത്വത്തിൽ കൃതജ്ഞതാ ദിവ്യബലിയർപ്പിച്ചു.
1954 -ൽ പൂന്തുറ കനോഷ്യൻ സന്യാസ സമൂഹത്തിന്റെ ശ്രമഫലമായി ഓല കൊണ്ട് കെട്ടി മേഞ്ഞ ഒരു ചെറിയ ഷെഡിൽ വിശുദ്ധ യൗസേപ്പിതാവിന്റെ നാമധേയത്തിൽ തുടങ്ങിയ പ്രാർത്ഥനാലയമാണ് പരുത്തികുഴി സെന്റ് ജോസഫ് ദൈവാലയം. 18 ക്രിസ്തീയ കുടുംബങ്ങളിൽ നിന്നാരംഭിച്ച് 68 കുടുംബങ്ങളാണ് നിലവിൽ പരുത്തിക്കുഴിയിലുള്ളത്.ആത്മീയ സംഗമ വേദിയായിരുന്നു തുടക്കത്തിൽ ഈ ദൈവാലയം. പൂന്തുറ കോൺവെന്റിലെ മദർ ആനി തോമസിന്റെയും അന്നത്തെ പൂന്തുറ ഇടവക വികാരി ഫാ.തോട്ടുക്കടവിലിന്റെയും സംയുക്ത ശ്രമങ്ങളാണ് രൂപതാധികാരികളിൽ നിന്നും ഒരു ദൈവാലയ പ്രതിഷ്ഠയ്ക്കുള്ള അനുമതി ലഭിക്കാൻ സഹായകമായിത്തീർന്നതെന്ന് ജനങ്ങൾ പറയുന്നു.അന്ന് കൊച്ചി രൂപതയുടെ അധികാര സീമയിൽപെട്ട പ്രദേശമായിരുന്നു പരുത്തികുഴി.
കാലക്രമേണ 1955 -ൽ ഇപ്പോഴത്തെ മേടയുടെ തെക്കുവശത്തായി രണ്ടാമതൊരു ഓല ഷെഡ് പണിത് അവിടെ വച്ചാണ് വിശ്വാസ സമൂഹത്തിനു ജ്ഞാനസ്നാന ശുശ്രൂഷയിലൂടെ സഭാംഗത്വം നൽകിയത്.
സിസ്റ്റേഴ്സിന്റെയും പൂന്തുറ പള്ളി വികാരിയായിരുന്ന ഫാ. അലോഷ്യസിന്റെയും വിശ്വാസികളുടെയും തീവ്രമായ പ്രാർത്ഥനയുടെയും പ്രവർത്തനത്തിന്റെയും ഫലമായി 1963 -ൽ പൂർവികന്മാരിൽ നിന്നും ലഭ്യമായ ഒരു ഏക്കർ നാൽപ്പത്തിയഞ്ച് സെന്റ് സ്ഥലം ദൈവാലയത്തിനായി പതിച്ചു കിട്ടി.
ആ ഭൂമിയിൽ 1963 മാർച്ച് 19 ന് വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാളിൽ ഫാ. അലോഷ്യസിന്റെ കാർമ്മികത്വത്തിൽ പള്ളിയുടെ ശിലാസ്ഥാപനം നടന്നു. രൂപതയിൽ നിന്നും വിദേശത്തുനിന്നും മറ്റുമായി ലഭിച്ച സംഭാവനകളും സഹായങ്ങളും കൊണ്ട് അതേ വർഷം തന്നെ പള്ളിയുടെ പണി പൂർത്തിയായി.
1963 ആഗസ്റ്റ് 15 -ൽ പരിശുദ്ധ മറിയത്തിന്റെ സ്വർഗ്ഗാരോഹണവും , ഭാരതത്തിന്റെ സ്വതന്ത്രദിനവും , ഒരുമിച്ചാഘോഷിക്കുന്ന വേളയിൽ തിരുവനന്തപുരം രൂപതാധ്യക്ഷൻ ഡോ. പീറ്റർ ബർണാഡ് പെരേര ദൈവാലയത്തിന്റെ ആശിർവാദകർമം നിർവഹിച്ചു. പരുത്തികുഴി ഇടവക ജനങ്ങളുടെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു ദൈവാലയത്തെ ഇടവകയായി ഉയർത്താൻ ഇടവക വികാരി ഫാ. ജോൺ ബോസ്കോയ്ക്കൊപ്പം ഇടവക ജനങ്ങളൊന്നടങ്കം ഒന്ന്ചേർന്ന് നിന്നതിന്റെ സന്തോഷ നിറവിലാണ് ഇടവകാംഗങ്ങൾ.