അതിജീവനത്തിനും ഉപജീവന സംരക്ഷണത്തിനുമായി ഐതിഹാസിക പ്രക്ഷോഭം നയിക്കുന്ന തിരുവനന്തപുരം തീരദേശ ജനസമൂഹത്തിന് പിന്തുണയായി മൂലമ്പിള്ളി മുതൽ വിഴിഞ്ഞം വരെയുള്ള ജനബോധന യാത്ര നാളെ ആരംഭിക്കും. കെ ആർ എൽ സി സി യുടെയും ബഹുജന സംഘടനകളുടെയും നേതൃത്വത്തിൽ നടക്കുന്ന ജനബോധന യാത്ര നാളെ ഉച്ചതിരിഞ്ഞ് 3 മണിക്ക് ആരംഭിക്കും.
വികലമായ വികസനത്തിന്റെ ബാക്കിപത്രമായി കരുതുന്ന മൂലമ്പിള്ളിയിൽ നിന്നും കുടിയിറക്കപ്പെട്ടവരുടെ പ്രതിനിധികൾ കൈമാറുന്ന പതാക വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺ. മാത്യു കല്ലിങ്കൽ യാത്രയ്ക്ക് നേതൃത്വം നൽകുന്ന ജോസഫ് ജൂഡ്, അഡ്വ. ഷെറി ജെ തോമസ് എന്നിവർക്ക് നൽകി തുടക്കം കുറിക്കും. കെ ആർ എൽ സി സി ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ പ്രസംഗിക്കും. തുടർന്ന് നഗരത്തിൽ എത്തുന്ന യാത്രയെ മദർ തെരേസ ചത്വരത്തിൽ സ്വീകരിക്കും. വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ഔപചാരികമായി ഉദ്ഘാടനം നിർവഹിക്കും. ആലപ്പുഴയിലും കൊല്ലത്തും നിരവധി മേഖലകളിൽ തീരശോഷണം അതിരൂക്ഷമാണ്. നിരവധി വർഷങ്ങളായി സർക്കാരിനെ പ്രശ്നപരിഹാരത്തിനായി നിരന്തരം സമീപിച്ചുവെങ്കിലും സർക്കാർ നിസംഗത പ്രകടിപ്പിക്കുകയായിരുന്നു. മത്സ്യത്തൊഴിലാളികളുടെ നിലനിൽപ്പിനായുള്ള ഈ പ്രക്ഷോഭത്തിന്റെ ആവശ്യങ്ങളും സർക്കാരിന്റെ നിഷേധാത്മക നിലപാടുകളും പൊതുജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് ഈ ജനബോധന യാത്രയുടെ ലക്ഷ്യമെന്ന് സംഘാടകര്‍ അറിയിച്ചു.
വികസന പദ്ധതികളുടെ ഭാഗമായി കുടിയെഴുപ്പിക്കപ്പെടുന്നവരെ ശരിയായ വിധം പുനരധിവസിപ്പിക്കുന്നതിന് കഴിയാത്തത് ഗുരുതരമായ വീഴ്ചയാണ്. മൂലമ്പിള്ളിയിലെ കുടിയിറക്കപ്പെട്ട നിരവധി കുടുംബങ്ങൾ ഇന്നും പുനരധിവസിക്കപ്പെട്ടിട്ടില്ല. ഈ സാഹചര്യങ്ങളെ കേരളത്തിന്റെ ശ്രദ്ധയിലേക്ക് ബോധ്യത്തിലേക്കും കൊണ്ടുവരികയാണ് ജനബോധന യാത്രയുടെ ലക്ഷ്യം. സെപ്റ്റംബർ 15ന് കൊച്ചി രൂപതയുടെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ പര്യടനം നടത്തുന്ന യാത്ര പള്ളുരുത്തിയിൽ നിന്ന് തോപ്പുംപടി ബിഒടി ജംഗ്ഷനിലേക്ക് നടത്തുന്ന പദയാത്രയോടെ സമാപിക്കും. സെപ്റ്റംബർ 16ന് മൂന്നാം ദിവസത്തെ യാത്രയ്ക്ക് നേതൃത്വം നൽകുന്നത് ആലപ്പുഴ രൂപതയാണ്. രാവിലെ ചെല്ലാനത്ത് നിന്നും ആരംഭിക്കുന്ന യാത്ര ഉച്ചയ്ക്ക് മൂന്ന് മണിക്ക് ആലപ്പുഴ ടൗണിൽ എത്തിച്ചേരും. സെപ്റ്റംബർ 17ന് ശനിയാഴ്ച കൊല്ലം രൂപത ജനബോധന യാത്രയ്ക്ക് നേതൃത്വം നൽകും.
പതിനെട്ടാം തീയതി ഞായറാഴ്ച തിരുവനന്തപുരം ജില്ലയുടെ തീരദേശ പ്രദേശങ്ങളിലൂടെ സഞ്ചരിക്കുന്ന ജനബോധന യാത്രയ്ക്ക് നേതൃത്വം നൽകുന്നത് തിരുവനന്തപുരം അതിരൂപതയാണ്.വിഴിഞ്ഞം മത്സ്യബന്ധന ഹാർബറിന് മുന്നിൽ നിന്ന് ആരംഭിക്കുന്ന ബഹുജന മാർച്ച് സമരവേദിക്ക് മുൻപിൽ പൊതുയോഗത്തോടെ സമാപിക്കും. തിരുവനന്തപുരം അതിരൂപത മെത്രാപ്പോലീത്ത ഡോ. തോമസ് ജെ നെറ്റോ സമ്മേളനം ഉദ്ഘാടനം ചെയ്യും. സമരസമിതി ജനറൽ കൺവീനർ മോൺ. യൂജിൻ എച്ച് പെരേര മുഖ്യപ്രഭാഷണം നടത്തും. മത സാമൂഹിക സാംസ്കാരിക നേതാക്കൾ സംസാരിക്കും. കേരളത്തിലെ വിവിധ രൂപതകളിൽ നിന്നും ബഹുജന സംഘടനകളിൽ നിന്നും പ്രതിനിധികൾ ജാഥയിൽ പങ്കുചേരും.