അതിരൂപതയിൽ നിന്നും മികച്ച ഫുട്ബോൾ കളിക്കാരെ കണ്ടെത്തി അവരെ ഉയരങ്ങളിലെത്തിക്കാൻ പരിശ്രമിക്കുന്ന LiFFA അക്കാദമിയെ പരിചയപ്പെടുത്തുന്ന ലേഖനം വത്തിക്കാൻ ന്യൂസിൽ പ്രസിദ്ധീകരിച്ചു. വത്തിക്കാൻ മീഡീയയുടെ കീഴിൽ പാപ്പയുടെയും, ആഗോള സഭയുടെയും, ലോകത്തിലെ ശ്രദ്ധേയമായ സംഭവങ്ങളെയും ഉൾകൊള്ളിക്കുന്ന ബഹുഭാഷാ ഓൺലൈൻ വാർത്ത പോർട്ടലാണ് വത്തിക്കാൻ ന്യൂസ്.LiFFA-യുടെ പ്രവർത്തനങ്ങളെയും നേട്ടങ്ങളെയും കുറിച്ചുള്ള ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത് വലിയൊരു അംഗീകരമാണ്. ഇത് അക്കാദമിയുടെ വളർച്ച ലോകശ്രദ്ധയാർജ്ജിക്കുമെന്ന് ബന്ധപ്പെട്ടവർ പ്രത്യാശപ്രകടിപ്പിച്ചു.
വത്തിക്കാൻ ന്യൂസിൽ വന്ന ലേഖനം: 👇🏻
LiFFA: ഫുട്ബോളിലൂടെ ഇന്ത്യൻ യുവാക്കളുടെ ജീവിതം മാറ്റിമറിക്കുന്നു
ലിറ്റിൽ ഫ്ലവർ ഫുട്ബോൾ അക്കാദമി (LiFFA) ഇന്ത്യയിലെ തീരദേശ യുവാക്കളിലെ ഫുട്ബോൾ സ്വപ്നങ്ങൾ വളർത്തി അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനായി അവരെ ശാക്തീകരിക്കുന്നു. ഇന്ത്യയിലെ ലിറ്റിൽ ഫ്ലവർ ഫുട്ബോൾ അക്കാദമി (LiFFA Trivandrum, Kerala) തിരുവനന്തപുരത്തിന്റെയും കന്യാകുമാരിയുടെയും തീരപ്രദേശങ്ങളിൽ നിന്നുള്ള നിരവധി യുവജീവിതങ്ങളെ മാറ്റിമറിച്ചു.LiFFA ഫുട്ബോൾ ടീമിന്റെ ഭാഗമാകുന്നത് വെറും ഫുട്ബോൾ പരിശീലനം മാത്രമല്ല മറിച്ച് അവർക്ക് മികച്ച വിദ്യാഭ്യാസവും നൽകുന്നു എന്നതാണ് പ്രത്യേകത.
മോൺ. ജെയിംസ് കുലാസാണ് തിരുവനന്തപുരം ലത്തീൻ അതിരൂപതയിൽ 2015-ൽ തീരദേശ ഗ്രാമങ്ങളിലെ യുവാക്കൾക്കായി ഒരു റസിഡൻഷ്യൽ ഫുട്ബോൾ അക്കാദമി എന്ന സംരംഭം ആരംഭിച്ചത്. മദ്യവും മറ്റ് ലഹരിവസ്തുക്കളും യുവാക്കളുടെ ജീവിതത്തെ സ്വാധീനിക്കുന്നതും ഭാവി സ്വപ്നം കാണാനുള്ള ആഗ്രഹമില്ലാതാക്കുന്നതും ശ്രദ്ധിച്ച മോൺ. ജയിംസ് കുലാസ് ചെറുപ്പത്തിലെ കഴിവുറ്റ തീരദേശ കുട്ടികളുടെ ജീവിതം ഉന്നമിപ്പിക്കാനാണ് LiFFA സ്ഥാപിച്ചത്.
ഈ പദ്ധതിയുടെ സമാരംഭത്തിന് തയ്യാറെടുക്കുന്നതിനായി ഫുട്ബോൾ വിദഗ്ധർ, അധ്യാപകർ, തീരദേശ മേഖലയിലെ വിവിധ ടീമുകളുടെ പ്രതിനിധികൾ, തിരുവനന്തപുരം അതിരൂപത പ്രതിനിധികൾ എന്നിവരുമായി അഞ്ച് വർഷക്കാലം കൂടിക്കാഴ്ചകളും ചർച്ചകളും നടത്തി. “അവഗണിക്കപ്പെട്ട മുത്തുകൾ” എന്നാണ് അവരുടെ മുഖ്യ പരിശീലകനായ ക്ളെയോഫാസ് അലക്സ് ടീമിലെ കളിക്കാരെക്കുറിച്ച് പറയുന്നത്
First batch of LiFFA (2015)
LiFFA വാഗ്ദാനം ചെയ്യുന്ന സൗകര്യങ്ങൾ
LiFFA സൗജന്യ വിദ്യാഭ്യാസവും താമസവും ഭക്ഷണവും മാത്രമല്ല, ശരിയായ മാർഗനിർദേശങ്ങൾ നൽകി യുവാക്കളുടെ ജീവിതത്തിൽ അച്ചടക്കവും ക്രമവും സൃഷ്ടിച്ച് ആർക്കും സ്വപ്നങ്ങൾ സാക്ഷാത്കരിക്കാമെന്ന് തെളിയിക്കുകയും ചെയ്യുന്നു. അതിരൂപത അവരുടെ മാനേജ്‌മെന്റിനു കീഴിലുള്ള സ്‌കൂളുകളിലും കോളേജുകളിലും കളികാർക്ക് പ്രവേശനം നൽകുകയും മാർഗനിർദേശവും പിന്തുണയും നൽകുന്നതിനായി യുവജനങ്ങൾക്ക് ഈ രംഗത്തെ പ്രൊഫഷണലുകളുമായി ബന്ധപ്പെടാൻ അവസരമൊരുക്കുകയും ചെയ്യുന്നു.
വെല്ലുവിളികളുടെ മേൽ വിജയം
ഏകദേശം 14 ഇടവക ക്ലബ്ബുകൾ ഉണ്ട്, എന്നാൽ ഫുട്ബോൾ അവർക്ക് ഒരു തൊഴിലാകുമെന്ന് ആളുകൾക്ക് പൂർണ്ണമായി ബോധ്യപ്പെട്ടിട്ടില്ലാത്തതിനാൽ അത്ലറ്റുകളെ സംഘടിപ്പിക്കാനും പരിശീലിപ്പിക്കാനും ഫാക്കൽറ്റി അംഗങ്ങളുടെ കുറവുമായിരുന്നു അവർ നേരിട്ട ഒരു വെല്ലുവിളി. ക്രമേണ ഫുട്ബോൾ വെറുമൊരു കളിയല്ല, തൊഴിലും കൂടിയാണെന്ന് മാതാപിതാക്കളും കളിക്കാരും തിരിച്ചറിഞ്ഞു. കൂടുതൽ തുറന്ന മനസ്സോടെ കാര്യങ്ങൾ കാണാൻ യുവ കായികതാരങ്ങളെ LiFFA പ്രാപ്തരാക്കുന്നു. യാത്രാ സൗകര്യം പോലുള്ള വിവിധ വെല്ലുവിളികൾ ഇപ്പോഴും നേരിടുന്നുണ്ടെങ്കിലും LiFFA സംരംഭത്തെ പിന്തുണയ്ക്കുന്ന ആളുകളാണ് ടീമുകളെ സ്പോൺസർ ചെയ്തതെന്നും ശ്രീ. അലക്സ് പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രക്രിയ
LiFFA ഫുട്ബോൾ ടീമിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുക എന്നത് തീരദേശ മേഖലകളിൽ നിന്നുള്ള നിരവധി കുട്ടികളുടെ സ്വപ്നമായി മാറിയിരിക്കുന്നു. ലാഡർ കപ്പ് (ലാറ്റിൻ ആർച്ച് ഡയോസിസ് എലൈറ്റ് റിക്രൂട്ട്‌മെന്റ്) ഇവന്റുകളിലൂടെയാണ് മിക്ക കായികതാരങ്ങളെയും റിക്രൂട്ട് ചെയ്യുന്നത്. തീവ്രമായ സ്കൗട്ടിംഗ്, LiFFA സാങ്കേതിക ജീവനക്കാരുടെ സോണൽ സന്ദർശനങ്ങൾ, ടൂർണമെന്റുകൾ, വികേന്ദ്രീകൃത ക്യാമ്പുകൾ, കേന്ദ്രീകൃത റെസിഡൻഷ്യൽ ക്യാമ്പുകൾ എന്നിവയിലൂടെ തീരദേശ മേഖലയിലുടനീളം നടക്കുന്ന ഒരു വർഷം നീണ്ടുനിൽക്കുന്ന നടപടിക്രമമാണ് അക്കാദമിയുടെ തിരഞ്ഞെടുപ്പ് പ്രക്രിയ. തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ കീഴിൽ വരുന്ന തിരുവനന്തപുരം, കന്യാകുമാരി തീരപ്രദേശങ്ങളിൽ ഉൾപ്പെടുന്ന പാരിഷ് ക്ളബ്ബുകൾ കേന്ദ്രീകരിച്ചാണ് യോഗ്യത മത്സരങ്ങൾ നടത്തുന്നത്. മാതാപിതാക്കൾ നൽ കുന്ന പിന്തുണയും പ്രോത്സാഹനവും കുട്ടികൾക്ക് വലുതാണ്.
10 ദിവസം നീണ്ടുനിൽക്കുന്ന സെലക്ഷൻ ടൂർണമെന്റിൽ 50-ലധികം ടീമുകൾ പങ്കെടുക്കുകയും 550-ലധികം വിദ്യാർത്ഥികൾ കളിക്കുകയും ചെയ്യുന്നു. എഴാം ക്ളാസ്സിൽ പഠിക്കുന്ന കൂട്ടികൾക്കായി നടത്തുന്ന ഈ സെലക്ഷൻ ടൂർണ്ണമെന്റിലൂടെ തിരഞ്ഞടുക്കപ്പെടുന്നവർക്ക് എട്ടാം ക്ളാസ്സ് മുതൽ വിദ്യാഭ്യാസവും പരിശീലനവും ലിഫ നൽകുന്നു.
നേട്ടങ്ങളും ലക്ഷ്യങ്ങളും
സ്കൂൾ മുതൽ അന്താരാഷ്ട്ര ലീഗുകൾ വരെയുള്ള വിവിധ മത്സരങ്ങളിൽ നിന്നും നേടിയ നിരവധി ട്രോഫികളിൽ നിന്നു തന്നെ LiFFA യുടെ നേട്ടങ്ങൾ വ്യക്തമാണ്. 19 വയസ്സിന് താഴെയുള്ള രണ്ട് താരങ്ങൾ നിലവിൽ ഇന്ത്യൻ ടീമിലുണ്ട്. 11 ദേശീയതല കപ്പുകൾ, 17 സംസ്ഥാനതല കപ്പുകൾ, 8 ജില്ലാതല കപ്പുകൾ, 12 സ്കൂൾതല കപ്പുകൾ നേടിയിട്ടുണ്ട്. ഹൈസ്‌കൂൾ പ്രായത്തിലുള്ള LiFFA-യിലെ ആൺകുട്ടികൾ അണ്ടർ-14 ലീഗിൽ കേരളത്തെ പ്രതിനിധീകരിച്ച് ഡൽഹിയിൽ നടന്ന സുബ്രോട്ടോ കപ്പ് ഇന്റർനാഷണൽ ചാമ്പ്യൻഷിപ്പ് നേടി. സ്‌കൂൾ തലം മുതൽ അന്താരാഷ്ട്ര തലം വരെ ചാമ്പ്യന്മാരാണ്.
വലുതും വിശാലവുമായ സ്വപ്‌നങ്ങളിലേക്ക് യുവാക്കളുടെ മനസ്സിനെ LiFFA മാറ്റിയതിൽ അക്കാദമി ഭാരവാഹികൾ സന്തോഷം പ്രകടിപ്പിച്ചു. 2030-ഓടെ ഇന്ത്യൻ ലീഗുകളിൽ ഒരു ടീമായി കളിക്കാനാണ് ഇവരുടെ ആഗ്രഹം. “പഠിക്കാൻ ബുദ്ധിമുട്ടുന്ന, പഠിക്കാൻ ആഗ്രഹിക്കുന്ന വ്യത്യസ്‌ത വിഭാഗങ്ങളിൽ നിന്നുള്ള നിരവധി വിദ്യാർത്ഥികളെ ഉൾക്കൊള്ളാനാകുംവിധം ആക്കാദമിയെ വിപുലീകരിക്കാൻ ശ്രമിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.