അതിരൂപതയിൽ വിവിധ തൊഴിൽ നൈപുണികൾ പാസായ വിദ്യാർത്ഥികൾക്ക് മിനിസ്ട്രി ഓഫ് എഡ്യൂക്കേഷന്റെ എൻ.ഐ.ഒ.എസ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
അതിരൂപത സാമൂഹ്യശുശ്രൂഷ വിഭാഗം ട്രിവാൻഡ്രം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ കീഴിലുള്ള സെന്റ് സേവ്യേയേഴ്സ് കമ്മ്യൂണിറ്റി കോളേജിൽ നിന്നും ഫാത്തിമ മാതാ കമ്മ്യൂണിറ്റി കോളജിൽ നിന്നും, കമ്മ്യൂണിറ്റി ഹെൽത്ത് സർട്ടിഫിക്കറ്റ് കോഴ്സ്, ഡാറ്റാ എൻട്രി സർട്ടിഫിക്കറ്റ് കോഴ്സ്, പ്ലബിങ് കോഴ്സ്, വെൽഡിങ് കോഴ്സ്, ഇലക്ട്രിക്കൽ ആൻഡ് ഹോം അപ്ലിക്ൻസ് സർട്ടിഫിക്കറ്റ് കോഴ്സ് തുടങ്ങിയവയിൽ പഠിച്ച് മികച്ച വിജയം കരസ്ഥമാക്കിയ 76 വിദ്യാർത്ഥികൾക്ക് മിനിസ്ട്രി ഓഫ് എഡ്യൂക്കേഷൻ, എൻ. ഐ. ഒ. എസ് – ന്റെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ആഗസ്റ്റ് 1 ചൊവ്വാഴ്ച റ്റി. എസ്. എസ്. എസ് ഹാളിൽ നടന്ന പരിപാടിയിൽ യോഗാദ്ധ്യക്ഷനായ റ്റി. എസ്. എസ്. എസിന്റെ ഡയറക്ടർ ഫാ. ആഷ്ലിൻ ജോസ് നൈപുണി കോഴ്സുകളുടെ പ്രാധാന്യം വിവരിച്ചു. റ്റി. എസ്. എസ്. എസി-ന്റെ വിവിധ സ്കിൽ സർട്ടിഫിക്കറ്റുകൾ വഴി പ്രതിവർഷം 600 യുവജനങ്ങൾക്ക് വിവിധ മേഖലകളിൽ തൊഴിൽ പരിശീലനം നൽകി അവരവരുടെ ഭാവിജീവിതം കെട്ടിപ്പടുക്കുന്നതിനായി സ്വന്തമായി വരുമാനം കണ്ടെത്താനും സ്വന്തം കാലിൽ നിൽക്കുവാനും, അങ്ങനെ സന്തോഷകരമായ ജീവിതം നയിക്കുവാനും ഇത്തരം തൊഴിൽ പരിശീലനം വഴി അവരെ പ്രാപ്തരാക്കുന്നതായി അദ്ദേഹം പറഞ്ഞു.
യോഗം ഉദ്ഘാടനം ചെയ്ത മോൺ. വിൽഫ്രഡ് വിവിധ തൊഴിൽ മേഖലകളുടെ പ്രാധാന്യത്തെപറ്റിയും മാറുന്ന കാലഘട്ടത്തിന് അനുസൃതമായ പുത്തൻ തലമുറയിലെ നൈപുണ്യ കോഴ്സുകളുടെ പ്രാധാന്യത്തെക്കുറിച്ചും വിവരിക്കുകയും എല്ലാ വിദ്യാർത്ഥികൾക്കും ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി. യോഗത്തിൽ രണ്ട് കമ്മ്യൂണിറ്റി കോളജുകളുടെയും സാരഥികളായ ശ്രീ. ദേവദാസ്, ശ്രീ. ലവകുമാർ, ശ്രീ. സത്യൻ എന്നിവർ സംസാരിച്ചു. യോഗത്തിൽ രണ്ടു കോളേജുകളിൽ നിന്നുമായി 220 വിദ്യാർത്ഥികൾ പങ്കെടുത്തു.