കൊച്ചി: കേരള കത്തോലിക്ക മെത്രാന്‍ സമിതിയുടെ ആസ്ഥാന കാര്യാലയമായ പാലാരിവട്ടം പിഒസിയില്‍ സമ്മേളിച്ച മെത്രാന്‍ സമിതി, സഭാംഗങ്ങള്‍ എന്ന നിലയിലും പൊതുസമൂഹത്തിന്റെ ഭാഗമെന്ന നിലയിലും ക്രൈസ്തവര്‍ അഭിമുഖീകരിക്കുന്ന വിവിധങ്ങളായ കാര്യങ്ങള്‍ സംബന്ധിച്ച് ചര്‍ച്ചകളും വിശകലനങ്ങളും നടത്തി. തുടർന്ന് പുറത്തിറക്കിയ പത്രക്കുറിപ്പിൽ കാലികപ്രസക്തമായ വിഷയങ്ങളിന്മേൽ സമ്മേളനം നിർണ്ണായക തീരുമാനങ്ങൾ കൈക്കൊണ്ടതായി അറിയിച്ചു.
ക്രൈസ്തവ സമൂഹത്തിന്റെ പിന്നാക്കവസ്ഥ പഠിക്കാന്‍ നിയോഗിക്കപ്പെട്ട ശ്രി. ജെ.ബി. കോശി കമ്മീഷന്‍ സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നാളിതുവരെ കമ്മീഷന്റെ കണ്ടെത്തലുകളും വിലയിരുത്തലുകളും എന്തെന്ന് പൊതുസമൂഹത്തിന് അറിയാനായിട്ടില്ല. ആയതിനാൽ കമ്മീഷന്‍ റിപ്പോര്‍ട്ട് മുഴുവനായിതന്നെ പരസ്യമാക്കി നിർദ്ദേശങ്ങൾ നടപ്പിലാക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കേരള സഭാനവീകരണത്തിന്റെ രണ്ടാം ഘട്ടമായ 2024 ‘യുവജന വര്‍ഷമായി’ ആചരിക്കാന്‍ തീരുമാനിച്ചു. യുവജനങ്ങളുടെ ബൗദ്ധിക സമ്പത്ത് രാജ്യത്തിനു നഷ്ടമാകാന്‍ ഇടയാക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കപ്പെടുന്നതിന് ഭരണാധികാരികള്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.
ഇടവകകള്‍ കാര്‍ബണ്‍ ന്യൂട്രല്‍ ആക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കണം. ഫ്രാന്‍സിസ് പാപ്പായുടെ ഏറ്റവും പുതിയ ‘ലൗദാത്തേ ദേവും’ എന്ന രേഖയില്‍ പരിസ്ഥിതിയുടെ ശുശ്രൂഷകര്‍ എന്ന നിലയില്‍ മനുഷ്യര്‍ വര്‍ത്തിക്കണം എന്ന് ഓര്‍മ്മപ്പെടുത്തുന്നുണ്ട്. ഓരോ ഇടവകയും ഗ്രീന്‍ ഓഡിറ്റിങ്ങ് നടത്തി തങ്ങളുടെ ഇടവകകള്‍ പരിസ്ഥിതിക്ക് അനുയോജ്യമാണെന്ന് ഉറപ്പുവരുത്തണം.
മാസങ്ങളായി മണിപ്പൂരില്‍ തുടരുന്ന സംഘര്‍ഷാവസ്ഥയ്ക്ക് ശമനം ഉണ്ടായിട്ടില്ലായെന്നത് ആശങ്ക ജനിപ്പിക്കുന്നു. അവിടെ എത്രയുംവേഗം സമാധാനം ഉറപ്പാക്കാനും സാധാരണ ജീവിതത്തിലേക്ക് ജനങ്ങള്‍ക്ക് പ്രവേശിക്കാനും ഉതകുന്ന അന്തരീക്ഷം സംജാതമാക്കപ്പെടണം.
കുസാറ്റ് അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം, വന്യജീവി ആക്രമണം, വൈദിക-സന്യസ്ത രൂപീകരണത്തില്‍ കാലോചിതമായ നവീകരണം, സമൂഹത്തില്‍ അതിവേഗം സ്വാധീനിക്കപ്പെടുന്നതും വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമായി ചിത്രീകരിക്കപ്പെടുന്നതുമായ സ്വവര്‍ഗ്ഗ വിവാഹം, ഗര്‍ഭഛിദ്രം, ലീവിങ് ടുഗതര്‍ തുടങ്ങിയ ചിന്താഗതിക ളിലെ അപകടം എന്നീ വിഷയങ്ങളിലും നിർണ്ണായക പ്രതികരണം നടത്തി.