വത്തിക്കാൻ: ദരിദ്രർക്കായുള്ള ഏഴാം ലോകദിനാചരണത്തോടനുബന്ധിച്ച് പാപ്പാ ഞായറാഴ്ച രാവിലെ വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ ദിവ്യബലി അർപ്പിച്ചു. വിവിധ രാജ്യക്കാരായ പാവപ്പെട്ടവർ സംബന്ധിച്ച ദിവ്യബലിക്കു ശേഷം പാപ്പാ വത്തിക്കാനിൽ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയ്ക്ക് സമീപത്തുള്ള പോൾ ആറാമൻ ഹാളിൽ വച്ച് പാവപ്പെട്ടവരുമൊത്ത് ഉച്ചഭക്ഷണം കഴിച്ചു.
2015 ഡിസംബർ 8 മുതൽ 2016 നവമ്പർ 20 വരെ ആചരിക്കപ്പെട്ട കരുണയുടെ അസാധാരണ ജൂബിലിയുടെ സമാപനത്തിൽ പുറപ്പെടുവിച്ച അപ്പൊസ്തോലിക ലേഖനമായ “മസെരിക്കോർദിയ ഏത് മീസെര” (Misericordia et misera)-യിലൂടെ ഫ്രാൻസീസ് പാപ്പായാണ് ഈ ദിനാചരണം ഏർപ്പെടുത്തിയത്. എല്ലാ വർഷവും, ലത്തീൻ റീത്തിൻറെ ആരാധനാക്രമമനുസരിച്ച്, ആണ്ടുവട്ടത്തിലെ സാധാരണകാലത്തിലെ മുപ്പത്തിമൂന്നാമത്തെ ഞായറാഴ്ചയാണ് പാവപ്പെട്ടവർക്കായുള്ള ദിനം ആഗോള സഭാതലത്തിൽ ആചരിക്കുന്നത്. തോബിത്തിൻറെ പുസ്തകം നാലാം അദ്ധ്യായത്തിൽ നിന്നെടുത്ത ഏഴാമത്തെതായ ഈ വാക്യമാണ്: “ദരിദ്രനിൽ നിന്ന് മുഖം തിരിക്കരുത്” എന്നതാണ് ഇത്തവണത്തെ പ്രമേയം.
ഈ ദിനത്തോടനുബന്ധിച്ച് ‘ദരിദ്രരുമായി അവർക്ക് ആവശ്യമായവ പങ്കുവയ്ക്കുക’, ‘ദാരിദ്ര്യത്തിന്റെ മാതാവാണ് യുദ്ധം’ എന്നുള്ള രണ്ട് സന്ദേശങ്ങൾ എക്സ് പ്ലാറ്റ്ഫോമിലൂടെ നൽകിയതും ശ്രദ്ധിക്കപ്പെട്ടു.