കൊച്ചി: ചെറായി മുനമ്പം തീരദേശഭൂമിയിലെ വഖഫ് ബോർഡിന്റെ അവകാശവാദം ഉപേക്ഷിക്കുക പ്രദേശവാസികളുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങളുമായി നടത്തപ്പെടുന്ന ശ്രദ്ധ ക്ഷണിക്കൽ സമ്മേളനത്തിന് മുന്നോടിയായി കെസിവൈഎം കോട്ടപ്പുറം രൂപതയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ സദസ്സ് പള്ളിപ്പുറം മാണിബസാറിൽ സംഘടിപ്പിച്ചു..
കെസിവൈഎം കോട്ടപ്പുറം രൂപത പ്രസിഡൻറ് ജെൻസൺ ആൽബി അധ്യക്ഷത വഹിച്ച യോഗം കെഎൽസിഎ കോട്ടപ്പുറം രൂപത പ്രസിഡൻറ് അനിൽ കുന്നത്തൂർ ഉദ്ഘാടനം ചെയ്തു. വഖഫ് നിയമങ്ങളുടെ പേരിൽ റവന്യൂ അവകാശങ്ങൾ നിഷേധിക്കുന്നത് മുനമ്പം കടപ്പുറം പ്രദേശത്തെ ജനങ്ങളോട് കാണിക്കുന്ന കടുത്ത അനീതിയാണെന്നും ഭരണഘടനാപരമായ എല്ലാ ആനുകൂല്യങ്ങളും ഈ ദുരിതമനുഭവിക്കുന്ന പ്രദേശവാസികൾക്ക് ലഭ്യമാകണമെന്നും അദ്ദേഹം പ്രസ്താവിച്ചു. വഖഫ് ഭൂമിയിലെ ഇതുവരെയുള്ള മുഴുവൻ പ്രശ്നങ്ങളും ഉൾപ്പെടുത്തി വിഷയാവതരണവും അദ്ദേഹം നടത്തി.
കെസിവൈഎം കോട്ടപ്പുറം രൂപത ഡയറക്ടർ ഫാ. നോയൽ കുരിശിങ്കൽ ആമുഖ സന്ദേശം നൽകി. രൂപതാ ഭാരവാഹികളായ ഷിഫ്നാ ജീജൻ, പോൾ ജോസ്, ആൽഡ്രിൻ ഷാജൻ ,ജീവൻ ജോസഫ് ,ഹിൽന പോൾ എന്നിവർ പ്രസംഗിച്ചു. വിവിധ ഇടവകകളിൽ നിന്നുള്ള കെസിവൈഎം പ്രവർത്തകർ പങ്കെടുത്തു.