തിരുവനന്തപുരം: ചരിത്ര പ്രാധാന്യമുള്ള തിരുവനന്തപുരം ലത്തീന്‍ അതിരൂപതയ്ക്ക് ഇനി പത്ത് ഫൊറോനകൾ. തലസ്ഥാന നഗരഹൃദയത്തിൽ ഏറെ വൈവിധ്യമാർന്ന ജനസമൂഹം ഉള്‍ച്ചേര്‍ന്ന പാളയം ഫൊറോനയെ രണ്ടായി വിഭജിച്ചാണ് പുതിയ ഫൊറോനയ്ക്ക് രൂപം നൽകിയിരിക്കുന്നത്. 9 ഇടവകകൾ ഉൾച്ചേർത്താണ് വട്ടിയൂർക്കാവ് ഫൊറോനയെന്ന പുതിയ ഫൊറോന നിലവിൽ വരുന്നത്. ഇതുവഴി അജപാലന കർമ്മങ്ങൾ കൂടുതൽ കാര്യക്ഷമമായി നടത്തുന്നതിന് സഹായകരമാകുമെന്ന് പുതിയ ഫൊറോനയുടെ പ്രഖ്യാപന ഉത്തരവിൽ അതിരുപതാധ്യക്ഷൻ ആർച്ച്ബിഷപ് തോമസ് ജെ. നെറ്റോ പറഞ്ഞു. അതിരൂപതയുടെ മധ്യസ്ഥ വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുനാൾ ദിനവും അതിരൂപത ദിനവുമായ ഒക്ടോബർ ഒന്നിന് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം പുറത്തിറങ്ങി. 2025 ജനുവരി ഒന്നിന് കന്യാമറിയത്തിന്റെ മാതൃത്വ തിരുനാൾ ദിനത്തില്‍ ഫെറോന നിലവില്‍ വരും.
പുതിയതായി രൂപം കൊള്ളുന്ന വട്ടിയൂർക്കാവ് ഫെറോനയില്‍ വട്ടിയൂർക്കാവ്, വെള്ളയമ്പലം, വഴയില, കുടപ്പനക്കുന്ന്, ക്രിസ്തുരാജപുരം, കുലശേഖരം, കാച്ചാണി, കാഞ്ഞിരംപാറ, മലമുകള്‍ എന്നീ ഒന്‍പതു ഇടവകകളാണ് ഉള്‍പ്പെട്ടിട്ടുളളത്. 169 കുടുംബങ്ങളിലായി 4805 വിശ്വാസികളാണ് പുതുതായി രൂപീകരിക്കുന്ന വട്ടിയൂര്‍കാവ് ഫെറോനയിലുള്ളത്. 58 ബിസിസി(അടിസ്ഥാന ക്രൈസ്തവ സമുഹം) യൂണിറ്റുകളിലായി ഇവരെ ഏകോപിപ്പിച്ചിരിക്കുന്നു. പുതിയ ഫെറോനയായി വട്ടിയൂർക്കാവ് മാറുമ്പോള്‍ പാളയം ഫെറോനയില്‍ പാളയം, പുന്നക്കാമുകള്‍, പൂഴിക്കുന്ന്, കിള്ളിപ്പാലം, തൈക്കാട്, മണക്കാട്, തൃക്കണ്ണാപുരം, മുടവന്‍മുഗള്‍, നന്ദന്‍കോട്, കുറവന്‍കോണം എന്നിങ്ങനെ പത്തു ഇടവകകണുള്ളത്. തുത്തൂർ, പുല്ലുവിള, കോവളം, വലിയതുറ, പേട്ട, പുതുക്കുറിച്ചി, അഞ്ചുതെങ്ങ്, കഴക്കൂട്ടം എന്നിവയാണ് മറ്റ് ഫൊറോനകൾ.