തൊഴിലും, പാർപ്പിടവും, സ്വൈര്യ ജീവിതവുമുൾപ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് മത്സ്യത്തൊഴിലാളികൾ നയിക്കുന്ന സമരം നൂറാം ദിനത്തിലേക്ക്. ഈ മാസം 27- ന് സമരം തുടങ്ങി നൂറാം ദിവസം പിന്നിടുമ്പോൾ സമരത്തിൽ വിട്ടുവീഴ്ചയില്ല, അന്ന് മത്സ്യത്തൊഴിലാളികൾ കടലും കരയും ഉപരോധിക്കും. സമരം അതിശക്തമാക്കാനും തുറമുഖം നിശ്ചലമാകുന്ന രീതിയിൽ പ്രക്ഷോഭം നടത്താനുമാണ് സമരസമിതി തീരുമാനം.
വിഴിഞ്ഞം, മുതലപ്പൊഴി എന്നിവിടങ്ങളിലാണ് കടലും കരയും ഉപരോധിക്കുന്നത്. അതിരൂപതയിലെ എല്ലാ ഇടവകകളിലും രൂപീകരിച്ച സമരസമിതിയുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം നടക്കുന്നത്. സമരസമിതി മുന്നോട്ടുവച്ച 7 ആവശ്യങ്ങൾ അംഗീകരിക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്നും മുഖ്യമന്ത്രി ഇതേക്കുറിച്ച് നടത്തിയ പരാമർശങ്ങൾ പൂർണ്ണമായും വാസ്തവ വിരുദ്ധമാണെന്നും യോഗം അഭിപ്രായപ്പെട്ടു.
അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോ യോഗത്തിൽ പങ്കെടുത്തു. സമരത്തിൻറെ ആവശ്യങ്ങൾ ഒന്നൊഴികെയെല്ലം നടത്തിയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അസത്യമെന്ന് അദ്ദേഹം പറഞ്ഞു. സമരസമിതി ജനറൽ കൺവീനർ മോൺ. യൂജിൻ എച്ച് പെരേര, കെ എൽ സി എ പ്രസിഡന്റ് പാട്രിക് മൈക്കിൾ, കൗൺസിലർ പനിയടിമ, ജോണി ഇസാക്കിയോസ്, സമരസമിതി കൺവീനർ ഫാ. തീയോഡീഷ്യസ് ഡിക്രൂസ് സെക്രട്ടറി നിക്സൺ ലോപ്പസ് തുടങ്ങിയവർക്കൊപ്പം വൈദീക അൽമായ പ്രതിനിധികളും യോഗത്തിൽ സന്നിഹിതരായിരുന്നു.