“പ്രത്യാശയോടെ ഒരുമിച്ച്” എന്ന പ്രമേയവുമായി മംഗോളിയ റിപ്പബ്ലിക്കിലേക്ക് പാപ്പാ നടത്തുന്ന ചരിത്രപരമായ സന്ദർശനത്തിന് തുടക്കം കുറിച്ചു. ഉലാൻബാതറിലെ അന്താരാഷ്‌ട്ര ചിങ്കിസ് ഖാൻ വിമാനത്താവളത്തിൽ ഫ്രാൻസിസ്സ് പാപ്പയെ മോൺസിഞ്ഞോർ ഫെർണാണ്ടോ ഡുവാർട്ടെ ബറോസ് റെയ്‌സും മംഗോളിയയിലെ അപ്പസ്‌തോലിക് ന്യൂൺഷിയേച്ചറിലെ ചാർജ്ജ് ഡി അഫയേഴ്‌സും വിശുദ്ധ സിംഹാസനത്തിലേക്കുള്ള മംഗോളിയ അംബാസഡറും മിസ് ദവാസുറൻ ജെറെൽമയും ചേർന്ന് സ്വീകരിച്ചു. പുരാതന ചരിത്രത്തിലെ മംഗോളിയൻ യോദ്ധാക്കളെ ഓർമ്മിപ്പിക്കുന്ന ചുവപ്പ്, നീല, മഞ്ഞ യൂണിഫോമുകളിലും ഇരുമ്പ് ഹെൽമെറ്റുകളുമണിഞ്ഞ സൈനീകർ പാപ്പയ്ക്ക് ഗാർഡ് ഓഫ് ഓർണർ നല്കി. സർക്കാർ പ്രതിനിധികൾ പാപ്പയെ ടർമക്കിൽ സ്വീകരിച്ചു. മംഗോളിയ ഇത് ആദ്യമായിട്ടാണ് വിശുദ്ധ പത്രോസിന്റെ പിൻഗാമിയെ സ്വീകരിക്കുന്നത്. മംഗോളിയൻ ജനത ആവേശഭരിതവും ഊഷ്മളവുമായ സ്വീകരണമാണ് പാപ്പയ്ക്ക് നൽകിയത്.
ഈ യാത്രയിൽ ഫ്രാൻസിസ് പാപ്പാ മംഗോളിയയിലെ രാഷ്ട്രീയ അധികാരികളുമായി കൂടിക്കാഴ്ച നടത്തും. കത്തോലിക്കാ സഭയുടെ പ്രതിനിധികളെ അഭിസംബോധന ചെയ്യുകയും, എക്യുമെനിക്കൽ, മതാന്തര സമ്മേളനത്തിൽ പങ്കെടുക്കുകയും ചെയ്യും. കൂടാതെ ഉപവി പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തുന്ന പാപ്പാ ദിവ്യബലി അർപ്പിക്കും. സമാധാനം,സമാഗമം,സംഭാഷണം എന്നീ മൂന്നു മൂല്യങ്ങളാണ് യാത്രയുടെ അടിസ്ഥാനമെന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ, ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
യാത്രയിലുടനീളം എല്ലാവരുടെയും പ്രാർത്ഥനകൾ യാചിച്ചുകൊണ്ട് ആഗസ്റ്റ് മാസം മുപ്പതാം തീയതി ഫ്രാൻസിസ് പാപ്പാ സമൂഹ മാധ്യമമായ ട്വിറ്ററിൽ ഹ്രസ്വസന്ദേശം പങ്കുവച്ചിരുന്നു. ഓഗസ്റ്റ് 30 ബുധനാഴ്ച ഉച്ചകഴിഞ്ഞ് പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പാ റോമിലെ മേരി മേജർ ബസലിക്കയിലെത്തി. തന്റെ സാധാരണ വിദേശ ഇടയസന്ദർശനങ്ങളുടെ അവസരത്തിൽ തുടരുന്ന പതിവ് പോലെ, മേരി മേജർ ബസലിക്കയിലെ “റോമൻ ജനതയുടെ രക്ഷ”, “സാലൂസ് പോപുളി റൊമാനി” എന്ന പേരിൽ വണങ്ങപ്പെടുന്ന പരിശുദ്ധ അമ്മയുടെ ചിത്രത്തിന് മുൻപിൽ പാപ്പാ പ്രത്യേകമായി പ്രാർത്ഥിക്കുകയും, തന്റെ അപ്പസ്തോലികയാത്രയെ പരിശുദ്ധ അമ്മയുടെ സംരക്ഷണത്തിന് സമർപ്പിക്കുകയും ചെയ്തു.
ഇതിനിടെ മംഗോളിയയിലേക്കുള്ള പരിശുദ്ധ പിതാവിന്റെ അപ്പസ്തോലികയാത്രയെ താൻ ഏറെ സ്വാഗതം ചെയ്യുന്നുവെന്നും, ഇത് രാജ്യത്ത് സമാധാനവും സഹവർത്തിത്വവും പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം തങ്ങളുടെ രാജ്യത്തെ സാമൂഹ്യ-രാഷ്ട്രീയ തലം, വൈവിധ്യമാർന്ന സംസ്കാരം, മതസ്വാതന്ത്ര്യം തുടങ്ങിയവ കൂടുതലായി ലോകശ്രദ്ധ നേടുമെന്നും, ഇത് രാജ്യത്തിനുള്ളിൽ ഇനിയും മതാന്തരസംവാദങ്ങൾക്ക് പ്രോത്സാഹനമേകുമെന്നും വത്തിക്കാനിലേക്കുള്ള മംഗോളിയൻ അംബാസഡർ ശ്രീമതി ജെരെൽമാ ദവാസുരൻ പറഞ്ഞു.