സാഹോദര്യത്തെ “സംഘർഷങ്ങളുടെ രാത്രിയെ തടയുന്ന വെളിച്ചം” എന്നടയാളപ്പെടുത്തി ഫ്രാൻസിസ് പാപ്പ. നമ്മെ ഒന്നിപ്പിക്കുന്ന സാഹോദര്യത്തിന്റെ വികാരം വിദ്വേഷത്തേക്കാളും അക്രമത്തേക്കാളും ശക്തമാണെന്ന് കലഹിക്കുന്നവരെ നാം ഓർമ്മിപ്പിക്കണമെന്നും ജൂൺ 10ന് വത്തിക്കാനിൽ നടന്ന മനുഷ്യ സാഹോദര്യത്തെക്കുറിച്ചുള്ള ലോക മീറ്റിംഗിൽ പാപ്പ പറഞ്ഞു.
സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ നടന്ന സംഗമത്തിൽ ലോകമെമ്പാടുമുള്ള നിരവധി കലാകാരന്മാരും, സാമൂഹ്യ-രാഷ്ട്രീയ നേതാക്കളുമാണ് ലോകസമാധാനത്തിനും ഐക്യത്തിനുമായി ഒത്തുചേർന്നത്. ”യുദ്ധം വേണ്ട” എന്ന് നിലവിളിക്കാൻ ഒരു മടിയും കാണിക്കരുതെന്നും പാപ്പ ആഹ്വാനം ചെയ്തു. കൊളംബിയ മുൻ പ്രസിഡന്റ് ജുവാൻ മാനുവൽ സാന്റോസ്, കോസ്റ്ററിക്ക മുൻ പ്രസിഡന്റ് ഓസ്കാർ ഏരിയാസ് സാഞ്ചസ് എന്നിവരുൾപ്പെടെ 29 സമാധാന നോബൽ സമ്മാനജേതാക്കൾ സംഗമത്തിൽ പങ്കെടുത്തു.