വത്തിക്കാൻ: ഈസ്റ്റർ ഞായറാഴ്ച ദിവ്യബലിക്ക് ശേഷം, ഫ്രാൻസിസ് പാപ്പ നഗരത്തിനും ലോകത്തിനും തൻ്റെ പരമ്പരാഗത ഈസ്റ്റർ സന്ദേശം (‘ഉർബി എത്ത് ഓർബി’) നൽകി അനുഗ്രഹിച്ചു. രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് ജറുസലേമിൽ നിന്ന് പ്രഖ്യാപിച്ച സന്ദേശം: “ക്രൂശിക്കപ്പെട്ട നസ്രത്തിലെ യേശു ഉയിർത്തെഴുന്നേറ്റു!” (മർക്കോസ് 16:6). യേശുവിൻ്റെ ശവകുടീരം ഒരു വലിയ കല്ലുകൊണ്ട് മുദ്രയിട്ടത് അനുസ്മരിച്ചുകൊണ്ട്, യുദ്ധം, മനുഷ്യാവകാശ ലംഘനങ്ങൾ, മനുഷ്യകടത്ത്, മതപീഡനങ്ങൾ പോലുള്ള കല്ലുകൾ ഇന്നും മനുഷ്യരാശിയുടെ പ്രതീക്ഷകളെ തടയുന്നു. ഈസ്റ്റർ പ്രഭാതത്തിലെ അത്ഭുതകരമായ കണ്ടെത്തലാണ് വലിയ കല്ല് ഉരുട്ടിമാറ്റിയിരിക്കുന്നതും ശൂന്യമായ കല്ലറയും. ഇതിൽ നിന്നും എല്ലാം പുതുതായി ആരംഭിക്കുന്നു. മാനവ പ്രതിസന്ധിക്ക് കാരണമായ കല്ലുകൾ ഉരുട്ടിമാറ്റി പുത്തൻ പ്രതീക്ഷകൾക്ക് തുടക്കം കുറിക്കണമെന്നും പാപ്പ തന്റെ സന്ദേശത്തിൽ പറഞ്ഞു.
സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ചത്വരത്തിൽ പ്രത്യക്ഷപ്പെട്ട പാപ്പ സെൻ്റ് പീറ്റേഴ്‌സ് സ്ക്വയറിൽ സന്നിഹിതരായ അറുപതിനായിരത്തോളം തീർത്ഥാടകരെ ആശീർവദിച്ചു. ഒപ്പം ലോകത്തിന് വേണ്ടിയും പ്രത്യേകിച്ച് വിശുദ്ധനാട്, ഉക്രെയ്ൻ, മ്യാൻമർ, സിറിയ, ലെബനൻ, ആഫ്രിക്ക എന്നിവടങ്ങളിൽ യാതനകൾ അനുഭവിക്കുന്ന ജനങ്ങൾക്കുവേണ്ടിയും പ്രാർത്ഥിച്ചു.