മണിപ്പൂരിൽ നടക്കുന്ന അക്രമ സംഭവങ്ങളെ അപലപിച്ചും എത്രയും വേഗം സമാധാനം സ്ഥാപിക്കണമെന്നാവശ്യപ്പെട്ട്കൊണ്ടും പാളയം ഫൊറോന ക്രിസ്തീയ വിശ്വാസ ജീവിത പരിശീലന കമ്മീഷന്റെ നേതൃത്വത്തിൽ വിവിധ ഇടവകകളിൽ പ്രതിഷേധ റാലിയും പ്രാർത്ഥനാ കൂട്ടായ്മയും നടന്നു.പാളയം ഫെറോനയിലെ 20 കേന്ദ്രങ്ങളിലായാണ് മതബോധന സമിതി പ്രതിഷേധ റാലിയും സമ്മേളനങ്ങളും നടത്തിയത്. ഇതിന്റെ ഫൊറോനാതല ഉദ്ഘാടനം പാളയം ഫൊറോന ക്രിസ്തീയ വിശ്വാസ ജീവിത പരിശീലന ഡയറക്ടർ ഫാദർ ജെറോം അമൃതയ്യൻ നിർവ്വഹിച്ചു.
മൗനം വെടിഞ്ഞ് സർക്കാർ സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിച്ച് എത്രയും വേഗം മണിപ്പൂരിൽ സമാധാനം പുൻസ്ഥാപിക്കണമെന്ന് എല്ലാ കേന്ദ്രങ്ങളിലും മതബോധന വിദ്യാർത്ഥികളും അധ്യാപകരും ആവശ്യപ്പെട്ടു.സ്ത്രീത്വത്തെ മാനിക്കുക, മനുഷ്യജീവന് വിലകല്പ്പിക്കുക, സമാധാനം പുനസ്ഥാപിക്കുക, മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുക, അധികാരികൾ നിസ്സംഗത വെടിയുക, മണിപ്പൂരിനെ രക്ഷിക്കൂ മനുഷ്യത്വം കാണിക്കൂ… തുടങ്ങിയ മുദ്രാവാക്യങ്ങൾ പ്രതിഷേധ റാലിയിൽ മുഴങ്ങി. പ്രതിഷേധ റാലിയിലും പ്രാർത്ഥന കൂട്ടായ്മയിലും ആയിരക്കണക്കിന് കുട്ടികൾ പങ്കെടുത്തു.