കൊല്ലം: പരമ്പരാഗത മത്സ്യത്താഴിലാളികളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കപ്പെടേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്ന് കൊല്ലം ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി പറഞ്ഞു. വിഴിഞ്ഞം തീരദേശസമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മൂലമ്പിള്ളിയിൽ നിന്നും വിഴിഞ്ഞത്തേക്ക് നടത്തുന്ന ജനബോധന യാത്രയുടെ നാലാം ദിവസത്തെ സമാപന സമ്മളനം
ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അനാവശ്യ ആരോപണങ്ങൾ ഉന്നയിച്ച് സമരത്തെ തകർക്കാൻ ശ്രമിക്കുന്നവർക്ക് മറ്റെന്തോ ലക്ഷ്യമുണ്ട്. വിഴിഞ്ഞം സമരം കേരള തീരത്തിന് മുഴുവൻ വേണ്ടിയാണ് എന്ന കാര്യം നാം തിരിച്ചറിയണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പോർട്ട് കൊല്ലം തുറമുഖ കവാടത്തിൽ നടന്ന സമ്മേളനത്തിൽ കൊല്ലം രൂപത വികാരി ജനറൽ മോൺ. വിൻസെന്റ് മച്ചാഡോ അധ്യക്ഷനായിരുന്നു.
ജാഥാ ക്യാപ്റ്റൻ ജോസഫ് ജൂഡ് മുഖ്യപ്രഭാഷണം നടത്തി. സാമൂഹിക പ്രവർത്തകൻ എം.കെ. സലിം വിഷയാതവരണം നടത്തി. വലിയതുറ സിമന്റ് ഗോഡൗൺ ദുരിതാശ്വാസ ക്യാമ്പിൽ താമസിക്കുന്ന ബെനഡിക്റ്റ് മേരി അനുഭവം പങ്കുവെച്ചു.
വൈസ് ക്യാപ്റ്റൻ അഡ്വ. ഷെറി ജെ തോമസ്, കെആർഎൽസിസി ജനറൽ സെക്രട്ടറി ഫാ.തോമസ് തറയിൽ ജാഥ കൺവീനർ പി.ജെ.തോമസ്, അല്മായ കമ്മീഷൻ ഡയറക്ടർ ഫാ.ജോർജ് സെബാസ്റ്റ്യൻ, കെഎൽസിഎ രൂപത പ്രസിഡന്റ് അനിൽ ജോൺ, കെസിവൈഎം പ്രസിഡന്റ് കിരൺ ക്രിസ്റ്റഫർ, ഡോ.ജേക്കബ് വടക്കുംചേരി, കെഎൽസി ഡബ്ലു എ വൈസ് പ്രസിഡന്റ് സീറ യോഹന്നാൻ, അല്മായ കമ്മീഷൻ സെക്രട്ടറി പ്രൊഫ.എസ്.വർഗീസ് എന്നിവർ പ്രസംഗിച്ചു.
രാവിലെ വിവിധ സ്ഥലങ്ങളിൽ നടന്ന സ്വീകരണ യോഗങ്ങളിൽ ജാഥാ സ്ഥിരം അംഗങ്ങളായ ഫാ. ജിജു അറക്കത്തറ, ഫാ.മാത്യു പുതിയാത്ത്, ഫാ.ഷാജ് കുമാർ, വിൻസ് പെരിഞ്ചേരി, സിബി ജോയ്,ജസ്റ്റീന ഇമ്മാനുവൽ എന്നിവർ പ്രസംഗിച്ചു.