മത്സ്യത്തൊഴിലാളികളുടെ അതിജീവന പോരാട്ടം 62 ദിവസങ്ങൾ പിന്നിടുന്നു. ജൂലൈ ഇരുപതാം തീയതി സെക്രട്ടറിയേറ്റ് പഠിക്കൽ ആരംഭിച്ച സമരം രണ്ടാംഘട്ടത്തിൽ മേഖലാതല റാലികൾ, പ്രചരണ പരിപാടികൾ, പൊതുസമ്മേളനങ്ങൾ എന്നിവയിലൂടെ കടന്നുപോയി.
മൂന്നാം ഘട്ടമായി മത്സ്യത്തൊഴിലാളികളുടെ തൊഴിൽ ഉപകരണങ്ങളും മത്സ്യബന്ധന യാനങ്ങളുമായി ഓഗസ്റ്റ് പത്താം തീയതി സെക്രട്ടറിയേറ്റിലേക്ക് മാർച്ച് ചെയ്തു. അപ്പോഴും ഭരണസിരാകേന്ദ്രങ്ങളിൽ നിന്ന് ആറ് കിലോമീറ്റർ മാത്രമുള്ള വലിയതുറ ഗോഡൗണുകളിലും സ്കൂൾ വരാന്തകളിലും കഴിയുന്ന തുറമുഖ നിർമ്മാണത്തിന്റെ ഇരകളായ 350 ഓളം കുടുംബങ്ങളുടെ സ്ഥിതി കാണാൻ ഭരണകൂടം മിഴി തുറക്കുന്നില്ല.
ആഗസ്റ്റ് പതിനാറാം തിയതി കരിദിനം പ്രഖ്യാപിച്ചുകൊണ്ട് യുവജനങ്ങളും തീരദേശവാസികളും കരിങ്കൊടികളുമായി പോർട്ട് കവാടത്തിലേക്ക് മാർച്ച് ചെയ്യുകയും രാപ്പകൽ സമരം ആരംഭിക്കുകയും ചെയ്തു. നിലവിൽ റിലേയ് ഉപവാസ സമരത്തിലാണ് സമരക്കാർ. നാളെ മൂലമ്പിള്ളിയിൽ നിന്നും ആരംഭിച്ച ബഹുജന മാർച്ച് ഉച്ചതിരിഞ്ഞ് രണ്ടരയോടുകൂടി വിഴിഞ്ഞം മത്സ്യബന്ധന ഹാർബറിൽ എത്തിച്ചേരും.