പരുത്തിയൂർ: പരുത്തിയൂർ ഇടവകയിൽ നഴ്സസ് ദിനാചരണം സമുചിതമായി ആചരിച്ചു. മെയ് 11 തിങ്കളാഴ്ച രാവിലെ നടന്ന ദിവ്യബലിയിൽ സാന്ത്വനം വോളണ്ടിയർമാർ നേതൃത്വം നൽകി. ഫാ. ജിബിൻ ജെയിംസ് ദിവ്യബലിക്ക് മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് നടന്ന യോഗത്തിൽ ഇടവക വികാരി ഫാ. ഡേവിഡ്സൻ ജസ്റ്റസ് അധ്യക്ഷത വഹിച്ചു. സമൂഹത്തിലെ നിരാലംബരും ദരിദ്രരുമായ രോഗികൾക്ക് സേവനം നൽകുന്ന സാന്ത്വനം വോളണ്ടിയർമാരെ ഇടവക വികാരി പ്രശംസിച്ചു. ജൂബിലി മെമ്മോറിയൽ ആശുപത്രിയുമായി സഹകരിച്ച് 11 വാർഡിലും വോളണ്ടിയർമാർ നൽകുന്ന സേവനങ്ങൾ അമൂല്യമാണെന്നും തുടർന്നും ആർജവത്തോടെ ഈ ആതുരസേവനം മുന്നോട്ട് കൊണ്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു. ആനിമേറ്റർ സിസ്റ്റർ ലീസ ആശംസകൾ നേർന്നു. അൽമായ ശുശ്രൂഷ ഭാരവാഹികൾ ദിനാചരണത്തിന് നേതൃത്വം നൽകി.

