തിരുവനന്തപുരം: അന്താരാഷ്ട്ര പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്, പ്രകൃതി സംരക്ഷണത്തിന് ഊന്നൽ നൽകിക്കൊണ്ട് കെസിവൈഎം നെല്ലിയോട് യൂണിറ്റ് പേട്ട റെയിൽവേ സ്റ്റേഷനിൽ നടത്തിയ ശുചീകരണ പ്രവർത്തനം ശ്രദ്ധനേടി. “ഗ്രീൻ ട്രാക്ക്: നെല്ലിയോട് ടു പേട്ട” എന്ന പേരിൽ ജൂൺ 3-ന് നടത്തിയ പ്രവർത്തനം പേട്ട റെയിൽവേ സ്റ്റേഷനിലെ ദയനീയ അവസ്ഥയിലായിരുന്ന പൂന്തോട്ടത്തിന് പുതുജീവൻ നൽകി. മാസങ്ങളായി മാലിന്യം നിറഞ്ഞ് കാടുപിടിച്ച് കിടന്നിരുന്ന പൂന്തോട്ടം പുനർനിർമ്മിച്ചതിലൂടെ പരിസ്ഥിതിയോടുള്ള തങ്ങളുടെ പ്രതിബദ്ധത തെളിയിക്കാൻ കെസിവൈഎം നെല്ലിയോട് യൂണിറ്റിന് സാധിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെയുള്ളവ നീക്കം ചെയ്യുന്നതിലും പ്രവർത്തകർ ശ്രദ്ധപതിപ്പിച്ചു.
കെസിവൈഎം നെല്ലിയോട് യൂണിറ്റിലെ അംഗങ്ങളായ ലിജു അലക്സ്, ശ്രീജിത്ത് ആർ, എഡ്വിൻ ജി, ഗോഡ്വിൻ ജി, ജിജോ എം എ, ജിനു എം എ എന്നിവർ ഈ ഉദ്യമത്തിൽ സജീവമായി പങ്കെടുത്തു. റെയിൽവേ വകുപ്പ് ഉദ്യോഗസ്ഥരും ഈ പരിസ്ഥിതി സംരക്ഷണ പ്രവർത്തനത്തിൽ സഹകരിക്കുകയും യുവജനങ്ങൾക്ക് ആവശ്യമായ പിന്തുണ നൽകുകയും ചെയ്തു. പരിസ്ഥിതി സംരക്ഷണത്തിനായി കെസിവൈഎം നെല്ലിയോട് യൂണിറ്റ് നടത്തിയ ഈ പ്രവർത്തിയെ റെയിൽവേ അധികൃതരും പൊതുസമൂഹവും പ്രശംസിച്ചു. സീനിയർ ഡി.എം.ഒ., ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ വിഭാഗത്തിലെ ഡോക്ടർ ശ്രുതി, പ്രവർത്തകരെ അഭിനന്ദിക്കുകയും ഇത്തരം പ്രവർത്തനങ്ങൾ സമൂഹത്തിന് മാതൃകയാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.