പുതിയതുറ: പുതിയതുറ ഇടവകയിൽ 15 വർഷമായി ആത്മീയ, വിദ്യാഭ്യാസ മേഖലയിലും കാരുണ്യ പ്രവർത്തനങ്ങളിലും ഒത്തിരിയേറെ വ്യത്യസ്തമാർന്ന പ്രവർത്തനങ്ങൾ കാഴ്ചവ്യ്ക്കുന്ന പുരുഷന്മാരംഗങ്ങളായ അൽമായ കൂട്ടായ്മയാണ് വിശുദ്ധ ഔസേപ്പിതാസഭ. ലോകത്തിന് സമാധാനത്തിന്റെയും ശാന്തിയുടെയും സന്ദേശങ്ങൾ നല്കി ദൈവസന്നിധിയിലേക്ക് യാത്രയായ ഫ്രാൻസിസ് പാപ്പയുടെ മുപ്പാതാം ചരമദിനാചരണത്തിന്റെ ഭാഗമായി ഇടവകയിൽ അനുസ്മരണ ദിവ്യബലി നടത്തി.
മേയ് 19 തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് കുരിശടി ചാപ്പലിൽ നടന്ന ദിവ്യബലിക്ക് ഇടവക വികാരി റവ. ഡോ.ഗ്ലാഡിൻ അലക്സ് മുഖ്യകാർമികത്വം വഹിച്ചു. സഹവികാരി ഫാ. ഫ്രഡി വർഗീസ് സഹകാർമികനായിരുന്നു. അനുസ്മരണ ദിവ്യബലിയിൽ 100 കണക്കിന് വിശ്വാസികൾ പങ്കെടുത്തു. അനുസ്മരണ ദിവ്യബലിക്ക് പങ്കെടുത്ത വിശ്വാസികൾ ഫ്രാൻസിസ് പാപ്പായുടെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും പ്രാർത്ഥന നിയോഗങ്ങളും സമർപ്പിച്ചു. പാപ്പായുടെ വ്യത്യസ്തങ്ങളായ 150 ഓളം ചിത്രങ്ങൾ അണിനിരത്തി എക്സിബിഷനും ഫ്രാൻസിസ് പാപ്പായുടെ വേർപാടുമായി ബന്ധപ്പെടുന്ന പത്രവാർത്തകളും ചിത്രങ്ങളും കോർത്തിണക്കി നാല്പതോളം പേജുള്ള ആൽബവും പ്രദർശിപ്പിച്ചു. ഫ്രാൻസിസ് പാപ്പ രോഗാവസ്ഥയിലായിരുന്ന നാളുകളിലും എല്ലാ ശനിയാഴ്ചകളിലും സഭാംഗങ്ങൾ ഒരുമിച്ചുകൂടി പ്രാർത്ഥിക്കുക പതിവായിരുന്നു.