പുതിയതുറ: പുതിയതുറ വിശുദ്ധ വിന്‍സെന്‍റ് ഡി. പോള്‍ സൊസൈറ്റി വിശുദ്ധ നിക്കൊളാസ് കോണ്‍ഫ്രന്‍സിന്‍റെ 50-ാം വാര്‍ഷികം 2024 സെപ്റ്റംബര്‍ മാസം 27, 28, 29 തിയതികളില്‍ ആഘോഷിച്ചു. 27-ാം തിയതി മെമ്മോറി സ്കോളര്‍ഷിപ്പിനുവേണ്ടി സംഭാവന ചെയ്ത കുടുംബങ്ങളിലെ മരണമടഞ്ഞവര്‍ക്കുവേണ്ടി ദിവ്യബലി അര്‍പ്പിച്ചു. സെപ്തംബർ 28 ന് സെന്‍റ്. നിക്കൊളാസ് കമ്മ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന 50-ാം വാര്‍ഷിക സമ്മേളനം തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ സഹായമെത്രാന്‍ ബിഷപ് ക്രിസ്തുദാസ് ആര്‍ ഉത്ഘാടനം ചെയ്തു. സമൂഹത്തില്‍ വേദന അനുഭവിക്കുന്നവര്‍ക്ക് അത്താണിയായും, അതിരൂപതയിലെ ഇടയാര്‍ ഇടവകയെ ദത്തെടുത്ത് നടത്തുന്ന പ്രവർത്തനങ്ങളെ അദ്ദേഹം ആഭിനന്ദിച്ചു. നല്ല സമരിയാക്കാരനെപ്പോലെ കരുണയോടെ കൂടുതല്‍ പ്രവര്‍ത്തനം ചെയ്യാന്‍ ദൈവം സെന്‍റ് വിന്‍സെന്‍റ് ഡി. പോള്‍ സൊസൈറ്റിയിലൂടെ പുതിയതുറ ഇടവക സമൂഹത്തെ അനുഗ്രഹിക്കട്ടേയെന്ന് ആശംസിച്ചു.
യോഗത്തില്‍ സെന്‍റ്. നിക്കൊളാസ് കോണ്‍ഫ്രന്‍സ് പ്രസിഡന്‍റ് ബ്രദര്‍. പി. വില്യം അദ്ധ്യക്ഷനായിരുന്നു. സെന്‍ട്രല്‍ കൗണ്‍സില്‍ ആദ്ധ്യാത്മീക ഉപദേഷ്ടാവ് ഫാ. ജോസഫ് ബാസ്റ്റിന്‍, അൽമായ ശുശ്രൂഷ ഡയറക്ടര്‍ ഫാ. മൈക്കിള്‍ തോമസ്, പുതിയതുറ ഇടവകവികാരി ഫാ. ഗ്ലാഡിന്‍ അലക്സ് സെന്‍ട്രല്‍ കൗണ്‍സില്‍ പ്രസിഡന്‍റ് ബ്രദര്‍. ഡി. ഫ്രാന്‍സീസ്, കരുംകുളം പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി. ഫ്രീഡ സൈമണ്‍, പുതിയതുറ ഏര്യാ കൗണ്‍സില്‍ പ്രസിഡന്‍റ് ബ്രദര്‍. ആന്‍റണി ലോപ്പസ് എന്നിവര്‍ സംസാരിച്ചു. ബ്രദര്‍. ആര്‍. സക്കറിയാസ് അംഗങ്ങള്‍ക്ക് പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. ബ്രദര്‍. ആന്‍റണി തോമസ് റിപ്പോര്‍ട്ടും, ദുബായ് കോണ്‍ഫ്രന്‍സ് പ്രസിഡന്‍റ് ബ്രദര്‍. തോബിയാസ് വിന്‍സെന്‍റ് സ്വാഗതവും, സെന്‍റ് .ജോസഫ് വനിത കോണ്‍ഫ്രന്‍സ് മുന്‍ പ്രസിന്‍റ് ആയിരുന്ന സിസ്റ്റര്‍ ചെറുപുഷ്പം ലോറന്‍സ് കൃതജ്ഞതയും അര്‍പ്പിച്ചു. നിര്‍മ്മല ഫ്രഡി ബൈബിള്‍ വായനയും നടത്തി.
യോഗാനന്തരം എസ്.എസ്.എല്‍.സി., പ്ലസ് ടു, ഹയര്‍സ്റ്റഡി, സ്പോര്‍ട്സ് എന്നീ തലങ്ങളില്‍ ഉന്നത വിജയം നേടിയവര്‍ക്കും, സാധുക്കളായ കുട്ടികള്‍ക്കും വിദ്യാഭ്യാസ സഹായം, കിഡ്നി പേഷ്യന്‍റിന് ചികിത്സാ സഹായം, മെമ്മൊറിയല്‍ സ്കോളര്‍ഷിപ്പ്, ഇടയാര്‍ ഇടവകക്കുള്ള സഹായം, ആഴാകുളം വൃദ്ധസദനമായ ഓസ്സാനം കാരുണ്യ ഭവനിലെ അന്തേവാസികള്‍ക്കുള്ള ധനസഹായം എന്നിവ വിതരണം ചെയ്തു. സംഘടനയില്‍ അംഗങ്ങളായി പ്രവര്‍ത്തിച്ചു 50 വര്‍ഷം തികഞ്ഞ ബ്രദര്‍മാരായ എം.പി. മര്യദാസന്‍, ജെ. പീറ്റര്‍, ബി. സേവ്യര്‍, ആര്‍. സക്കറിയാസ് എന്നിവരെ ആദരിച്ചു.