കൊച്ചി: കേരളത്തിലെ ലത്തീന്‍ കത്തോലിക്കരുടെ ഉന്നത നയരൂപീകരണ ഏകോപന സമിതിയായ കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) അടുത്ത മൂന്നുവര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. എറണാകുളം ആശീര്‍ഭവനില്‍ ചേര്‍ന്ന 42-ാമത് ദ്വിദിന ജനറല്‍ കൗണ്‍സില്‍ യോഗത്തിലായിരുന്നു അടുത്ത മൂന്നുവര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തത്. നിലവിലെ വൈസ് പ്രസിഡന്റും സമുദായ വക്താവുമായ ജോസഫ് ജൂഡ് വീണ്ടും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സിസ്റ്റര്‍ ജൂഡി ബിഎസ് ആണ് (ബഥനി) റിലീജിയസ് വൈസ്പ്രസിഡന്റ്. സെക്രട്ടറിമാരായി കെ.എൽ.സി.എ തിരുവനന്തപുരം അതിരൂപത പ്രസിഡന്റ് പാട്രിക് മൈക്കിള്‍, പ്രബലദാസ് (നെയ്യാറ്റിന്‍കര), മെറ്റില്‍ഡ മൈക്കിള്‍ (കൊച്ചി) എന്നിവരേയും തിരഞ്ഞെടുത്തു. ബിജു ജോസി (ആലപ്പുഴ)യാണ് ട്രഷറര്‍. കെആര്‍എല്‍സിബിസി പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കലിനുമുമ്പാകെ ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു.
കെആര്‍എല്‍സിസിയുടെ രാഷ്ട്രീയപ്രമേയം അവതരിപ്പിച്ച് അംഗീകരിച്ചു. കെആര്‍എല്‍സിസി അസോസിയേറ്റ് ജനറല്‍ സെക്രട്ടറി റവ. ഡോ. ജിജു ജോര്‍ജ് അറക്കത്തറ, രാഷ്ട്രീയകാര്യ സമിതിയുടെ ജോയിന്റ് കണ്‍വീനര്‍ അഡ്വ. ഷെറി ജെ തോമസ്, പി.ജെ തോമസ്, ഷിബു ജോസഫ്, അല്മായ കമ്മീഷന്‍ സെക്രട്ടറി ഫാ. ഷാജ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.