ന്യൂഡല്‍ഹി: ഇന്ത്യയിലെ പുതിയ അപ്പസ്തോലിക് ന്യൂണ്‍ഷ്യോയായി ആർച്ച്ബിഷപ് വാള്‍ഡെമാര്‍ സ്റ്റാനിസ്ലാവ് സോമ്മര്‍ടാഗിനെ (58) ലിയോ പതിനാലാമന്‍ മാര്‍പാപ്പ നിയമിച്ചു. ഭാരത സര്‍ക്കാരുമായുള്ള വത്തിക്കാന്റെ നയതന്ത്ര പ്രതിനിധിയായും ഇന്ത്യയിലെ കത്തോലിക്കാ സഭയില്‍ പാപ്പയുടെ പ്രതിനിധിയായുമായിട്ടാണ് അദ്ദേഹം പ്രവര്‍ത്തിക്കുക.
പോളണ്ടിലെ വീക്ബോര്ക്കില് 1968 ഫെബ്രുവരി ആറിന് ജനിച്ച അദ്ദേഹം 1993 മെയ് 30-നാണ് പൗരോഹിത്യം സ്വീകരിച്ചത്. റോമില്‍ നിന്ന് നയതന്ത്രപഠനം പൂര്‍ത്തിയാക്കിയ ശേഷം 2000 ജൂലൈ ഒന്നിന് വത്തിക്കാന്‍ നയതന്ത്ര സര്‍വീസില്‍ പ്രവേശിച്ചു. ടാന്‍സാനിയ, നിക്കരാഗ്വ, ബോസ്നിയ-ഹെര്‍സ ഗോവിന, മോണ്ടിനെഗ്രോ, ഇസ്രായേല്‍, പലസ്തീന്, സൈപ്രസ് എന്നീ രാജ്യങ്ങളില്‍ സേവനമനുഷ്ഠിച്ച അദ്ദേഹം 2013 മുതല്‍ 2018 വരെ വത്തിക്കാന്‍ വിദേശകാര്യ സെക്രട്ടറിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. 2018-ല്‍ ഫ്രാന്‍സിസ് പാപ്പയില്‍ നിന്ന് മെത്രാഭിഷേകം സ്വീകരിച്ച് നിക്കരാഗ്വയിലെ അപ്പസ്തോലിക് ന്യൂണ്‍ഷ്യോയായി നിയമിതനായി. 2022 സെപ്റ്റംബര്‍ മുതല്‍ സെനഗല്‍, കേപ് വെര്‍ദെ, ഗിനിയ-ബിസ്സാവു, മൗറിത്താനിയ എന്നിവിടങ്ങളിലെ വത്തിക്കാന്‍ സ്ഥാനപതിയായി പ്രവര്‍ത്തിച്ചു വരുകയായിരുന്നു.

