വത്തിക്കാന്‍ സിറ്റി: തന്റെ ശ്വാസകോശത്തില്‍ ചെറിയ മുഴ കണ്ടെത്തിയെന്ന് വെളിപ്പെടുത്തി ലിയോ പതിനാലാമന്‍ പാപ്പ. എഴുപത്തൊന്നുകാരനായ പാപ്പ ഉടന്‍ ശസ്ത്രക്രിയയ്ക്ക് വിധേയമാകും. റോമിലെ അഗോസ്റ്റിനോ ജെമെല്ലി പോളിക്ലിനിക് ആശുപത്രിയിലാണ് ശസ്ത്രക്രിയ നടക്കുന്നത്. ഒരാഴ്ച വിശ്രമം വേണ്ടി വരും.
മുഴ വളരെ പ്രാരംഭ ഘട്ടത്തിലാണെന്നും ഒരു പ്രത്യേക ഭാഗത്ത് മാത്രം പരിമിതമാണെന്നും പാപ്പ പറഞ്ഞു. ഞായറാഴ്ച ആഞ്ചലൂസ് പ്രാര്‍ഥനയ്ക്കായി ഒത്തുകൂടിയ വിശ്വാസികളോടാണ് മാര്‍പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വത്തിക്കാന്‍ അറിയിച്ചു. പതിവ് ആരോഗ്യ പരിശോധനയ്ക്കിടെയാണ് മുഴ കണ്ടെത്തിയത്.
‘ഈ ആഴ്ചയുടെ ആദ്യ ദിവസങ്ങളിലാണ് ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുന്നത്. ശസ്ത്രക്രിയയ്ക്കു ശേഷമുള്ള വിശ്രമവും രോഗമുക്തിയും ഏകദേശം ഒരാഴ്ച വരെ നീണ്ടു നില്‍ക്കുമെന്നാണ് കണക്കാക്കുന്നത്’- മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി വത്തിക്കാന്‍ പ്രസ് ഓഫീസ് ഡയറക്ടര്‍ മത്തിയോ ബ്രൂണി വ്യക്തമാക്കി.

