മൂന്നാർ: മൂന്നാർ മൗണ്ട് കാർമൽ ദേവാലയ ബസിലിക്ക പ്രഖ്യാപനം ആയിരങ്ങളെ സാക്ഷിയാക്കി നിർവഹിച്ചപ്പോൾ ഇടവക സമൂഹത്തിന് ആത്മഹർഷം. ഫ്രാൻസിസ് പാപ്പയുടെ ഡിക്രി വിജയപുരം രൂപത സഹായമെത്രാൻ ഡോ. ജസ്റ്റിൻ മഠത്തിൽപ്പറമ്പിൽ വായിച്ചതോടെയാണ് ദേവാലയത്തിന്റെ ബസിലിക്ക പദവി യാഥാർത്ഥ്യമായത്. തുടർന്ന് മാർപാപ്പയുടെ ഡിക്രി വിജയപുരം ബിഷപ്പ് ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ റെക്ടർ ഫാ.മൈക്കിൾ വലയിഞ്ചിയിലിനു കൈമാറി.
തിരുവനന്തപുരം ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ ദേവാലയത്തിന്റെ പ്രവേശന കവാടത്തിൽ സ്ഥാപിച്ച ബസിലിക്കയുടെ സ്ഥാനചിഹ്നം അനാച്ഛാദനം ചെയ്തു. മേയ് 25, ശനിയാഴ്ച ഉച്ചയ്ക്ക് 1.15-ഓടെയായിരുന്നു പ്രൗഢഗംഭീരമായ ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്. മൂന്നാർ ടൗണിൽ സ്ഥാപിതമായ വിശുദ്ധ അന്തോനീസിൻ്റെ കുരിശടിയിൽ നിന്നു ഭക്തിസാന്ദ്രമായ പ്രദക്ഷിണത്തോടെയായിരുന്നു ചടങ്ങുകൾ ആരംഭിച്ചത്.
തുടർന്നു നടന്ന പൊന്തിഫിക്കൽ ദിവ്യബലിക്ക് വിജയപുരം ബിഷപ്പ് ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ മുഖ്യകാർമികത്വം വഹിച്ചു. സുവിശേഷവത്കരണം ഉജ്വലിപ്പിക്കുന്ന ദൈവതീക്ഷ്‌ണതയുടെയും ആത്മ സമർപ്പണത്തിന്റെയും അടയാളമായി മൂന്നാർ ബസിലിക്ക ഉയർന്നു നിൽക്കുമെന്നും പ്രകൃതിരമണീയമായ മൂന്നാറിന് സ്വർഗം നൽകിയ സമ്മാനവും പരിശുദ്ധ റോമാ സിംഹാസനം നൽകിയ അംഗീകാരവുമാണ് ബസിലിക്ക പദവിയെന്നും ദിവ്യബലിമധ്യേ നൽകിയ സന്ദേശത്തിൽ ബിഷപ്പ് പറഞ്ഞു.