വട്ടിയൂർക്കാവ്: അതിരൂപത ബിസിസി കമ്മിഷന്റെ നേതൃത്വത്തിൽ കുടുംബകേന്ദ്രീകൃത അജപാലന ദൗത്യം നിർവഹിക്കുന്ന ഹോംമിഷൻ വട്ടിയൂർക്കാവ് ഇടവകയിൽ പൂർത്തിയായി. ആഗസ്റ്റ് 10-ാം തിയതി ആരംഭിച്ച ഹോം മിഷൻ മൂന്നാം ഘട്ടം അതിരൂപത വികാർ ജനറൽ മോൺ. യൂജിൻ എച്ച് പെരേര ഉദ്ഘാടനം ചെയ്തു. തിരുസഭയിൽ രണ്ടാം വത്തിക്കാൻ കൗൺസിലോടെ ആരംഭിച്ച നവീകരണ പ്രക്രീയ അതിരൂപതയിൽ ഹോം മിഷനിലൂടെ കുടുംബനവീകരണത്തിൽ എത്തിനില്ക്കുന്നതായി മോൺ. യൂജിൻ എച്ച്. പെരേര അഭിപ്രായപ്പെട്ടു.
ആഗസ്റ്റ് 15 ന് അതിരൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ തോമസ് ജെ. നെറ്റോയുടെ മുഖ്യകാർമികത്വത്തിൽ നടന്ന ദിവ്യബലിയോടെ മൂന്നാംഘട്ടത്തിന് സമാപനമായി. ദിവ്യബലിമധ്യേ ഇടവകയുടെ സമഗ്ര വളർച്ചയ്ക്കും കുടുംബങ്ങളുടെ നവീകരണത്തിനും സഹായകരമാകുന്ന ഹോം മിഷനിലെ കണ്ടെത്തലുകൾ വായിക്കുകയും അത് അതിരൂപതാദ്ധ്യക്ഷന് കൈമാറുകയും ചെയ്തു. കുടുംബകേന്ദ്രീകൃത അജപാലനം നിർവഹിക്കുന്നവർ പരിശുദ്ധ കന്യകാമറിയത്തെ മാതൃകയാക്കണമെന്ന് അഭിവന്ദ്യ മെത്രാപ്പോലീത്ത ആഹ്വാനം ചെയ്തു. പരിശുദ്ധ കന്യകമറിയം തന്റെ ജീവിതത്തിൽ ദൈവത്തിനും, ബന്ധുജനങ്ങൾക്കും, തന്റെ ചുറ്റുമുള്ളവർക്കെല്ലാം ഇടം നൽകിയതുപോലെ നാമും നമ്മുടെ ജീവിതത്തിൽ കുടുംബാംഗങ്ങൾക്കും, ബന്ധുക്കൾക്കും, അയൽവാസികൾക്കുമൊക്കെ ഇടം നൽകുമ്പോഴാണ് കുടുംബകേന്ദ്രീകൃത അജപാലനം വിജയം കൈവരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അതിരൂപതയിൽ വിവിധ സന്യാസ ഭവനങ്ങളിലുള്ള 20 സന്യസ്തർ ഇടവകയിലെ ഭവനങ്ങളിൽ തമസിച്ചുകൊണ്ടാണ് ഹോം മിഷന്റെ മൂന്നാംഘട്ടം പുർത്തീകരിച്ചത്. ഓരോ ഭവനങ്ങളും സന്ദർശിച്ചും സംവദിച്ചും പ്രാർഥിച്ചും നടത്തിയ ഹോം മിഷന്റെ നാലംഘട്ടം ഇടവക വികാരി ഫാ. ലോറൻസ് കുലാസിന്റെ മേൽനോട്ടത്തിൽ ഇടവക അജപാലന സമിതിയുടെ നേതൃത്വത്തിൽ വരും ദിവസങ്ങളിൽ നടക്കും.