മ്രെതാപ്പൊലീത്തയുടെ 82-ാം ചരമ വാര്‍ഷികമാണ് 2024 ആഗസ്റ്റ് മാസം 17-ാം തീയതി. കൊല്ലം രൂപതയെ മുപ്പത്തിയൊന്നുവര്‍ഷക്കാലം നയിക്കുകയും നമ്മുടെ രൂപതയുടെയും കോട്ടാര്‍ രൂപതയുടെയും സംസ്ഥാപനത്തിന് നെടുനായകത്വം വഹിക്കുകയും ചെയ്ത ഈ പുണ്യശ്ലോകന്റെ ജീവിതം ഇതിഹാസതുല്യമാണ്.
അവിഭക്ത കൊല്ലംരുപത
20-ാം നൂറ്റാണ്ടിന്റെ ആദ്യ മുന്നുദശകങ്ങളില്‍ കൊല്ലംരൂപതയെ നയിക്കാന്‍ നിയോഗിതനായിരുന്ന ബെന്‍സിഗര്‍ മ്രെതാന്റെ കാലത്ത് രൂപതയുടെ അതിര്‍ത്തി വടക്ക് പമ്പാ നദിയും തെക്ക് കന്യാകുമാരിയുമായിരുന്നു. അതായത് ഇന്നത്തെ കൊല്ലം, പുനലൂര്‍, തിരുവനന്തപുരം, നെയ്യാറ്റിന്‍കര, കോട്ടാര്‍, കുഴിത്തുറ എന്നീ രൂപതയുടെ വിസ്തീര്‍ണമുണ്ടായിരുന്നു അവിഭക്തകൊല്ലം രൂപതയ്ക്ക്.
ബിഷപ്പ് ബെന്‍സിഗര്‍ – ജനനം, ബാല്യം
സ്വിറ്റ്സർലാന്‍ഡിലെ ‘ഐന്‍സിദിന്‍’ എന്ന സ്ഥലത്താണ് 1864 ജനുവരി 31 ന് “അഡല്‍റിക്ക്” എന്ന് പൂര്‍വാശ്രമത്തില്‍ വിളിച്ചിരുന്ന ബിഷപ്പ് ബി. മരിയ ബെന്‍സിഗറിന്റെ ജനനം. “ജോണ്‍ അഡല്‍റിക്ക് ബെന്‍സിഗറി’ന്റെയും “അന്ന മരിയ കോച്ച് വോണ്‍ ബോസ് വയല്‍’ – ന്റെയും ആറ് സന്താനങ്ങളില്‍ നാലാമനായിട്ടാണ് അഡല്‍റിക്കിന്റെ ജനനം. ഗവര്‍ണര്‍ സ്ഥാനത്തിന് പുറമേ ബന്‍സിഗര്‍ കുടുംബത്തിന്റെ അച്ചടി-പ്രസാധന വ്യവസായ സ്ഥാപനത്തിന്റെ തലവന്‍ കൂടിയായിരുന്നു പിതാവ് ജോണ്‍ അഡല്‍റിക് ബന്‍സിഗര്‍.
ഭാവിയില്‍ തന്റെ വ്യവസായ സ്ഥാപനങ്ങളുടെ സാരഥ്യം വഹിക്കേണ്ടത് അഡല്‍റിക്ക് ആണെന്ന കണക്കുകൂട്ടലില്‍ പിതാവ് മകന്‍ നല്ല വിദ്യാഭ്യാസം നല്‍കി. ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിന്‍ ബിസിനസ്, ബെല്‍ജിയത്തെ ബ്രസില്‍ വച്ച് ഫ്രഞ്ച്, മ്യൂസിക്, ഇറ്റാലിയന്‍, ലത്തീന്‍, ഇംഗ്ലണ്ടിലെ പ്രശസ്ത സ്ഥാപനത്തില്‍ നിന്നും ഇംഗ്ലീഷ്, വ്യക്തിത്വ വികസനം, ജര്‍മനിയിലെ ‘ഇക്സ്റ്റര്‍ട്ട് സര്‍വകലാശാലയില്‍ നിന്നും തത്വശാസ്ത്രം, ദൈവശാസ്ത്രം തുടങ്ങി എല്ലാം വളരെ പ്രശസ്തമായ രീതിയിലാണ് അഡര്‍റിക്ക് പൂര്‍ത്തിയാക്കിയത്.
തന്റെ വ്യവസായ സാമ്രാജ്യത്തിലല്ല ദൈവരാജ്യനിര്‍മ്മിതിയിലാണ് യുവാവായ അഡല്‍റിക്കിന് താല്പര്യം എന്ന് മനസ്സിലാക്കിയ പിതാവ്, പരി. പിതാവ് ലിയോ 13-ഠമനെ കണ്ട് അനുഗ്രഹം തേടാന്‍ മകനെ നിയോഗിച്ചു. തന്റെ സഹോദരിയോടൊപ്പം റോമില്‍
പോയി പരി. പിതാവിനെ കണ്ട് തിരിച്ചുവന്ന് 1884 മെയ് 26 ന് “ബ്രൂജ്” ലെ കര്‍മ്മലീത്താ ആശ്രമത്തില്‍ ചേര്‍ന്നു. (തിരുവിതാംകൂര്‍ മഹാരാജാവ് “മുനി” എന്ന് വിളിച്ച് ബഹുമാനിച്ചിരുന്ന ബിഷപ്പ് ബന്‍സിഗറിലേക്കുള്ള, അഡല്‍റിക്കിന്റെ പരിണാമം
അവിടെ തുടങ്ങുകയാണ്.)
1885 ല്‍ പ്രഥമ വ്രതവാഗ്ദാനവും 1888 ല്‍ നിത്യവ്രതവാഗ്ദാനവും നടത്തിയ ബ്രദര്‍ അലോഷ്യസ് മരിയ ബെന്‍സിഗര്‍ 1888 ഡിസം. 22 ന് ‘ഗെന്റ് ‘ ഭ്രദാസന ദൈവാലയത്തില്‍വച്ച് “ലാംബ്രട്ടസ്’ മ്രെതാനില്‍ നിന്നും വൈദികപട്ടം സ്വീകരിച്ച് ഫാ. അലോഷ്യസ് മരിയ ബന്‍സിഗറായി. തുടര്‍ന്ന് ആ വര്‍ഷത്തെ ക്രിസ്മസ് ദിനത്തില്‍ തന്റെ മാതൃഇടവകയായ ‘ഐന്‍സിദന്‍’ ബസലിക്കയില്‍ തന്റെ പ്രഥമ ദിവ്യബലിയര്‍പ്പണം നടത്തി.
ഇന്ത്യയില്‍ – മിഷനറി
1890 ല്‍ ഫാ. അലോഷ്യസ് മരിയ ബന്‍സിഗര്‍ ഇന്ത്യയിലെത്തിയപ്പോള്‍ മിഷനറി ആകണമെന്ന് തന്റെ എക്കാലത്തെയും ആദമ്യമായ ആഗ്രഹത്തിന്റെ പൂര്‍ത്തീകരണംകൂടിയായി അത് മാറി. അങ്ങനെ 1890 ഒക്ടോബര്‍ 9 ന് വാരാപ്പുഴയില്‍ പുത്തന്‍പള്ളി സെമിനാരിയില്‍ അദ്ദേഹം നിയമിതനായി. പിന്നിട് കിഴക്കിന്റെ അപ്പസ്തോലിക് ഡെലിഗേറ്റായ മോണ്‍. സലേസ്കിയുടെ സെക്രട്ടറിയായും നിയമിതനായി. അവിടെ തുടരവേ 1900-ല്‍ കൊല്ലം രൂപത മ്രെതാനായിരുന്ന മോണ്‍. ഓസ്സി തനിക്ക് ഒരു സഹായമെത്രാനെ അനുവദിക്കണമന്ന് പരിശുദ്ധ സിംഹാസനത്തോട് അപേക്ഷിക്കുകയും അതിന്‍പ്രകാരം അപ്പസ്തോല ഡലിഗേറ്റിന്റെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഫാ. ബെന്‍സിഗറിനെ പിന്തുടര്‍ച്ചാവകാശമുള്ള സഹായമെത്രാനായി 1900 ജൂലൈയില്‍ നിയമിച്ചുകൊണ്ട് പരി. സിംഹാനത്തില്‍ നിന്നും ഉത്തരവുണ്ടായി. 1900 നവം.18 ന് ഇന്നത്തെ ശ്രീലങ്കയിലെ കാന്‍ഡിയില്‍ വച്ച് ഫാ. ബന്‍സിഗര്‍ കൊല്ലം രൂപതയുടെ സഹായമെത്രാനായി അഭിഷേകം ചെയ്യപ്പെട്ടു.
കൊല്ലം രൂപതയില്‍ സഹായമെത്രാന്‍
കൊല്ലം രൂപതയില്‍ വികാരി ജനറലായി ചുമതലയേറ്റ ബി. ബന്‍സിഗര്‍, രൂപതയുടെ തല്‍സ്ഥിതിയെക്കുറിച്ച് വളരെ വിപുലമായ അവലോകനം നടത്തി. രൂപതയുടെ ദനീയാവസ്ഥ അദ്ദേഹത്തിന് ബോധ്യപ്പെട്ടു. അടിസ്ഥാന സൗകര്യങ്ങള്‍ എന്ന് നമ്മള്‍
ഇന്നുവിളിക്കുന്ന സൗകര്യങ്ങള്‍ ഒന്നും അന്ന് രൂപതയില്‍ ഉണ്ടായിരുന്നില്ല. ഭാവിയിലേക്ക് വൈദികരെ വാര്‍ത്തെടുക്കാന്‍ വേണ്ട സെമിനാരി അവിടെ ഇല്ലായിരുന്നു. അങ്ങനെ ഒന്നും തുടങ്ങാന്‍വേണ്ട സാമ്പത്തിക സ്ഥിതിയിലല്ലായിരുന്നു രൂപത. രൂപതയുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ യുറോപ്പില്‍ പര്യടനം നടത്താനും സുമനസ്സുകളുടെ സഹായം തേടാനുമുള്ള തീരുമാനത്തെ ബി. ഓസ്സി സര്‍വ്വാത്മന അംഗീകരിക്കുകയും ചെയ്തു. അതുപ്രകാരം ബി. ബന്‍സിഗര്‍ യുറോപ്പ് സന്ദര്‍ശിച്ച് അനേകരില്‍ നിന്നും സഹായം തേടി.
വി. റാഫേല്‍ സെമിനാരി
ബി. ബന്‍സിഗര്‍ 1902-ല്‍ രൂപതയ്ക്കുള്ള ധനശേഖരണാര്‍ത്ഥം യൂറോപ്പില്‍ പര്യടനം നടത്തവേ തന്റെ ബാല്യകാല സുഹൃത്തും ധനാഢ്യനുമായ റാഫേല്‍ എന്നൊരാളെ കണ്ട് സഹായം അഭ്യര്‍ഥിച്ചു. കൊല്ലത്ത് തുടങ്ങാന്‍ ആഗ്രഹിക്കുന്ന സെമിനാരിക്ക് വേണ്ട ധനസഹായം നല്‍കാന്‍ സമ്മതിച്ചു. പകരം സെമിനാരിക്ക് വി. റാഫേല്‍ എന്നപേരുനല്‍കാന്‍ അദ്ദേഹം അഭ്യര്‍ഥിച്ചു. അപ്രകാരമാണ് കൊല്ലത്തെ സെമിനാരിക്ക് ആ പേരുവന്നത്.
തിരുവനന്തപുരത്തെ പാങ്ങോട് ആശ്രമവും ദേവാലയവും
കൊല്ലം രൂപതയുടെ സഹായമെത്രാനായി നിയമിതനായിയെങ്കിലും ബി. ബെന്‍സിഗര്‍ അടിസ്ഥാനപരമായും ഒരു കര്‍മ്മലീത്ത സന്യാസി തന്നെയായിരുന്നു. വാക്കിലു പ്രവൃത്തിയിലും അങ്ങനെതന്നെയായിരുന്നു. കര്‍മ്മലിത്ത സന്യാസം ഭാരതീയര്‍ക്ക് അസാധ്യം എന്നൊരു ധാരണ അന്ന് പൊതുവേ നിനിന്നിരുന്നു. എന്നാല്‍ ഭാരതീയര്‍ക്കും പ്രവേശനം അനുവദിച്ചാലേ സഭയ്ക്ക് സജീവമാകാന്‍ കഴിയുവെന്ന ബോധ്യം ബി. ബന്‍സിഗറിന് ഉണ്ടായിരുന്നു. അതിനുവേണ്ടിയുള്ള അദ്ദേഹത്തിന്റെ ദാഹത്തിന്റെയും ദൃഡഃനിശ്ചയത്തിന്റെയും സാക്ഷാര്ക്കാരമായിരുന്നു പാങ്ങോട് പള്ളിയും കര്‍മ്മലിത്ത ആശ്രമവും. 1902-ല്‍ സ്ഥലം വാങ്ങി ശിലാസ്ഥാപനം നടത്തി. 1910 ല്‍ പള്ളിയുടെ ആശിര്‍വാദം നിര്‍വഹിച്ചതും ബി. ബന്‍സിഗറായിരുന്നു.
ബി. ബന്‍സിഗര്‍ – കൊല്ലം മെത്രാന്‍
ബിഷപ്പ് ഓസ്സിയുടെ നിര്യാണത്തോടെ കൊല്ലം രൂപതയുടെ മെത്രാനായി ബി. ബെന്‍സിഗര്‍ 1905 സെപ്റ്റംബര്‍ 14- ന് സ്ഥാനാരോഹണം ചെയ്തു.
ഇടയലേഖനങ്ങള്‍
അക്രൈസ്തവരായ ധാരാളം പേരുടെ മദ്ധ്യേ ജീവിക്കുന്നവരാണ് തന്റെ രൂപതാമക്കള്‍ എന്നതിനാല്‍ അവരുടെ വിശ്വാസം ശ്രദ്ധാപൂര്‍വം പരിപോഷിപ്പിക്കേണ്ടത് തന്റെ ഉത്തരവാദിത്തമായി അദ്ദേഹം കരുതി. അതിനായി അദ്ദേഹം കണ്ടെത്തിയ മാര്‍ഗമാണ് ഇടയലേഖനങ്ങളും സര്‍ക്കുലറുകളും. വിശ്വാസ ജീവിതത്തിനും സന്മാര്‍ഗിക ജീവിതത്തിനും ഭംഗം വരുത്തുവാന്‍ സാധ്യതയുള്ള രംഗങ്ങളും സാഹചര്യങ്ങളും മുന്‍കൂട്ടി കണ്ട് അവയ്ക്കെതിരെ ജാഗ്രത പാലിക്കുവാന്‍ തന്റെ ഇടയലേഖനങ്ങള്‍ വഴി അദ്ദേഹം ഉദ്ബോധിപ്പിച്ചിരുന്നു.
മതബോധനം
1905 ആഗസ്റ്റില്‍ ബി. ബന്‍സിഗര്‍ എഴുതിയ ഇടയലേഖനത്തില്‍ ഇടവകയില്‍ മതബോധന ക്ലാസുകള്‍ ആരംഭിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും അതിലേക്ക് ആവശ്യമെങ്കില്‍ പ്രബുദ്ധരായ അല്മായരെ അധ്യാപനത്തിനായി നിയോഗിക്കാനും നിര്‍ദ്ദേശിച്ചിരുന്നു. പലഘട്ടങ്ങളിലും മതബോധത്തിന്റെ പ്രാധാന്യം വിവരിക്കുന്ന ലേഖനങ്ങള്‍ എഴുതുകയും അനുദിനം ദിവ്യബലിയില്‍ പങ്കെടുക്കാനും ദിവ്യകാരുണ്യം സ്വീകരിക്കുവാനും ദൈവജനത്തെ പ്രേരിപ്പിക്കാന്‍ ഇടവകവികാരിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.
ആഡംംബരങ്ങളോട അകലം പാലിച്ചു പിതാവ്
1912-ലാണ് തിരുവനന്തപുരത്ത് ട്രാന്‍സ്പോര്‍ട്ട ബസ് ഓടിത്തുടങ്ങിയത്. അതിനുശേഷം മിക്കപ്പോഴും അതിലായിരുന്നു അദ്ദേഹത്തിന്റെ യാത്ര. അതിന് മുമ്പ് കാളവണ്ടിയായിരുന്നു ഔദ്യോഗിക വാഹനം. ദൂരയാത്രയ്ക്ക് തീവണ്ടിയിലെ മൂന്നാംക്ലാസ് യാത്രയും. സാധാരണ്യായി കര്‍മ്മെലിത്ത സന്യാസിമാരുടെ വേഷമാണ് പിതാവ് ധരിച്ചിരുന്നത്. അത്യാവശ്യ സന്ദര്‍ഭങ്ങളൊഴികെ മെത്രാന്റെ സ്ഥാനീയ വസ്ത്രങ്ങള്‍ അദ്ദേഹം ധരിച്ചിരുന്നില്ല. പിതാവിന്റെ ബന്ധുക്കള്‍ മൂന്നുതവണ കാര്‍ വാങ്ങാന്‍ അദ്ദേഹത്തിന് പണം അയച്ചുകൊടുത്തു മുന്നുതവണയും അത് ‘വകമാറ്റി’ രൂപതയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി പിതാവ് വിനിയോഗിച്ചു. തിരുവനന്തപുരത്ത് എത്തുമ്പോള്‍ പിതാവിന് സഞ്ചരിക്കാൻ രാജകീയരഥം നല്‍കാന്‍ ശ്രീമൂലം തിരുനാള്‍ മഹാരാജാവ് സന്നദ്ധനായിരുന്നു. എന്നാല്‍ ആകെ ഒരുതവണ മാത്രമാണ് പിതാവ് അത് ഉപയോഗിച്ചത്. പാപ്പായുടെ പ്രതിനിധിയായി രാജാവിനെ സന്ദര്‍ശിച്ച അവസരത്തിൽ മാത്രം.
ഇടവക സന്ദര്‍ശനങ്ങള്‍
പമ്പാനദിമുതല്‍ കന്യാകുമാരി വരെ വ്യാപിച്ചുകിടന്നിരുന്ന വിസ്ത്യമായ രൂപതയായിരുന്നിട്ടും, യാത്രകള്‍ മിക്കപ്പോഴും കാല്‍നടയായിട്ടോ കാളവണ്ടിയിലോ ആയിരുന്നു. രൂപതയിലെ എല്ലാ ദേവാലയങ്ങളിലും മുന്നുവര്‍ഷത്തിലൊരിക്കല്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തിയിരിക്കണം എന്നത് ബന്‍സിഗര്‍ പിതാവിന നിര്‍ബന്ധമായിരുന്നു. പിതാവിന്റെ ഇടവക സന്ദര്‍ശനം ഇടവക വികാരിമാര്‍ക്ക് പേടിസ്വപ്നം ആയിരുന്നതായി പറയപ്പെടന്നു. കാരണം മെത്രാന്‍ എല്ലാകാര്യങ്ങളും വ്യക്തിപരമായി പരിശോധിക്കും. അത് സക്രാരിയായാലും, ദിവ്യബലിപീഠമായാലും ദിവ്യബലിക്കുള്ള വസ്ത്രങ്ങളായാലും ജ്ഞാനസ്നാന രജിസ്റ്റാറായാലും കണക്കുപുസ്തകമായാലും എല്ലാം പരിശോധിക്കും. പോരായ്മകള്‍ കണ്ടാല്‍ ഏലിയായുടെ തീഷ്ണതയോടെയാകും പ്രതികരിക്കുക.
കോട്ടാര്‍ തിരുവനന്തപുരം രൂപതകളുടെ സ്ഥാപനം
1929 മെയ് 24 ന് ബന്‍സിഗര്‍ പിതാവ് പരി. സിംഹാസനത്തിന് സമര്‍പ്പിച്ച കത്തില്‍ നിലവിലെ കൊല്ലം രൂപത വിഭജിച്ച് തിരുവനന്തപുരം, കോട്ടാര്‍ രൂപതകള്‍ സ്ഥാപിക്കണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. അതിനുള്ള കാരണവും അതിലേക്ക് നിയോഗിക്കേണ്ട മ്രെതാന്മാരെക്കുറിച്ചും സൂചിപ്പിച്ചിരുന്നു. 1930 ല്‍ കോട്ടാര്‍ രൂപത സ്ഥാപിച്ചു. തിരുവനന്തപുരം രൂപത സ്ഥാപിക്കാന്‍ സമയമായില്ലെന്ന് സൂചിപ്പിച്ചുകൊണ്ടുള്ള തിരുസംഘത്തിന്റെ കത്ത് ലഭിക്കുകയും ചെയ്തു. തുടര്‍ന്ന് 1937 ജുലൈ 1 ന് തിരുവനന്തപുരം രൂപത സ്ഥാപിതമായത്.
മലങ്കര കത്തോലിക്കാസഭയുടെ സ്ഥാപനം
1653 ലെ കുനംകുരിശ് സതൃത്തിനുശേഷം കത്തോലിക്കാസഭയുമായുള്ള ബന്ധം വിച്ചേദിച്ചിരുന്ന മലങ്കരസഭയെ പുനരൈക്യപ്പെടുത്താന്‍ ബന്‍സിഗര്‍ പിതാവിന്റെ നേതൃത്വത്തില്‍ 1914 മുതല്‍ ശ്രമം നടത്തിയിരുന്നു. കാറ്റാനം, അഞ്ചല്‍, പുത്തന്‍പീടിക, പുനലൂര്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ നടന്നിരുന്ന പുനരൈക്യപ്രക്രിയ പൂര്‍ത്തിയായത് 1930 സെപ്റ്റംബര്‍ 20-ന് മാര്‍ ഇവാനിയോസ് പിതാവിന്റെ നേതൃത്വത്തില്‍ ബന്‍സിഗര്‍ പിതാവിന്റെ മുമ്പാകെ വിശ്വാസ പ്രഖ്യാപനം നടത്തിയതോടുകുടിയാണ്. 1933 മാര്‍ച്ച് 12 ന് മലങ്കര കത്തോലിക്ക സഭ എന്ന റീത്ത് തന്നെ സ്ഥാപിതമായി.
വി. കൊച്ചുത്രേസ്യായുടെ നാമത്തിലുള്ള ആദ്യ ദൈവാലയം
വി. കൊച്ചുത്രേസ്യായുടെ വലിയ ഭക്തനായിരുന്നു ബന്‍സിഗര്‍ പിതാവ്. മിഷന്‍ മധ്യസ്ഥയായി കൊച്ചുത്രേസ്യയെ തിരുസഭ വണങ്ങിത്തുടങ്ങിയതിന് മുമ്പുതന്നെ കൊല്ലം രൂപതയുടെ മധ്യസ്ഥയായി വി. കൊച്ചുത്രേസ്യയെ സ്വീകരിച്ചിരുന്നു. 1923 ല്‍ വി. കൊച്ചുത്രേസ്യയെ വാഴ്ത്തപ്പെട്ടു എന്നുപ്രഖ്യാപിച്ച് അധികം കഴിയുംമുന്‍പ് തിരുവനന്തപുരം ജില്ലയിലെ തുങ്ങാംപാറ എന്നസ്ഥലത്ത് നിര്‍മ്മിച്ച ദേവാലയത്തെ വി. കൊച്ചുത്രേസ്യായുടെ നാമത്തില്‍ ബന്‍സിഗര്‍ പിതാവ് പ്രതിഷ്ഠിച്ചു. 1925ലാണ് വി. കൊച്ചുത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചത്. അങ്ങനെ തുങ്ങാംപാറ പള്ളി (ഇപ്പോള്‍ നെയ്യാറ്റിന്‍കര രൂപത) വി. കൊച്ചുത്രേസ്യയുടെ നാമത്തില്‍ പ്രതിഷ്ഠിക്കപ്പെട്ട ആദ്യ
ദൈവാലയമായി.
മ്രെതാന്‍പദവിയില്‍ നിന്നുള്ള പടിയിറക്കം
ബന്‍സിഗര്‍ പിതാവിന്റെ നിരന്തരമായ സമ്മതത്തിനൊടുവിലായി 1831 ജൂലൈ 27 ന് കൊല്ലം രൂപത മ്രെതാന്‍ സ്ഥാനത്തുനിന്നുള്ള പിതാവിന്റെ രാജി പരി. സിംഹാസനം അംഗീകരിച്ചു. നീണ്ട 31 വര്‍ഷത്തെ മേല്‍പട്ടക്കാരന്‍ സ്ഥാനം ഒഴിഞ്ഞ അദ്ദേഹം
1931 ആഗസ്റ്റ് 11 ന് കൊല്ലത്തുനിന്നും തീവണ്ടികയറി തിരുവന്തപുരം പാങ്ങോട് ആശ്രമത്തില്‍ എത്തി. തുടര്‍ന്നുള്ള 11 വര്‍ഷക്കാലം അദ്ദേഹം അവിടെ നവസന്യാസിയെപ്പോലെ ജീവിച്ചു.
മരണം
1945 മാര്‍ച്ച് 25 ന് ദിവ്യബലിയര്‍പ്പിക്കാന്‍ എത്തിയ പിതാവ് അൾത്താരയില്‍ വീണു, തുടര്‍ന്ന് അദ്ദേഹം ഇരുന്നുകൊണ്ടാണ് ദിവ്യബലി അര്‍പ്പിച്ചിരുന്നത്. മാര്‍ച്ച് 30 ന് അദ്ദേഹത്തെ തിരുവനന്തപുരം ജനറല്‍ ആശുപ്രതിയില്‍ പ്രവേശിപ്പിച്ചു. ‘എന്റെ രാജ്യത്തിലെ ഏറ്റവും വലിയ വിശുദ്ധന്‍” എന്ന് ശ്രീമൂലം തിരുനാള്‍രാജാവ് വിശേഷിപ്പിച്ച അലോഷ്യസ് മരിയ ബന്‍സിഗര്‍ മ്രെതാപ്പൊലീത്ത 1942 ആഗസ്റ്റ് 17 ന് ഇഹലോകജീവിതം അവസാനിപ്പിച്ച് സ്വര്‍ഗത്തിലേക്ക് മടങ്ങി.
കാര്‍മ്മല്‍ഹില്‍ ആശ്രമ സെമിത്തേരിയില്‍ സംസ്കരിച്ചരുന്ന ഭാതികശരീരം 1983-ല്‍ പാങ്ങോട് പള്ളിയിലുള്ള അള്‍ത്താരയ്ക്ക് സമീപത്തേക്ക് മാറ്റിസ്ഥാപിച്ചു. 2018-ല്‍ ബിഷപ്പ് ബന്‍സിഗറിനെ ദൈവദാസന്‍ എന്ന് നാമകരണം ചെയ്തു. സ്വിറ്റ്സര്‍ലാന്‍ഡിലെ സമ്പന്നതയുടെ ശിതളഛായ ഉപേക്ഷിച്ച് ഭാരതീയരായ നമ്മെ ദൈവോന്മുഖരാകാനായി തന്റെ ജീവിതം തന്നെ ഉഴിഞ്ഞുവച്ച സന്യാസിവര്യന്‍, തിരുവനന്തപുരം രൂപതയുടെ അഭിമാനങ്ങളായ പാളയം സെന്റ് ജോസഫ് കത്തിഡ്രലിലെ മണിമാളിക, പാങ്ങോട് കര്‍മ്മലീത്താ ആശ്രമ ദേവാലയം, പാളയം സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ഹോളി എയ്ഞ്ചല്‍സ് സ്‌കൂള്‍, വെള്ളയമ്പലം മ്രെതാസന മന്ദിരം തുടങ്ങി അനേകം നിര്‍മ്മിതികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പിന്നിലെ ചാലകശക്തിയായ മനുഷ്യസ്നേഹിയും സന്യാസിവര്യനും.
ശ്രീ. അലോഷ്യസ് എൽ. എ.