വെള്ളയമ്പലം: കെ.സി.എസ്.എൽ വിദ്യാർഥികളുടെ ലീഡേഴ്സ് ക്യാമ്പ് ജൂലൈ 15, 16 തിയതികളിലായി വെള്ളയമ്പലം ആനിമേഷൻ സെന്ററിൽ നടന്നു. പ്രസിഡന്റ് ശ്രീമതി മേരി റാണിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ അതിരൂപത വിദ്യാഭ്യാസ ശുശ്രൂഷ ഡയറക്ടർ ഫാ. സജു റോൾഡൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
രണ്ടു ദിവസമായി നടന്ന ലീഡേഴ്സ് ക്യാമ്പിൽ പരസ്പരം അറിയുവാനും തങ്ങളുടെ കഴിവുകൾ തിരിച്ചറിയുവാനും ഉതകുന്ന വിവിധ പരിപാടികൾ ക്യാമ്പിൽ വിദ്യാർത്ഥികൾക്കായി ഒരുക്കി. ‘സ്കൂൾ ജിവിതം എപ്രകാരം ആസ്വാദ്യകരമാക്കാം’ എന്ന വിഷയത്തിൽ KCSL റീജന്റ് ബ്രദർ ഷിജോ ക്ലാസ് നയിച്ചു. ശ്രീ ബേബി പ്രഭാകരൻ നേതൃത്വ പരിശീലനവും ശ്രീ. തോമസ് വിൽസൻ നല്ല ആശയ വിനിമയം എങ്ങനെ സാധ്യമാക്കാം എന്ന വിഷയത്തെക്കുറിച്ചും ക്ലാസുകൾ നടത്തി.
രണ്ടാം ദിനം ഫാ. സജു റോൾഡന്റെ മുഖ്യകാർമികത്വത്തിൽ നടന്ന ദിവ്യബലിക്ക് ശേഷം അതിരൂപത സഹായ മെത്രാൻ അഭിവന്ദ്യ ക്രിസ്തുദാസ് പിതാവുമായി വിദ്യാർത്ഥികൾ സംവദിച്ചു. ശ്രീമതി ഫ്ലോറൻസ്, ശ്രീമതി മേരി റാണി എന്നിവർ ക്യാമ്പിലെ തുടർന്നുള്ള സെഷനുകൾക്ക് നേതൃത്വം നൽകി. ക്യാമ്പിന്റെ സമാപനത്തിൽ 2024-25 അധ്യായന വർഷത്തെ പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു. പൂന്തുറ സെന്റ്. തോമസ് HSS ലെ കുമാരി സൂസൻ എ – ചെയർപേഴ്സൻ, പുല്ലുവിള ലിയോ XIII HSS ലെ മാസ്റ്റർ ശ്രേയസ് – ജനറൽ സെക്രട്ടറി. കൂടാതെ ഫൊറോന പ്രതിനിധികളായി ഓരോ ഫൊറോനയിൽ നിന്നും പ്രതിനിധികളെ തിരഞ്ഞെടുത്തു.