മീഡിയ കമ്മീഷനും കോസ്റ്റൽ സ്റ്റുഡൻറ്സ് കൾച്ചറൽ ഫോറവും ചേർന്നൊരുക്കുന്ന മാധ്യമ പഠന ശില്പശാലയ്ക്ക് നാളെ തിരശീലയുയരും. 27,28,29 തിയതികളിലായി നടത്തപ്പെടുന്ന മാധ്യമ സഹവാസ ക്യാംപ് തിരുവനന്തപുരം, വെള്ളയമ്പലം ആനിമേഷൻ സെന്ററിൽ വച്ചായിരിക്കും നടക്കുന്നത്.
നിലവിൽ മാധ്യമ രംഗങ്ങളിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഏഷ്യാനെറ്റ് ന്യൂസ് വാർത്താവതാരകയായ ശ്രീമതി അളകനന്ദ, മുൻ ഏഷ്യാനെറ്റ് വെബ് ടീം ഹെഡ് എബി തരകൻ, മനോരമ ന്യൂസ് റിപ്പോർട്ടർ ശ്രീദേവി എസ്.പിള്ള, കേരള സർവകലാശാല ഡിപ്പാർട്ട്മെന്റ് ഓഫ് ജേർണലിസം മേധാവി സുരേഷ് ഷണ്മുഖൻ,മാധ്യമ പത്രപ്രവർത്തകയായ ജിഷ എലിസബത്ത്, മനോരമ ന്യൂസ് ക്യാമറാമാൻ ബിനു സെബാസ്റ്റ്യൻ, മാധ്യമപ്രവർത്തകനായ എൻ.പി.മുരളി കൃഷ്ണൻ, സ്വതന്ത്ര മാധ്യമപ്രവർത്തകയായ സിന്ധു നെപ്പോളിയൻ, ഏഷ്യാനെറ്റ് ന്യൂസ് ‘വല്ലാത്തൊരു കഥ’ ഫെയിം ബാബു രാമചന്ദ്രൻ, ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ ടി.വി. പ്രസാദ എന്നിങ്ങനെ പ്രശസ്തരുടെ നേതൃത്വത്തിലാണ് യുവജനങ്ങൾക്ക് പരിശീലനം നൽകുന്നത്.
‘മ’ എന്ന് പേര് നൽകിയിരിക്കുന്ന ഈ ക്യാംപിലൂടെ പ്രാദേശികവും അന്തർദേശീയവുമായ വിഷയങ്ങളിൽ മാധ്യമ സാക്ഷരത വളർത്തുക, പ്രിൻറ്-ടെലിവിഷൻ-ന്യൂമീഡിയ സങ്കേതങ്ങൾ ഉപയോഗപ്പെടുത്തി പൊതുജനങ്ങളുമായി സംവദിക്കാനുള്ള പരിശീലനം നൽകുക, ഫെയ്സ്ബുക്ക്, ട്വിറ്റർ പോലുള്ള ആധുനിക സമൂഹമാധ്യമങ്ങളുടെ പ്രയോഗം തിരിച്ചറിയുക എന്നിങ്ങനെ മികച്ച മാധ്യമ സംസ്ക്കാരം വളർത്താൻ സഹായകമായ ക്ലാസുകളും പരിശീലനവുമാണ് ലക്ഷ്യമിടുന്നത്.