അതിരൂപതാ സിനഡ് സമാപന കർമ്മം തിരുവനന്തപുരം വെള്ളയമ്പലം ടി. എസ്. എസ്.എസ്. ഹാളിൽ വച്ച് നടന്നു. ഫ്രാൻസിസ് പാപ്പയുടെ സിനഡ് പ്രഖ്യാപനം കൂട്ടായ്മയിലൂടെ കൂടി വരുവാനും പങ്കാളിത്തത്തിലൂടെ പങ്കുവയ്ക്കുവാനും പ്രേക്ഷിതത്തിലൂടെ സഞ്ചരിക്കുവാനുള്ള അവസരമായിട്ടാണ് സഭ നോക്കിക്കാണുന്നത്. സഭയുടെ ആത്മീയ വളർച്ചയ്ക്കും നിലവിലെ സഭാ സംവിധാനങ്ങളുടെ ഉന്നമനത്തിനുമായുള്ള മാർഗമാണ് സിനഡ് കൂട്ടായ്മ. കുടുംബ, ബിസിസി,യുവജന, ഇടവക,സന്യസ്ത, വൈദിക തലങ്ങളിൽ ആവശ്യമായ തിരുത്തലുകളുടെയും മാർഗ്ഗനിർദ്ദേശങ്ങളുടെയും സംയോജന അവലോകനം എന്ന തരത്തിലാണ് അതിരൂപത തലത്തിൽ സിനഡ് ആചരിച്ചത്.
രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രബോധനങ്ങൾ വീണ്ടും സ്വാംശീകരിക്കുന്നതിനായുള്ള പദ്ധതിയാണ് ഈ സിനഡ് പ്രക്രിയയെന്ന് അതിരൂപതാധ്യക്ഷൻ അഭിപ്രായപ്പെട്ടു. സിനഡ് കൂട്ടായ്മ ഇവിടെ സമാപനം കുറിക്കുകയല്ല, മറിച്ച് ഇതൊരു വിലയിരുത്തൽ മാത്രമാണെന്നും ഈ കൂട്ടായ്മ തുടർന്നും മുന്നോട്ട് നീങ്ങേണ്ട ഒന്നായി കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇരുപത്തിയേഴാം തീയതി വെള്ളിയാഴ്ച നടന്ന സിനഡ് കൂട്ടായ്മയിൽ അതിരൂപത അധ്യക്ഷൻ മോസ്റ്റ്. റവ. ഡോ. തോമസ് ജെ. നെറ്റോ, സഹായമെത്രാൻ റവ.ഡോ.ക്രിസ്തുദാസ് ആർ എന്നിവർക്കൊപ്പം അതിരൂപതയിലെ വൈദിക,സന്യസ്ത, അല്മായ പ്രതിനിധികൾ പങ്കെടുത്തു.